മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന സിപിഎം ബാന്ധവം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷാ പോറ്റിയെ സിപിഎം സംസ്ഥാന നേതൃത്വം കടന്നാക്രമിക്കുകയാണ്. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനു വേണ്ടിയാണ് ഐഷാ പോറ്റി കോൺഗ്രസിൽ പോയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. പാർട്ടിയുടെ കമ്മറ്റികളിൽ ഒന്നും ഐഷാ പോറ്റി പങ്കെടുത്തിരുന്നില്ല. അസുഖം എന്ന് പറഞ്ഞ് തുടർച്ചയായി യോഗത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. ഇപ്പോൾ ഐഷാ പോറ്റിയുടെ അസുഖം എന്താണെന്ന് എല്ലാവർക്കും മനസ്സിലായി എന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. ഐഷാ പോറ്റി വർഗ്ഗ വഞ്ചക എന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് വിമർശിച്ചത്. നേരത്തെ മുൻ മന്ത്രി മെഴ്സികുട്ടിയമ്മയും വർഗ്ഗ വഞ്ചക എന്ന് രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ കോൺഗ്രസിൽനിന്ന് സിപിഎമ്മിലേക്ക് വന്ന പി സരിനേയും ശോഭന ജോർജിനെയും വർഗ്ഗ വഞ്ചകയെന്ന് വിളിക്കുമോ എന്ന് ഐഷാ പോറ്റി തിരിച്ചടിച്ചു.
