തിരുവനന്തപുരം: എൻഡിഎ ക്യാമ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും. തിരുവല്ലയിലും പൊതുപരിപാടി സംഘടിപ്പിക്കും. ശബരിമല സ്വർണ്ണക്കൊള്ള, എഫ്സിആർഎ നിയമ ഭേദഗതി വിവാദങ്ങളിൽ മോദി എന്ത് പറയും എന്നതിലാണ് ആകാംക്ഷ.
ഉച്ചകഴിഞ്ഞ് 2:30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുന്ന മോദി ഹെലികോപ്ടർ മാർഗം ചങ്ങനാശേരി എൻഎസ്എസ് കോളേജ് ഗ്രൗണ്ടിൽ ഇറങ്ങും. തുടർന്ന് റോഡ് മാർഗം തിരുവല്ല യിലേക്ക് തിരിച്ച് വൈകുന്നരം നാലുമണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അഞ്ചുമണിയോടെ തിരികെ തിരുവനന്തപുരത്ത് എത്തുന്ന മോദി, കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോയിൽ പങ്കെടുക്കും. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ ആണ് റോഡ് ഷോ കടന്നുപോകുക. വൈകുന്നേരം ഏഴുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് മടങ്ങും.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും. 3 ജില്ലകളിലായി 4 പരിപാടികളിൽ രാഹുൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുൽ ആലപ്പുഴയിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക.

