തിരുവനന്തപുരം: ശതകോടീശ്വരനായ റിലയൻസ് ഇൻഡസ്ട്രീസ് (RIL) ചെയർമാൻ മുകേഷ് അംബാനിക്ക് കേരള സർക്കാർ ഒരുക്കിയത് വമ്പൻ സൗകര്യങ്ങൾ. നവംബർ ഒമ്പതിന് ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാനെത്തിയ മുകേഷ് അംബാനിക്ക് വേണ്ടിയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് സർക്കാർ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തെയും ആംബുലൻസിനെയും നിയോഗിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഇൻസൈറ്റ് കേരളക്ക് ലഭിച്ചു.
2025 നവംബർ 9-ന് രാവിലെ 07:55 മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുകേഷ് അംബാനി ഹെലികോപ്റ്റർ മാർഗമാണ് ഗുരുവായൂരിലേക്ക് പോയത്. ഗുരുവായൂരിൽ നിന്നും 09:30 മണിയോടെ തിരികെ വിമാനത്താവളത്തിൽ എത്തുകയും 09:45 മണിയോടെ വിമാനമാർഗം മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു. രണ്ടരമണിക്കൂറോളമായിരുന്നു മുകേഷ് അംബാനിയുടെ കേരള സന്ദർശനം.
ഡോക്ടർ, നേഴ്‌സിംങ്ങ് ഓഫീസർ, നേഴ്‌സിംങ്ങ് അസിസ്റ്റന്റ്/ആശുപത്രി അറ്റൻഡന്റ്, ഡ്രൈവർ എന്നിവരടങ്ങിയ മെഡിക്കൽ സംഘത്തെയാണ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചത്. മെഡിക്കൽ സംഘം ആംബുലൻസ് സഹിതം രാവിലെ 07:00 മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർന്ന് മുകേഷ് അംബാനി മുംബൈയിലേക്ക് മടങ്ങുന്നത് വരെ ഡ്യൂട്ടിയിൽ തുടർന്നിരുന്നു.

മുകേഷ് അംബാനിയുടെ കേരളത്തിലെ യാത്രയിലുടനീളം മെഡിക്കൽ സംഘത്തിന്റെ സേവനം നിർദ്ദിഷ്ട സമയങ്ങളിൽ ലഭ്യമാക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സ്ഥാപനമേധാവി ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സർക്കാർ പ്രത്യേക ഉത്തരവിറക്കിയിരുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമായ അത്യാവശ്യ മരുന്നുകളും ഉപകരണങ്ങളും ആംബുലൻസിൽ സജ്ജമാക്കിയിരുന്നു. നിയോഗിക്കപ്പെട്ട മെഡിക്കൽ ടീമിന് സഞ്ചരിക്കാനായി എ.സി വാഹനം ലഭ്യമാക്കുന്നതിന് ജില്ലാ പ്രോഗ്രാം മാനേജർ, എൻ.എച്ച്.എം.നെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
മെഡിക്കൽ എമർജൻസി സാഹചര്യങ്ങൾ കൈകാര്യം ചെയ്യുവാനായി ആലുവ ജില്ലാ ആശുപത്രിയിലും അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിലും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ വിവിധ സൗകര്യങ്ങൾ മുകേഷ് അംബാനിക്കായി ഒരുക്കിയത്.

