തിരുവനന്തപുരം : കോൺഗ്രസ് ചരിത്രവിജയം നേടിയതോടെ മന്ത്രിമാരുടെ തിരഞ്ഞെടുപ്പ് ഏറെ പ്രയാസകരമാകും. മുഖ്യമന്ത്രി ആരാകുമെന്നത് മറ്റ് മന്ത്രിമാരുടെ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്ന ഘടകമാണ്. സാമുദായിക സന്തുലനവും വനിത, പിന്നാക്ക വിഭാഗ, ജില്ലാ പ്രാതിനിധ്യമൊക്കെ ഉറപ്പാക്കിവേണം മന്ത്രിമാരെ തിരഞ്ഞെടുക്കാൻ.
കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഭാവികമായും മന്ത്രിസഭയിലെത്തും. കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കപ്പെടും. ഷാനിമോൾ ഉസ്മാനോ, ബിന്ദു കൃഷ്ണയോ വനിതാ പ്രാതിനിധ്യമായി കടന്നുവരാം. എ.പി. അനിൽകുമാർ, എം. ലിജു, വി.ടി. ബൽറാം, ടി. സിദ്ദിഖ്, ചാണ്ടി ഉമ്മൻ, എൻ. ശക്തൻ, മാത്യു കുഴൽനാടൻ, ടി.ജെ. വിനോദ്, എം. വിൻസെന്റ്, കെ. ജയന്ത് എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെമുമ്പാകെ എത്തും. ഇവരിൽനിന്നാകും സ്പീക്കറെയും കണ്ടെത്തുക.
മുസ്ലിം ലീഗിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്കുപുറമേ പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, കെ.എം. ഷാജി എന്നിവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്ക് ഉയരും.
കേരള കോൺഗ്രസിൽനിന്ന് മോൻസ് ജോസഫ് മന്ത്രിയാകാനാണ് കൂടുതൽ സാധ്യത. ചീഫ് വിപ്പ് സ്ഥാനം ലഭിച്ചാൽ തോമസ് ഉണ്ണിയാടൻ ആ സ്ഥാനത്ത് വന്നേക്കും. ആർ.എസ്.പി.യിൽനിന്ന് ഷിബു ബേബി ജോണും കേരള കോൺഗ്രസ് ജേക്കബിൽനിന്ന് അനൂപ് ജേക്കബും സി.എം.പി.യിൽനിന്ന് സി.പി. ജോണും മന്ത്രിമാരാകും.

