വി ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും വകുപ്പുകളിൽ വിജ്ഞാപനം ഇറങ്ങാത്തത് പ്രതിസന്ധിയാകുന്നു. മന്ത്രിമാർ പലരും സെക്രട്ടറിയേറ്റിലെ ഓഫീസിൽ ചുമതലയേറ്റിട്ടില്ല. വകുപ്പുകളിൽ തീരുമാനം മൂന്നാം നാളും വെല്ലുവിളിയാകുന്നു. വിദ്യാഭ്യാസ വകുപ്പിലും ഫിഷറീസ് വകുപ്പിലും ആണ് കടുത്ത ഭിന്നത നിലനിൽക്കുന്നത്. ഫിഷറീസ് വകുപ്പ് മുസ്ലിംലീഗിന് നൽകുന്നതിനോട് കടുത്ത വിയോജിപ്പിലാണ് ലത്തീൻ സഭ. എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മാറ്റുന്നതിൽ ലീഗിനുള്ളിൽ അസംതൃപ്തി ഉണ്ടെങ്കിലും പകരം ഫിഷറീസ് വകുപ്പ് നൽകിയാൽ മാത്രം ഒത്തുതീർപ്പ് എന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ ഫിഷറീസ് വകുപ്പ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യണമെന്ന് നേതാക്കളിൽ ഒരു വിഭാഗം ശക്തമായി വാദിക്കുകയാണ്. ലത്തീൻ സഭയോട് കീഴടങ്ങണമോ എന്നാണ് കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾ ചോദിക്കുന്നത്. ലീഗിന് തന്നെ ഫിഷറീസ് വകുപ്പ് വിട്ടു നൽകി വേഗത്തിൽ പ്രശ്നപരിഹാരം വേണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സഭയെ പിണക്കാൻ നേതൃത്വത്തിന് താല്പര്യമില്ല എന്നാണ് സൂചന.
ഇന്നലെ രാത്രി ഏറെ വൈകിയും ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്തിയില്ല. ഇന്ന് രാവിലെ ജി സുധാകരന്റെ പ്രോം ടേം സ്പീക്കറായുള്ള സത്യപ്രതിജ്ഞ ലോക് ഭവനിൽ നടക്കും. മന്ത്രിമാർ എല്ലാവരും സത്യപ്രതിജ്ഞ ചടങ്ങിൽ എത്തുകയാണ്.
ഇന്ന് രാവിലെ 10 മണിക്ക് മന്ത്രിസഭായോഗം ചേരും. വകുപ്പുകൾ പ്രഖ്യാപിക്കാതെയാണ് മന്ത്രിമാർ യോഗത്തിൽ എത്തുന്നത്. മുരളീധരനിൽ നിന്ന് ദേവസ്വം ബോർഡ് അടർത്തി മാറ്റി എ പി അനിൽകുമാറിന് നൽകാൻ കെ സി വിഭാഗം ശക്തമായി സമ്മർദ്ദം ചെലുത്തുകയാണ്.

