തൃശൂർ: ജില്ലയിൽ വീണ്ടും കുട്ടിക്ക് പാമ്പ് കടിയേറ്റത് ജനങ്ങളെ ആശങ്കയിലാക്കുന്നു. വാണിയംപാറ കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിന്റെ മകൻ ആദം (രണ്ടര വയസ്സ്) ആണ് പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച രാത്രി 9.30-ഓടെ വീട്ടിലെ ശുചിമുറിയിൽ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. ഉഗ്രവിഷമുള്ള ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ബാത്ത്റൂമിലെ വെന്റിലേഷൻ വഴിയാകാം പാമ്പ് അകത്തുകയറിയതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം കൊടകരയിൽ എട്ടു വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് ജില്ലയിൽ വീണ്ടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. കൊടകര സ്വദേശി സിൽജോയുടെ മകൻ ആൽജോയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആൽജോയുടെ സഹോദരൻ അനോഷ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
