കിസാന്‍ ലോങ് മാര്‍ച്ചിന്റെ അണിയറ ശില്‍പ്പി; എഴുത്തുകാരനും പോളിറ്റ്ബ്യൂറോ അംഗവും; എം വി ഗോവിന്ദനെ മാറ്റി സെക്രട്ടറിയാക്കണമെന്ന് ആവശ്യം; കേരളാ സിപിഎമ്മിനെ രക്ഷിക്കാന്‍ ഡോ വിജുകൃഷ്ണന്‍ എത്തുമോ?

insight kerala

എം മാധവദാസ്

തിരുവനന്തപുരം: ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സിപിഎം എന്ന പാര്‍ട്ടി കടന്നുപോവുന്നത്. ഇന്ത്യയില്‍ ഇന്ന് ഒരു സംസ്ഥാനത്തും അവര്‍ അധികാരത്തിലില്ല. 33 വര്‍ഷം ഭരിച്ച ബംഗാളില്‍ പാര്‍ട്ടിക്ക് ആകെ ഉള്ളത് ഒരു എംഎല്‍എയാണ്. ത്രിപുരയിലും പാര്‍ട്ടി തകര്‍ന്നു കഴിഞ്ഞു. ഇപ്പോഴിതാ കേരളത്തിലും പാര്‍ട്ടിക്ക് അധികാരം നഷ്ടമായി കഴിഞ്ഞിരിക്കുന്നു. ബംഗാളിലും, ത്രിപുരയിലും ഇനി ഒരു തിരിച്ചുവരവ് ഇല്ലാത്ത വിധത്തിലാണ് സിപിഎം തകര്‍ന്നത്. എന്നാല്‍ കേരളത്തിലെ പാര്‍ട്ടിക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് നേതാക്കള്‍ പറയുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതിനായുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് നേതൃമാറ്റം എന്നത്. പിണറായി വിജയന്‍ എന്ന ഒറ്റവ്യക്തിയിലേക്ക കാര്യങ്ങള്‍ കൊണ്ടുപോയതിന്റെ ഫലമാണ് സിപിഎം ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതിന്റെ ഭാഗമായി മുതിര്‍ന്ന നേതാവും,പോളിറ്റ് ബ്യൂറോ അംഗവുമായ ഡോ വിജു കൃഷ്ണനെ കേരളത്തിലേക്ക് കൊണ്ടുവരണം എന്നാണ്, പാര്‍ട്ടി അണികളില്‍ ഒരു വിഭാഗം പറയുന്നത്. എംവി ഗോവിന്ദനെ മാറ്റി വിജു കൃഷ്ണനെ പാര്‍ട്ടി സെക്രട്ടറിയാക്കണമെന്ന വികാരം ശക്തമാവുന്നത്. ഇപ്പോള്‍ പോളിറ്റ് ബ്യൂറോയില്‍ തിരുത്തല്‍ ശക്തിയായി ഉയര്‍ന്നുവന്നതും വിജു കൃഷ്ണന്‍ എന്ന ജനകീയ നേതാവാണ്.

ഡല്‍ഹിയില്‍ നടന്ന ഓണ്‍ലൈന്‍ പിബി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പോലും മൗനം പാലിച്ചപ്പോള്‍, കേരളത്തിലെ തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം പിണറായി വിജയനാണെന്നും അദ്ദേഹം പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് മാറിനില്‍ക്കണമെന്നും തുറന്നടിച്ച വിജു കൃഷ്ണന്റെ നിലപാടിന് പാര്‍ട്ടി ഗ്രാമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആലപ്പുഴ, കണ്ണൂര്‍ ജില്ലാ കമ്മിറ്റികളില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ഉയര്‍ന്ന അസാധാരണമായ വിമര്‍ശനശരങ്ങള്‍ ഇതേ വികാരത്തിന്റെ പ്രതിഫലനമാണ്.

ആരാണ് വിജുകൃഷ്ണന്‍?

നിലവില്‍ സിപിഎം പോളിറ്റിബ്യൂറോ അംഗമാണ് വിജു കൃഷ്ണന്‍. അഖിലേന്ത്യാ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയുമാണ്. ഇന്ത്യയിലെ സമകാലിക കര്‍ഷക പ്രസ്ഥാനങ്ങളുടെയും കര്‍ഷക സമരങ്ങളുടെയും പ്രധാന ആസൂത്രകരിലും സംഘാടകരിലും ഒരാളായി അദ്ദേഹം വിലയിരുത്തപ്പെടുന്നു. കര്‍ഷക സമരങ്ങളുടെ ചരിത്രഭൂമിയായ കണ്ണൂരിലെ കരിവെള്ളൂര്‍ സ്വദേശിയാണ്. കരിവെള്ളൂരിലെ ആദ്യകാല കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതാവായിരുന്ന സി. എ. കുഞ്ഞിരാമന്‍ ചെറുവത്തൂരിന്റെ ചെറുമകനാണ്.

ബെംഗളൂരുവിലും പ്രശസ്തമായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലുമായിരുന്നു വിജൂ കൃഷ്ണന്റെ പഠനം. ജെ.എന്‍.യുവില്‍ നിന്ന് പൊളിറ്റിക്കല്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എം.എയും സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ എം.ഫിലും നേടി. തുടര്‍ന്ന് കാര്‍ഷിക സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. പഠനത്തിനു ശേഷം ബെംഗളൂരുവിലെ സെന്റ് ജോസഫ്‌സ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് പി.ജി വിഭാഗം മേധാവിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് അധ്യാപക ജോലി ഉപേക്ഷിച്ചാണ് മുഴുവന്‍ സമയ കര്‍ഷക-രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്.

ജെ.എന്‍.യുവില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ കേന്ദ്ര ഭാരവാഹിയായും ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയിലെത്തുകയും, 2022 മുതല്‍ 2025 വരെ പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റില്‍ അംഗമാവുകയും ചെയ്തു. 2025 ഏപ്രിലില്‍ നടന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹം സി.പി.എം പൊളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 10-ഓളം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ വിജൂ കൃഷ്ണന് സാധിക്കും. കര്‍ഷക സമരങ്ങളിലെ പങ്കും സംഭാവനകളുംഇന്ത്യന്‍ കാര്‍ഷിക മേഖലയെയും കര്‍ഷക പ്രസ്ഥാനങ്ങളെയും ആഴത്തില്‍ പഠിച്ച വിജൂ കൃഷ്ണന്‍, സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭങ്ങളുടെ മുന്‍നിര പോരാളിയാണ്. 2018 മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് 50,000-ത്തോളം കര്‍ഷകര്‍ കാല്‍നടയായി നടത്തിയ ‘കിസാന്‍ ലോങ് മാര്‍ച്ച്’ വന്‍ വിജയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് അന്ന് കിസാന്‍ സഭ ജോയിന്റ് സെക്രട്ടറിയായിരുന്ന വിജൂ കൃഷ്ണനാണ്. കര്‍ഷക കടം എഴുതിത്തള്ളുക, വനാവകാശ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ ഈ സമരം ദേശീയ ശ്രദ്ധ നേടി.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു അദ്ദേഹം. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ അഖിലേന്ത്യാ കിസാന്‍ സഭയെ പ്രതിനിധീകരിച്ച് വിജു കൃഷ്ണന്‍ നയരൂപീകരണത്തിലും സമരഭൂമിയിലെ ഏകോപനത്തിലും നിര്‍ണായക പങ്ക് വഹിച്ചുാജ്യത്തുടനീളമുള്ള ആദിവാസികളുടെയും ദരിദ്ര കര്‍ഷകരുടെയും ഭൂമി അവകാശങ്ങള്‍ക്കായി പോരാടുന്ന ‘ഭൂമി അധികാര്‍ ആന്ദോളന്‍’ എന്ന കൂട്ടായ്മയുടെ പ്രധാന സംഘാടകനാണ് വിജൂ കൃഷ്ണന്‍. കോര്‍പ്പറേറ്റുകള്‍ക്കായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

രാജസ്ഥാന്‍, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കും, ഡല്‍ഹിയില്‍ നടന്ന ‘മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി’ക്കും അദ്ദേഹം നേതൃത്വം നല്‍കി. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം കര്‍ഷകര്‍ക്ക് വിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്ന ആവശ്യത്തിനായി നിരന്തരം പോരാടുന്നു. കൂടാതെ കര്‍ഷക ആത്മഹത്യകള്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള കര്‍ഷക സംരക്ഷണം, ആഗോളവല്‍ക്കരണ നയങ്ങള്‍ കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന തകര്‍ച്ച എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാടുകളുമായി അദ്ദേഹം മുന്നിലുണ്ട്. കാര്‍ഷിക പ്രതിസന്ധികളെക്കുറിച്ച് ഗൗരവമേറിയ പഠനങ്ങളും ലേഖനങ്ങളും തയ്യാറാക്കുന്ന മികച്ചൊരു എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം.
സിപിഎം സര്‍ക്കിളുകില്‍ ചര്‍ച്ചയാവും.

Share This Article