എം മാധവദാസ്
യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്, ആഫ്രിക്കയില്‍നിന്നുള്ള വന്‍ തോതിലുള്ള കുടിയേറ്റം. ഇതുമൂലം പ്രാദേശിക വികാരങ്ങളം, അകമങ്ങളും മോഷണങ്ങളും, തീവ്രവാദ പ്രശ്‌നങ്ങളും അടക്കം നിരന്തരം ഉണ്ടാവുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ കുടിയേറ്റത്തിനെതിരെ കര്‍ശന നിലപാട് എടുക്കയാണ്. യു കെയും, ജര്‍മ്മനിയും, ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങള്‍ കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. അതിനിടയിയാണ് ഒരു യൂറോപ്യന്‍ രാജ്യം എല്ലാവരെയും ഞെട്ടിക്കുന്നത്. അതാണ് സ്‌പെയിന്‍. 5 ലക്ഷം കുടിയേറ്റക്കാര്‍ക്ക് നിയമപരമായ പദവി നല്‍കാനുള്ള സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ തീരുമാനം രാജ്യത്തെ മാത്രമല്ല, ലോകത്തെയും ഞെട്ടിക്കയാണ്.
ഈ തീരുമാനം രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നുവെന്നാണ് വലതു കക്ഷികള്‍ ആരോപിക്കുന്നത്. അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാര്‍ക്ക് നിയമപരമായ താമസാനുമതി നല്‍കാന്‍ തീരുമാനിച്ചതോടെ, രേഖകള്‍ക്കായി നെട്ടോട്ടമോടുന്ന വിദേശികളുടെ തിരക്ക് നിയന്ത്രിക്കാനാവാതെ പോലീസ് വലയുകയാണ്.
എംബസികള്‍ അതിക്രമിച്ച് കയറുന്നു
മാഡ്രിഡിലെ ഗാംബിയന്‍ എംബസിക്ക് മുകളില്‍ കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറിയത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ്. പത്തടി ഉയരമുള്ള മുള്‍വേലികള്‍ വകഞ്ഞുമാറ്റി ഗാംബിയന്‍ എംബസിയുടെ മതില്‍ ചാടിക്കടന്ന കുടിയേറ്റക്കാരുടെ ദൃശ്യങ്ങള്‍ സ്‌പെയിനില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്. അറ്റ്‌ലാന്റിക് കടല്‍ കടന്നെത്തിയ തങ്ങള്‍ക്ക് ഈ മതില്‍ ഒരു തടസ്സമേയല്ലെന്നാണ് എംബസി വളപ്പില്‍ നിലയുറപ്പിച്ച ആഫ്രിക്കന്‍ യുവാക്കള്‍ പറയുന്നത്. മതിലില്‍ നിന്ന് വീണ് പരിക്കേറ്റിട്ടും രേഖകള്‍ ലഭിക്കാതെ മടങ്ങില്ലെന്ന വാശിയിലായിരുന്നു അവര്‍. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ നഗരങ്ങളില്‍ തടിച്ചുകൂടുന്നത് സാധാരണക്കാരുടെ ജീവിതത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

സ്‌പെയിനിലെ ഉദ്യോഗസ്ഥ സംവിധാനത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ തിരക്കെന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസും കുടിയേറ്റക്കാരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏപ്രില്‍ 17 മുതല്‍ ജൂണ്‍ 30 വരെയാണ് ഈ പ്രത്യേക പൊതുമാപ്പ് കാലാവധി. അഞ്ചുമാസമെങ്കിലും സ്‌പെയിനില്‍ താമസിച്ചവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവര്‍ക്കും ഒരു വര്‍ഷത്തെ താമസാനുമതി നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്താതെ പ്രധാനമന്ത്രി നേരിട്ട് പുറപ്പെടുവിച്ച ഈ ഉത്തരവ് ‘നിയമവിരുദ്ധതയ്ക്കുള്ള സമ്മാന’മാണെന്ന് പ്രതിപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടി ആരോപിക്കുന്നു. കുടിയേറ്റക്കാരുടെ അപേക്ഷകള്‍ സ്വീകരിക്കുന്ന സിവില്‍ ഓഫീസുകളില്‍ തിരക്ക് അഞ്ചിരട്ടിയായി വര്‍ധിച്ചതോടെ ജീവനക്കാരും പ്രതിഷേധത്തിലാണ്.
ദിവസം 1500 അപേക്ഷകള്‍ കൈകാര്യം ചെയ്തിരുന്ന ഓഫീസുകളില്‍ ഇപ്പോള്‍ 5500-ലേറെ അപേക്ഷകളാണ് എത്തുന്നത്. മതിയായ തയ്യാറെടുപ്പുകളില്ലാതെ നടപ്പിലാക്കിയ ഈ പദ്ധതി രാജ്യത്തെ ഭരണസംവിധാനത്തെ തകര്‍ക്കുമെന്നും ഉദ്യോഗസ്ഥ സംഘടനകള്‍ പരാതിപ്പെടുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങള്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ സ്‌പെയിന്‍ മാത്രം വാതില്‍ തുറന്നിടുന്നത് വിരോധാഭാസമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 2024-ല്‍ മാത്രം 63,000-ത്തോളം അനധികൃത കുടിയേറ്റക്കാരാണ് സ്‌പെയിനിലെത്തിയത്. നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വിദേശികളാണ്.
അഞ്ച് ലക്ഷം പേര്‍ക്കാണ് പൊതുമാപ്പ് ലഭിക്കുകയെങ്കിലും ഏകദേശം 13 ലക്ഷത്തിലധികം കുടിയേറ്റക്കാര്‍ അപേക്ഷയുമായി എത്തുമെന്നാണ് പോലീസിന്റെ നിഗമനം. ഈ വന്‍ തിരക്ക് കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്കാവില്ലെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. അപേക്ഷകരില്‍ പലരും വ്യാജ രേഖകള്‍ ചമയ്ക്കാനും സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.
ഉദാരമായ സമീപനം പുലര്‍ത്തിയിരുന്ന സ്‌പെയിന്‍ ജനത പോലും ഇപ്പോള്‍ കുടിയേറ്റം പരിധി വിടുന്നു എന്ന ആശങ്കയിലാണ്. ഫ്രാന്‍സും ഇറ്റലിയും ഗ്രീസും കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോഴാണ് പെഡ്രോ സാഞ്ചസ് ‘മാനവികത’യുടെ പേരില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയ തന്ത്രമാണിതെന്ന് ആരോപണമുണ്ട്.
നികുതി ഗുണം ചെയ്യുമെന്ന് വാദം
കുടിയേറ്റക്കാര്‍ നിയമവിധേയമാകുന്നതോടെ അവര്‍ നികുതി നല്‍കുമെന്നും അത് സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകുമെന്നുമാണ് സര്‍ക്കാരിന്റെ വാദം. അനധികൃതമായി ജോലി ചെയ്യുന്നവര്‍ ഔദ്യോഗിക തൊഴില്‍ മേഖലയിലേക്ക് വരുന്നതോടെ നികുതിയും സോഷ്യല്‍ സെക്യൂരിറ്റി വിഹിതവും അടയ്ക്കാന്‍ നിര്‍ബന്ധിതരാകും. ഇത് രാജ്യത്തിന്റെ പൊതുഖജനാവിലേക്ക് വലിയൊരു തുക എത്തിക്കും. സ്‌പെയിനിലെ കാര്‍ഷക മേഖല, പരിചരണ സേവനങ്ങള്‍ , നിര്‍മ്മാണ മേഖല എന്നിവയിലെ കടുത്ത തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. രേഖകളില്ലാത്ത തൊഴിലാളികള്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നത് അവസാനിപ്പിക്കാനും ചൂഷണം തടയാനും ഇത് സഹായിക്കും. കുടിയേറ്റക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും ആരോഗ്യ പരിരക്ഷാ സേവനങ്ങളും വിദ്യാഭ്യാസവും ഭയമില്ലാതെ ഉപയോഗിക്കാനും സാധിക്കും.ഈ പദ്ധതിയനുസരിച്ച് കുടിയേറ്റക്കാരുടെ കുട്ടികള്‍ക്കും അപേക്ഷിക്കാന്‍ സാധിക്കും.
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ‘വോക്‌സ്’, പ്രതിപക്ഷ പാര്‍ട്ടിയായ ‘പി.പി’ എന്നിവര്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ഇത് കൂടുതല്‍ അനധികൃത കുടിയേറ്റത്തിന് പ്രോത്സാഹനമാകുമെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നുമാണ് ഇവരുടെ വാദം. പാര്‍ലമെന്റ് വോട്ടിംഗ് ഇല്ലാതെയാണ് സര്‍ക്കാര്‍ ഈ പദ്ധതിയെന്ന് നടപ്പിലാക്കിയത്. ഇത് പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
സ്‌പെയിനിലേക്ക് കുടിയേറുന്ന ആഫ്രിക്കന്‍ വംശജരില്‍ ബഹുഭൂരിപക്ഷവും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണ്. ആഫ്രിക്കന്‍ കുടിയേറ്റക്കാരില്‍ ഏതാണ്ട് 72% പേരും മൊറോക്കോയില്‍ നിന്നുള്ളവരാണ്. 2024-ലെ കണക്കനുസരിച്ച് ഏകദേശം 11 ലക്ഷത്തോളം മൊറോക്കോ സ്വദേശികള്‍ സ്‌പെയിനില്‍ താമസിക്കുന്നുണ്ട്. അള്‍ജീരിയയില്‍നിന്നും തൊഴിലന്വേഷിച്ചും ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാനുമായി പശ്ചിമ ആഫ്രിക്കയില്‍ നിന്ന് നിരവധി ആളുകള്‍ സ്‌പെയിനിലെ കാനറി ദ്വീപുകള്‍ ലക്ഷ്യമാക്കി കടല്‍മാര്‍ഗ്ഗം യാത്ര ചെയ്യുന്നുണ്ട്:സെനഗല്‍, മൗറിറ്റാനിയ, മാലി, ഗാംബിയ, ഗിനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇങ്ങോട്ട് കുടിയേറ്റം ശക്തമാണ്.
മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കുമ്പോള്‍ സ്‌പെയിന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് യൂറോപ്പിലെ കുടിയേറ്റ ചര്‍ച്ചകളില്‍ സ്‌പെയിനെ വേറിട്ടു നിര്‍ത്തുന്നു. ന്നാല്‍ സ്‌പെയിനില്‍ നിയമപരമായ അനുമതി ലഭിക്കുന്നവര്‍ വൈകാതെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുമെന്ന ആശങ്ക യൂറോപ്യന്‍ യൂണിയന്‍ പങ്കുവെക്കുന്നുണ്ട്. ഇക്കാര്യം അനുവദിക്കില്ലെന്നും, നിയമവിരുദ്ധമായി എത്തുന്നവരെ സ്വന്തം രാജ്യങ്ങളിലേക്ക് തന്നെ തിരിച്ചയക്കുമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

