സിപിഐയെ വെട്ടിലാക്കി ശ്രീനാദേവി കുഞ്ഞമ്മയുടെ രാജി! പാർട്ടിയില്‍ നിന്നുണ്ടായ ബുദ്ധിമുട്ടുകള്‍ നിരവധിയെന്ന് വെളിപ്പെടുത്തല്‍

insight kerala

പത്തനംതിട്ട: സിപിഐയിൽ നിന്ന് നേരിട്ട കടുത്ത ബുദ്ധിമുട്ടുകൾ വ്യക്തിപരമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്വം ശ്രീനാദേവി കുഞ്ഞമ്മ രാജിവച്ചു. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് പത്തനംതിട്ടയിലെ സിപിഐയില്‍ വിവാദങ്ങള്‍ കത്തുകയാണ്. 2020 ഡിസംബറിൽ പള്ളിക്കൽ ഡിവിഷനിൽ നിന്ന് 5861 എന്ന റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ശേഷമാണ്, അഞ്ചു വർഷ കാലാവധി പൂർത്തിയാക്കാൻ ഒരു മാസം മാത്രം ശേഷിക്കെ ശ്രീനാദേവി രാജി സമർപ്പിച്ചത്. നിലവിൽ വഹിച്ചിരുന്ന എഐവൈഎഫ് (AIYF) സംസ്ഥാനകമ്മിറ്റി അംഗത്വവും അവർ രാജിവച്ചു.

മുൻ ജില്ലാ സെക്രട്ടറിയുടെ ‘സ്വഭാവഹത്യ’

തന്റെ രാജിക്ക് കാരണം പാർട്ടിയിലെ ചില നേതാക്കന്മാരിൽ നിന്നുണ്ടായ അപമാനവും അവഗണനയുമാണ് എന്ന് ശ്രീനാദേവി പ്രതികരിച്ചു. പ്രധാനമായും മുൻ ജില്ലാ സെക്രട്ടറി എ.പി. ജയനെതിരെ അവർ ഗുരുതരമായ സ്വഭാവഹത്യ ആരോപിച്ചു.

“സത്യവിരുദ്ധമായ കാര്യങ്ങൾ തനിക്കെതിരെ പ്രചരിച്ചു. തന്നെ സ്വഭാവഹത്യ ചെയ്യുക എന്നതായിരുന്നു മുൻ ജില്ലാ സെക്രട്ടറി എ.പി. ജയന്റെ ശൈലി. അവിവാഹിതയാണ്, കല്യാണ ആലോചനയുണ്ട്. അതിനെ വരെ മോശമായി ബാധിക്കുന്ന തരത്തിൽ തനിക്കെതിരെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് അദ്ദേഹം പ്രചാരണം നടത്തി. ഞാൻ അത്തരക്കാരിയായിരുന്നില്ല. അതിനെ തുടർന്നാണ് ജയന് എതിരെ പരാതിയുമായി നീങ്ങിയത്.” – ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.

‘ബിനോയ് വിശ്വം നിസ്സഹായനായിരുന്നു’

നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനം തനിക്ക് അപമാനവും അവഗണനയുമാണ് നൽകിയത്. പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാളുടെ അഴിമതി ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് തനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ഷിപ്പ് നിഷേധിക്കപ്പെട്ടു. സംഘടനാപരമായ കാരണങ്ങളില്ലാതെ തന്നെ എഐവൈഎഫ് സംസ്ഥാനകമ്മിറ്റിയിൽ നിന്ന് പുറത്താക്കി. പാർട്ടി പരിപാടികളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അനൗദ്യോഗികമായ വിലക്കേർപ്പെടുത്തി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മാത്രമല്ല, ക്രിമിനൽ കേസുകളിൽ കുടുക്കി തന്നെ അപസർപ്പക കഥകളിലെ പ്രതിയാക്കി ചിത്രീകരിച്ചതായും അവർ ആരോപിച്ചു. ഒരു വനിതയുടെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളെ അകത്തളങ്ങളിൽ നിശ്ശബ്ദമാക്കാനാണ് നേതൃത്വം തീരുമാനിച്ചതെന്നും അവർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

പാർട്ടി അംഗത്വം നിഷേധിക്കപ്പെട്ടതിനെതിരെ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കൺട്രോൾ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി കാത്തിരിക്കുകയായിരുന്നു എന്നും, എന്നാൽ സംരക്ഷണം ലഭിക്കാത്ത സാഹചര്യത്തിലാണ് രാജിയെന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു.

തുറന്നു പറച്ചിലുകൾ ഉടൻ

“കുടുംബത്തെ വരെ അനാവശ്യമായി പലതിലോട്ടും വലിച്ചിഴച്ചു. ബിനോയ് വിശ്വം പലപ്പോഴും നിസ്സഹായനായിരുന്നു. പലതും വെളിപ്പെടുത്താനുണ്ട്. വാർത്താസമ്മേളനം വിളിച്ച് എല്ലാം തുറന്നുപറയും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഉൾപ്പെടെ തനിക്ക് വ്യക്തമായ നിലപാടുണ്ട്” – അവർ പറഞ്ഞു.

ഒരു രാഷ്ട്രീയ പ്ലാറ്റ്ഫോം വേണം, പക്ഷേ എങ്ങോട്ടേക്ക് പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Share This Article