special report
എം റിജു
തൃശൂര്‍: ഒരു വെടിക്കട്ടപകടത്തിന്റെ കൂടി ഭീതിയിലാണ് കേരളം. തൃശൂര്‍ പൂരത്തിന് വര്‍ണ്ണ-ദൃശ്യ വിസ്മയം തീര്‍ക്കാന്‍ ഒരുക്കിയ, കമ്പപ്പൂരക്ക് തീപിടിച്ച് തൃശൂര്‍ മുണ്ടത്തിക്കോട്ട് 13ഓളം പേര്‍ മരിച്ചത് കേരളത്തെ നടുക്കിയിരിക്കയാണ്. എത്രയോ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കേരളത്തില്‍ ആവര്‍ത്തിച്ചിരുന്നതാണ് വെടിക്കെട്ട് അപകടങ്ങള്‍. പുറ്റിങ്ങലിലും, തലശ്ശേരിയിലും, നെന്‍മാറിയിലുമൊക്കെയായി, കമ്പപ്പൂരക്ക് തീപിടിച്ചും, വെടിക്കെട്ട് സ്ഥാനം തെറ്റിയൂമൊക്കെ എത്രയോ ആളുകള്‍ മരിച്ചു കഴിഞ്ഞു. എന്നിട്ടും വെടിക്കെട്ടപകടത്തിന്റെ ബദല്‍ സാധ്യതയെക്കുറിച്ച് കേരളം മാറി ചിന്തിക്കുന്നില്ല.
വെടിക്കെട്ട് അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡിജിറ്റല്‍/ലേസര്‍ വെടിക്കെട്ട്, ഡ്രോണ്‍ ഡിസ്‌പ്ലേകള്‍ തുടങ്ങിയ ആധുനിക ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറഞ്ഞിരുന്നു. പുറ്റിങ്ങല്‍ ദൂരന്തത്തിന്റെ സമയത്ത് ഇതുപോലെ ഒരു ചര്‍ച്ച വന്നെങ്കിലും അത് എവിടെയും എത്തിയില്ല. ഇവ സുരക്ഷിതമാണെന്നു മാത്രമല്ല, മലിനീകരണമില്ലാത്തതും റീസൈക്കിള്‍ ചെയ്ത ഉപയോഗിക്കാ സാധിക്കുന്നതുമാണ്.
ഇനിയാവാം ലേസര്‍ വെടിക്കെട്ട്
സാധാരണ വെടിക്കെട്ടിന് സമാനമായ ദൃശ്യാനുഭവം ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് ആകാശത്ത് സൃഷ്ടിക്കുന്നതാണ് ലേസര്‍ വെടിക്കെട്ട്. വെടിമരുന്നിന്റെ ഉപയോഗമില്ലാത്തതിനാല്‍ സ്‌ഫോടനങ്ങള്‍ക്കോ തീപിടുത്തങ്ങള്‍ക്കോ സാധ്യതയില്ല. കൂടാതെ വലിയ വെടിക്കെട്ടുകളെ അപേക്ഷിച്ച് ഇതിന്റെ ചിലവ് പകുതി മാത്രമാണ്. ദുബായിലെ ബുര്‍ജ് ഖലീഫ പോലുള്ള ഇടങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് ഇത്തരം ലേസര്‍ വെടിക്കെട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലും ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായും ഇപ്പോള്‍ അരേങ്ങേറുന്നത് ലേസര്‍ വെടിക്കെട്ടാണ്. പണ്ട് ഇവിടെയും കരിമരുന്ന് പ്രയോഗമായിരുന്നു.
ഡ്രോണ്‍ ലൈറ്റ് ഷോകളാണ് അടുത്തത്. എല്‍.ഇ.ഡി ലൈറ്റുകള്‍ ഘടിപ്പിച്ച നൂറുകണക്കിന് ഡ്രോണുകള്‍ ആകാശത്ത് വിവിധ രൂപങ്ങളും അനിമേഷനുകളും സൃഷ്ടിക്കുന്നു. ഇത്, ശബ്ദമലിനീകരണമോ വായുമലിനീകരണമോ ഉണ്ടാക്കുന്നില്ല. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇത് ഭീഷണിയല്ല. പ്രോഗ്രാം ചെയ്ത ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനാല്‍ അപകടസാധ്യതകള്‍ കുറവാണ്. പ്രൊജക്ടര്‍ ഷോകളാണ് മറ്റൊരു സുരക്ഷിത മാര്‍ഗം. വീടിന് പുറത്തെ ചുവരുകളിലോ സ്‌ക്രീനുകളിലോ വെടിക്കെട്ടിന്റെ ദൃശ്യങ്ങള്‍ പ്രൊജക്റ്റ് ചെയ്യുന്നത് വഴി സുരക്ഷിതമായ ആഘോഷങ്ങള്‍ സാധ്യമാകും.

പരമ്പരാഗത വെടിക്കെട്ടുകള്‍ ഒരിക്കല്‍ കത്തിച്ചു കഴിഞ്ഞാല്‍ തീരും. ഓരോ തവണയും പുതിയ വെടിമരുന്നുകള്‍ വാങ്ങാന്‍ ലക്ഷക്കണക്കിന് രൂപ ചിലവാക്കേണ്ടി വരും. ഇന്ത്യയില്‍ പ്രൊഫഷണല്‍ വെടിക്കെട്ടുകള്‍ക്ക് മിനിറ്റിന് ഏകദേശം 25,000 മുതല്‍ 1,00,000 വരെ ചിലവ് വരാറുണ്ട്. എന്നാല്‍ ലേസര്‍, ഡ്രോണ്‍ ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ്. സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തുന്നതിലൂടെ ഓരോ തവണയും വ്യത്യസ്തമായ കാഴ്ചകള്‍ സൃഷ്ടിക്കാന്‍ സാധിക്കും. വെടിക്കെട്ടിന് വലിയ സുരക്ഷാ ക്രമീകരണങ്ങള്‍, ലൈസന്‍സുകള്‍, ഇന്‍ഷുറന്‍സ്, വെടിക്കെട്ടിന് ശേഷമുള്ള വൃത്തിയാക്കല്‍ എന്നിവയ്ക്കായി നല്ലൊരു തുക ചിലവാകും. ലേസര്‍ ഷോകളില്‍ ഇത്തരം ‘ക്ലീനിംഗ്’ ചിലവുകളില്ല. അമ്പതിനായിരം മുതല്‍ 2 ലക്ഷം രൂപ വരെ മുടക്കിയാല്‍ നല്ല ഒരു ലേസര്‍ഷോ ഉണ്ടാക്കാം. 10 ലക്ഷം മുതല്‍ ഡ്രോണ്‍ ഷോക്ക് ചെലവാകും. പക്ഷേ മിനിട്ടുന്് ഇരുപത്തിഅയ്യായിരം മുതല്‍ ഒരലക്ഷം വരെ ചിലവിടുന്ന കേരളത്തിലെ വലിയ പൂര വെടിക്കെട്ടുകളെ നോക്കുമ്പോള്‍ ഇത് ലാഭകരമാണ്.
ഹരിത പടക്കങ്ങള്‍ വരട്ടെ
ഇനി ആചാരത്തിന്റെയും മറ്റും പേരില്‍ കരിമരുന്ന് പ്രയോഗം തന്നെ വേണം എന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ക്കുള്ളതാണ് ഗ്രീന്‍ ക്രാക്കേഴ്‌സ് എന്ന് വിളിക്കുന്ന ഹരിത പടക്കങ്ങള്‍. പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാന്‍ സാധിക്കാത്ത ഇടങ്ങളില്‍ ഇവ ഉപയോഗിക്കാം. ഇവയില്‍ ബേരിയം നൈട്രേറ്റ് പോലുള്ള ഹാനികരമായ രാസവസ്തുക്കള്‍ ഇല്ലാത്തതിനാല്‍ വായുമലിനീകരണം 30 ശതമാനം വരെ കുറവായിരിക്കും. ഇവയുടെ ശബ്ദപരിധി 110-125 ഡെസിബെല്ലിനുള്ളില്‍ നിയന്ത്രിച്ചിരിക്കുന്നു. തൃശൂര്‍പൂരം പോലെ ഒരു നഗരമധ്യത്തില്‍ നടക്കുന്ന പരിപാടിക്ക് വേണ്ടത് ഹരിത പടക്കങ്ങളാണ്.
ഇനി പരമ്പരാഗത വെടിക്കെട്ടുകളില്‍, തിരികൊളുത്തുന്നതിന് പകരം ഇലക്ട്രിക്കല്‍ ഇഗ്‌നിഷന്‍ സംവിധാനം ഉപയോഗിക്കുന്നത് അപകടങ്ങള്‍ കുറക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത കാലത്തായി വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്ന ഒന്നാണ് കോള്‍ഡ് സ്പാര്‍ക്ക്. ഇവ സ്‌ഫോടനമില്ലാതെ വെളിച്ചം മാത്രം നല്‍കുന്നവയാണ്. ഇവ ‘കതിനാ വെടി’ പോലുള്ളവയ്ക്ക് പകരമായി ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശങ്ങളുണ്ട്.
പക്ഷേ നമ്മുടെ നാട്ടില്‍ ഇത്തരം സംവിധാനം എത്തിയിട്ടില്ല. കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലും മറ്റും ഇത്തരം സാങ്കേതിക വിദ്യകള്‍ വ്യാപകമാക്കുന്നതിലൂടെ വെടിക്കെട്ടുപുരകളില്‍ ഉണ്ടാകുന്ന സ്‌ഫോടനങ്ങളും വലിയ അപകടങ്ങളും ഒഴിവാക്കാന്‍ സാധിക്കും. പുറ്റിങ്ങല്‍ ദൂരന്തത്തെ തുടര്‍ന്ന് ഇത്തരം ചര്‍ച്ചകള്‍ നടന്നെങ്കിലും അതെല്ലാം ഫയലില്‍ ഉറങ്ങുകയാണ്.
തൃശൂര്‍ പൂരം പോലെ 200 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു ആചാരത്തില്‍ പെട്ടെന്നൊരു മാറ്റം കൊണ്ടുവരുന്നത് പ്രായോഗികമല്ല. അതിനാല്‍, ഇപ്പോള്‍ ഹരിത പടക്കങ്ങളും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളും പിന്തുടരുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്കിലും, ഭാവിയില്‍ സുരക്ഷ മുന്‍നിര്‍ത്തി ലേസര്‍ ഷോകളുടെയും വെടിക്കെട്ടിന്റെയും ഒരു മിശ്രിത രൂപം പരീക്ഷിക്കാവുന്നതാണ്. പക്ഷേ അത്തരത്തിലുള്ള ഒരു ചര്‍ച്ചയും കേരളത്തില്‍ നടക്കാറില്ല.

