മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് കെഎസ്ഇബി പിന്മാറുന്നു

insight kerala

പത്തനംതിട്ട മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് കെഎസ്ഇബി താത്കാലികമായി പിന്മാറുന്നു. ഉപസമിതി റിപ്പോർട്ട് വരും മുൻപ് നടപടി പാടില്ലെന്ന വ്യവസായ വകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്ന് ചീഫ് സെക്രട്ടറിയാണ് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. ഇതോടെ കാർബൊറാണ്ടം കമ്പനിയുമായുള്ള ഏറ്റെടുക്കൽ തർക്കത്തിൽ സർക്കാർ പിന്നോട്ട് പോയി.
പത്തനംതിട്ട ജില്ലയിലെ മണിയാർ ജലവൈദ്യുത പദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിലാണ് സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്. പദ്ധതിയുടെ കരാർ കാലാവധി കഴിഞ്ഞതോടെ അത് തിരികെ ഏറ്റെടുക്കാൻ കെഎസ്ഇബി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
ഉത്തരവ് നടപ്പാക്കാൻ സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനി അധികൃതർ തടയുന്ന സ്ഥിതിയും ഉണ്ടായി. ഉത്തരവ് അനുസരിച്ച് കടുത്ത നടപടികളിലേക്ക് കടക്കാൻ
കെഎസ്ഇബി ഒരുങ്ങുന്നതിനിടെയാണ് വ്യവസായ വകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്.
മന്ത്രിസഭാ യോഗത്തിൽ കെഎസ്ഇബിയുടെ നടപടിയെ വ്യവസായ മന്ത്രി പി. രാജീവ് രൂക്ഷമായി വിമർശിച്ചു. പദ്ധതി ഏറ്റെടുക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉപസമിതി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് എടുത്തുചാടി നടപടി സ്വീകരിച്ചത് ശരിയായില്ലെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്.
മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിന് പിന്നാലെ, ഏറ്റെടുക്കൽ നടപടികൾ അടിയന്തരമായി നിർത്തിവെക്കാൻ ചീഫ് സെക്രട്ടറി കെഎസ്ഇബി എംഡിക്ക് കർശന നിർദേശം നൽകി. ഇത് സംബന്ധിച്ച ഉത്തരവ് പത്തനംതിട്ട കളക്ടർക്ക് ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി കാർബൊറാണ്ടം കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് സർക്കാർ ഈ പിന്മാറ്റം നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
നിയമപരമായ വശങ്ങളും സമിതി റിപ്പോർട്ടും പരിഗണിച്ച ശേഷം മാത്രമേ മണിയാർ പദ്ധതിയുടെ കാര്യത്തിൽ ഇനി സർക്കാർ തുടർനടപടികൾ സ്വീകരിക്കൂ. താൽക്കാലികമായി പദ്ധതി കാർബൊറാണ്ടം കമ്പനിയുടെ കൈവശം തന്നെ തുടരും.

Share This Article