കണ്ണൂർ പയ്യാമ്പലം ബീച്ചിൽ മൂന്ന് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

insight kerala

കണ്ണൂർ: കർണാടക സ്വദേശികളായ മൂന്ന് മെഡിക്കൽ വിദ്യാർഥികൾ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ബംഗളൂരുവിൽ നിന്നുള്ള വിദ്യാർഥികളായ അഫ്നൻ, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. അപകട സാധ്യത കൂടുതലുള്ള മേഖലയിലെ സുരക്ഷാ വീഴ്ചകൾക്കെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധം ഉയർത്തി.

കർണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന ഡോക്ടർമാരുടെയും വിദ്യാർഥികളുടെയും സംഘം കഴിഞ്ഞ രണ്ട് ദിവസമായി പയ്യാമ്പലത്തെ ഒരു റിസോർട്ടിൽ താമസിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ കുളിക്കാനിറങ്ങിയതിനിടെ മൂന്ന് പേർ തിരയിൽപ്പെടുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ട് പേരെ കരയ്ക്കെത്തിച്ചപ്പോഴേക്കും ജീവൻ രക്ഷിക്കാനായില്ല. കാണാതായ ഒരാൾക്കുവേണ്ടി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. മൂന്ന് പേരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വിനോദ സഞ്ചാരികളുടെ സ്ഥിരം കേന്ദ്രമായ പയ്യാമ്പലം ബീച്ചിലെ അപകട സാധ്യതയെക്കുറിച്ച് നാട്ടുകാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അപകടകരമായ മേഖലയിൽ കടലിലിറങ്ങുന്നത് നാട്ടുകാർ വിലക്കാറുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഇത് ചെവിക്കൊള്ളാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

മതിയായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഈ മേഖലയിലില്ലെന്നാണ് പ്രധാന ആരോപണം. അഞ്ചു കിലോമീറ്റർ നീളമുള്ള ബീച്ചിൽ ആകെ അഞ്ച് ലൈഫ് ഗാർഡുകൾ മാത്രമാണ് നിലവിലുള്ളതെന്നും, അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.

Share This Article