ആലപ്പുഴയിൽ മുഖ്യമന്ത്രി ജി സുധാകരനെ കാണുമോ? ഇടഞ്ഞു നിൽക്കുന്ന നേതാവിനെ അനുനയിപ്പിക്കുമോ?

AnilKumar BalaKrishnan

ആലപ്പുഴ: സിപിഎമ്മിൽ സസ്പെൻസ് തുടർന്ന് ജി സുധാകരൻ. പാർട്ടി സെക്രട്ടറിക്കും ജില്ലാ നേതൃത്വത്തിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ച ജി സുധാകരൻ നിലപാട് മയപ്പെടുത്തിയിട്ടില്ല. പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ തന്നെയാണ് ജി സുധാകരൻ. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ എത്തുന്നുണ്ട്. മുഖ്യമന്ത്രി ജി സുധാകരനെ കാണുമോ എന്നതിലാണ് ആകാംക്ഷ. പുന്നപ്രയിലെ കാർമൽ പോളിടെക്‌നിക് കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന മുഖ്യമന്ത്രി എസി റോഡ് ഉദ്ഘാടനത്തിനായി റോഡ് മാർഗം മങ്കൊമ്പിൽ എത്തും. നവീകരിച്ച എസി റോഡ് ഉദ്ഘാടന ശേഷം 11.30 യ്ക്കാണ് പെരുമ്പളം പാലം ഉദ്ഘാടനം. ഇതിനിടെ മുഖ്യമന്ത്രി ജി സുധാകരനെ കാണുമോ എന്നതാണ് പ്രധാനം

മന്ത്രിമുഹമ്മദ് റിയാസും മുഖ്യമന്ത്രിക്കൊപ്പം പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിനു ക്ഷണം ഉണ്ടെങ്കിലും കാലിന് പരിക്ക് പറ്റി വിശ്രമത്തിൽ ആയതിനാൽ ജി സുധാകരൻ പങ്കെടുക്കില്ല. പാർട്ടി അംഗത്വം ഇല്ലാത്ത ജി സുധാകരൻ തെരഞ്ഞെടുപ്പ് കാലത്ത് അതിരുവിട്ട പരാമർശങ്ങൾ നടത്തുമോ എന്ന ആശങ്ക പാർട്ടിക്കുണ്ട്. ജില്ലാ നേതൃത്വവുമായി ആശയ സംഘർഷത്തിൽ ഏർപ്പെട്ടിരുന്ന കാലത്ത് ജി സുധാകരൻ നടത്തിയ പരാമർശങ്ങൾ പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. അതിനാൽ അനുനയ ശ്രമങ്ങൾ തുടരുകയാണ് സിപിഎം

Share This Article