വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന്

insight kerala

വയനാട്: അതിജീവനത്തിന്റെ കരുത്തിൽ പുതിയ പ്രതീക്ഷയേകി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. നിർമ്മാണം പൂർത്തിയാക്കിയ 178 വീടുകളാണ് ദുരന്തബാധിതർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറുന്നത് . ഒരു രാത്രി ഉരുളടുത്ത രണ്ട് ഗ്രാമങ്ങളെ പുനർ നിർമ്മിക്കുക കൂടിയാണ് ടൗൺഷിപ്പിലൂടെ ചെയ്യുന്നത്.

2024 ജൂലൈ 30ന്റെ രാവിൽ മുണ്ടക്കൈയുടെയും ചൂരൽ മലയുടെയും മണ്ണിൽ ദുരന്തം പെയ്തിറങ്ങിയപ്പോൾ രണ്ട് ഗ്രാമവും നാന്നൂറോളം മനുഷ്യരും തീരാ നോവായി മാറി. ജീവൻ മാത്രം കയ്യിൽ പിടിച്ച് ഓടിയവർ അതിജീവനത്തിനായി കണ്ണീർ പൊഴിച്ചപ്പോൾ നാട് മുഴുവൻ അവരെ ചേർത്ത് നിർത്തി. ഒന്നര വർഷങ്ങൾക്കിപ്പുറം സങ്കടം തളംകെട്ടി നിന്ന ആ ജനതക്ക് ചേർത്ത് നിർത്തലിന്റെ സ്വപ്ന ഭവനങ്ങൾ ഉയർന്നു തുടങ്ങി. സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ ആദ്യ ഘട്ടത്തിൽ പൂർത്തിയായ 178 വീടുകളുടെ കൈമാറ്റമാണ് ഇന്ന് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറ്റവും പട്ടയ വിതരണവും ഉദ്ഘാടനം ചെയ്യും. മികച്ച രീതിയിലുള്ള സംവിധാനത്തോടുകൂടിയാണ് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി വീടുകൾ ഉയരുന്നത്.

ആകെ 405 വീടുകളാണ് സർക്കാർ ടൗൺഷിപ്പിൽ നിർമ്മിക്കുന്നത്. ബാക്കി വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ വകുപ്പ് മന്ത്രിമാരും ബ്ലോക്ക് ജില്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഉദ്ഘാടന ചടങ്ങ് ഒരു നാടിന്റെ ഉത്സവമാക്കി നടത്താനുള്ള ഒരുക്കങ്ങളാണ് ടൗൺഷിപ്പിൽ പൂർത്തിയാക്കിയിരിക്കുന്നത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article