മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നടപ്പിലാക്കുന്ന ഭവന പദ്ധതിക്ക് ഇന്ന് തുടക്കമാകും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ നടക്കുന്ന ചടങ്ങിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. വയനാട് കുന്നമ്പറ്റയിൽ ഏറ്റെടുത്ത ഭൂമിയിലാണ് ദുരന്തബാധിതർക്കായി ആദ്യഘട്ടത്തിൽ 60 വീടുകൾ നിർമ്മിക്കുന്നത്. ഇതിന് പുറമെ സമീപത്തായി മറ്റൊരു സ്ഥലത്ത് 40 വീടുകൾ കൂടി നിർമ്മിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എന്നിവർക്ക് പുറമെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും സംബന്ധിക്കും. യുഡിഎഫ് നേതൃത്വത്തിന്റെ കൂട്ടായ പങ്കാളിത്തത്തോടെ ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
