തിരഞ്ഞെടുപ്പ് വേളയിൽ ഹൈക്കോടതിയിൽ ഉണ്ടായ തിരിച്ചടി മറികടക്കാൻ അതിവേഗത്തിലാണ് നവ കേരള സർവേയുടെ കാര്യത്തിൽ സർക്കാർ മുന്നോട്ടുപോകുന്നത്. എജിയുടെ നിയമപദേശം തേടിയ ശേഷം സുപ്രീംകോടതിയിൽ ഹർജിയും ഫയൽ ചെയ്തു. നവ കേരള സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം തികച്ചും സർക്കാറിന്റെ നയപരമായ കാര്യമാണെന്നും അതിൽ കോടതികൾക്ക് എത്രകണ്ട് ഇടപെടാൻ ആകും എന്ന് ചോദ്യമാണ് സർക്കാർ ഉന്നയിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വാദമുഖം. ഹൈക്കോടതി വിധിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടി വിജ്ഞാപനത്തിനു മുമ്പ് തന്നെ സർവ്വേ നടപടികൾ പൂർത്തിയാക്കാൻ ആണ് തയ്യാറെടുക്കുന്നത്. അതിനിടെ സംസ്ഥാനത്ത് ബാറുകളുടെ സമയം ദീർഘിപ്പിച്ച നടപടിയിൽ സഭ അധ്യക്ഷൻ മാരിൽ നിന്നും പ്രതിപക്ഷത്തിൽ നിന്നും വിമർശനം ശക്തമാകുന്നതിന് പിന്നാലെ പാർട്ടിക്കുള്ളിലും വിയോജിപ്പ് ഉയരുന്നു. ബാറുകളുടെ സമയം കൂട്ടുന്നത് മദ്യനയത്തിലെ മാറ്റമാണ്. ഇത് മുന്നണിക്കുള്ളിലോ സർക്കാറിലോ വേണ്ട രീതിയിൽ ചർച്ച നടത്തിയില്ല എന്നാണ് വിമർശനം. എക്സൈസ് മന്ത്രി സ്വന്തം നിലയിൽ തീരുമാനവുമായി മുന്നോട്ടു പോവുകയും മുഖ്യമന്ത്രിയിൽ നിന്ന് അനുമതി നേടുകയും ആണ് ഉണ്ടായതെന്ന വിമർശനമാണ് സർക്കാരിലും പാർട്ടിയിലും ഉയരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് വേളയായതിനാൽ തൽക്കാലം വിയോജിപ്പുകൾ പ്രകടിപ്പിക്കാതെ മുന്നോട്ടുപോകാനാണ് തീരുമാനം.
