അവസാനം വി ഡി സതീശന് ‘വനവാസമോ?’ ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ കെ സി വേണുഗോപാലിന്; 63 അംഗങ്ങളുള്ളതില്‍ 40ഓളം പേര്‍ കെ സി പക്ഷത്ത്; മുഖ്യമന്ത്രിയെ ചൊല്ലി കോണ്‍ഗ്രസില്‍ തിരയിളക്കങ്ങള്‍

insight kerala

എം മാധവദാസ്

തിരുവനന്തപുരം: യുഡിഎഫ് മിന്നുന്ന വിജയം നേടിയ നിയസഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുടെ തര്‍ക്കം സങ്കീര്‍ണ്ണമാവുന്നു. പാര്‍ട്ടിയെ മുന്നില്‍നിന്ന് നയിച്ചത്, പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെങ്കിലും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംഎല്‍എമാരില്‍ കൂടുതല്‍ പേരുടെ പിന്തുണ, എ ഐസിസി സെക്രട്ടറി കെ സി വേണുഗോപാലിനാണെന്നാണ് അറിയുന്നത.് ആകെയുള്ള 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 40പേരും കെ സി അനുകൂലികള്‍ ആണെന്നാണ് അദ്ദേഹത്തിന് ഒപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍ മുസ്‌ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ വി ഡി സതീശനുവേണ്ടിയാണ് ഉറച്ച് വാദിക്കുന്നത്.

അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കും. പക്ഷേ അവിടെയും രാഹുല്‍ ഗാന്ധിയുടെ ഒക്കെ അടുത്ത് കെ സി വേണുഗോപാലിനാണ് കൂടുതല്‍ സ്വാധീനമുള്ളത്. അതുകൊണ്ടുതന്നെ മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോവും എന്നതാണ് കോണ്‍ഗ്രസിലെ അവസ്ഥയെന്നാണ് വിമര്‍ശനം. നേരത്തെ വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നീ മുന്നുപേരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെന്നിത്തല ചിത്രത്തിലില്ലാത്ത അവസ്ഥയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പൊതുവികാരം സതീശന് ഒപ്പം

പക്ഷേ പൊതുവികാരം സതീശന് ഒപ്പമാണ്. കഴിഞ്ഞ 5 വര്‍ഷമായി പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതും, തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വലിയ വിജയത്തിലേക്ക് നയിച്ചതും വി.ഡി. സതീശന് അനുകൂലമായ ഘടകങ്ങളാണ്. യുഡിഎഫിന് നൂറ് സീറ്റുകിട്ടിയില്ലെങ്കില്‍ വനവാസത്തിന് പോവുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരു നേതാവിനെ മാറ്റിനിര്‍ത്തുന്നത് ഈ വിജയത്തിന്റെ മാറ്റ് കുറക്കും.

ഹൈക്കമാന്‍ഡുമായുള്ള പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുമായുള്ള അടുത്ത ബന്ധമാണ് വേണുഗോപാലിന്റെ കരുത്ത്. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ അദ്ദേഹം താല്പര്യം കാണിക്കുന്നുണ്ടെന്നും, ഗ്രൂപ്പ് സമവാക്യങ്ങള്‍ അനുകൂലമായാല്‍ ഹൈക്കമാന്‍ഡ് അദ്ദേഹത്തെ നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്നും കേള്‍ക്കുന്നുണ്ട്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും ആരെ പിന്തുണയ്ക്കുന്നു എന്നത് നിര്‍ണ്ണായകമാകും. ഇവിടെയാണ് കെ സിയുടെ വിജയവും. കോണ്‍ഗ്രസ് നേതാക്കളുമായി വി ഡി സതീശനേക്കാള്‍ നല്ല ബന്ധമാണ് കെ സി വേണുഗോപാലിന്. അതുകൊണ്ടുതന്നെ 40 എംഎല്‍എമാരുടെ പിന്തുണ അദ്ദേഹത്തിന് ഉണ്ട് എന്നത് ഒരു വ്യാജവാര്‍ത്തയൊന്നുമല്ല.

മികച്ച വിജയം നേടിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലായിട്ടുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ അഭിപ്രായം ആരായുന്നതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിക്കുന്ന നിരീക്ഷകര്‍ ഉടന്‍ തന്നെ തിരുവനന്തപുരത്ത് എത്തും.എല്ലാ എംഎല്‍എമാരുമായും വ്യക്തിപരമായി സംസാരിച്ച ശേഷം ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ പതിവ് രീതിയാണെങ്കിലും ഇത്തവണ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്നുണ്ട്. യുഡിഎഫിലെ ഏറ്റവും പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് വളരെ നിര്‍ണ്ണായകമാണ്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കുന്നതിനോട് അനുകൂലമായ നിലപാടാണ് നേരത്തെ സൂചിപ്പിച്ചത്. ജനവികാരം സതീശന് അനുകൂലമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. എന്നാല്‍, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്നും ലീഗ് നേതൃത്വം പിന്നീട് വ്യക്തമാക്കുകയുണ്ടായി. തര്‍ക്കങ്ങള്‍ക്കിടയിലേക്ക് പരസ്യമായി ഇടപെടുന്നത് ഒഴിവാക്കാനാണ് ലീഗ് ഇപ്പോള്‍ ശ്രമിക്കുന്നത്.

Share This Article