മലയാളി കുടുംബം കറാച്ചിയിൽ കുടുങ്ങി; പാലക്കാട് സ്വദേശികളായ 3 പേർ; 8 ഇന്ത്യാക്കാർ കറാച്ചിയിൽ കുടുങ്ങി

insight kerala

അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്നു മലയാളികള്‍ (പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന്‍ (എറണാകുളം, കാലടി സ്വദേശി), മകള്‍ സ്മൃതി മേനോന്‍(3 വയസ്സ്)) ഉള്‍പ്പെടെയുളള എട്ട് ഇന്ത്യന്‍ പൗരന്മാര്‍ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. സംഘര്‍ഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. മലയാളികളായ യാത്രക്കാര്‍ കുവൈറ്റില്‍ നിന്നുളള ലോകകേരള സഭാംഗം വഴി നോര്‍ക്ക റൂട്ട്സിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിച്ചുവരുന്നു.

അടിയന്തിരമായി മരുന്നുള്‍പ്പെടെ ആവശ്യപ്പെട്ട് ബഹ്റൈനില്‍ നിന്നും പ്രവാസികള്‍ നോര്‍ക്ക റൂട്ട്സില്‍ ബന്ധപ്പെട്ടിരുന്നു. ഇവര്‍ക്ക് ലോക കേരള സഭാംഗങ്ങളുടെ പിന്തുണയില്‍ വേണ്ട സഹായം ലഭ്യമാക്കി. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പോയവർക്ക് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനായിട്ടുളള സഹായങ്ങളും നല്‍കി. ബഹ്റൈനിൽ ഗവൺമെൻറ് ഷെൽട്ടറുകൾ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ പ്രവാസികളിലേക്ക് എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു. ബഹ്റൈനില്‍ നോർക്കാ പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും ഉള്‍പ്പെടുന്ന പ്രത്യേക ഹെൽപ്പ് ഗ്രൂപ്പ് (ഡെസ്ക്) രൂപീകരിച്ചും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ പറ്റാതെ യു.എ.ഇ യില്‍ കുടുങ്ങി പോയ പ്രവാസികൾക്ക് അടിയന്തരമായ സഹായങ്ങളും മലയാളി സംഘടനകള്‍, ലോക കേരള സഭംഗങ്ങള്‍ എന്നിവര്‍ മുഖേന ലഭ്യമാക്കി.

കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍, ലോക കേരള സഭാംഗങ്ങള്‍, പ്രവാസി സംഘടനകള്‍ എന്നിവരുമായി ഏകോപനം തുടരുന്നു. സംഘര്‍ഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണം. അടിയന്തര സഹായത്തിനായി നോർക റൂട്ട്സ് ഹെൽപ്‌ഡെസ്കുമായി +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
——————————-
ഡല്‍ഹി കേരള ഹൗസിൽ കൺട്രോൾ റൂം
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിര്‍ദ്ദേശപ്രകാരം ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. 011-23747079, 011-23742320, +91-9310443880 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടവുന്നതാണ്. റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ , അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ് ഹരികുമാർ , ലെയ്സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വർ, നോർക്ക ഡെവല്പ്പമെൻ്റ് ഓഫീസർ ജെ. ഷാജിമോൻ എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article