കൊച്ചി: മനുഷ്യനോട് ഏറ്റവും കൂറുള്ള മൃഗം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ – അത് നായ! തന്റെ യജമാനനുവേണ്ടി സ്വന്തം ജീവൻ പണയം വെക്കാനും മടിക്കാത്ത നായയുടെ വീരഗാഥയാണ് കൊച്ചിയിലെ പച്ച തോട്ടുകടവിൽ നിന്നും പുറത്തുവരുന്നത്.
അന്നം നൽകിയ തന്റെ ഉടമസ്ഥയുടെ ജീവൻ രക്ഷിക്കാൻ മൂർഖൻ പാമ്പിന് മുന്നിലേക്ക് എടുത്തുചാടി അതിന്റെ തല കടിച്ചുപറിച്ച് ഹീറോയായിരിക്കുകയാണ് ‘റോക്കി’ എന്ന വളർത്തുനായ. പച്ച തോട്ടുകടവിൽ തുഷാരയുടെ ജീവനാണ് റോക്കി രക്ഷിച്ചത്.
വിദേശത്തുനിന്ന് വരുന്ന ഭർത്താവ് സുബാഷ് കൃഷ്ണയെ കൂട്ടിക്കൊണ്ടുവരാനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ വേണ്ടി തുഷാര പുറത്തേക്കിറങ്ങിയപ്പോഴാണ് സംഭവം. ഭിത്തിയോട് ചേർന്നു കിടന്ന നാലടിയോളം നീളമുള്ള മൂർഖൻ പാമ്പ് പത്തി വിടർത്തി തുഷാരയെ കൊത്താൻ ആഞ്ഞടുത്തു.
ഈ അപകടം കണ്ട റോക്കി ഒരു നിമിഷം പോലും വൈകാതെ പാമ്പിന്റെ മുകളിലേക്ക് ചാടി വീഴുകയായിരുന്നു. പാമ്പുമായി റോക്കി ജീവൻമരണ പോരാട്ടം നടത്തി. ഈ പോരാട്ടത്തിനിടെ മൂന്ന് തവണ റോക്കിക്ക് മൂർഖന്റെ കടിയേറ്റു. എന്നിട്ടും പിന്മാറാൻ റോക്കി തയ്യാറായില്ല. ഒടുവിൽ, മൂർഖന്റെ തല രണ്ടായി കടിച്ചു മുറിച്ച ശേഷമാണ് റോക്കി പിടി വിട്ടത്.
പാമ്പിനെ വകവരുത്തിയെങ്കിലും കടിയേറ്റതിനെത്തുടർന്ന് നായ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ റോക്കിയുമായി തുഷാര ആശുപത്രിയിലേക്ക് പാഞ്ഞു. അപകട നിലയിലായിരുന്ന റോക്കിക്ക് വിദഗ്ദ്ധ ചികിത്സ നൽകിയതിനെത്തുടർന്ന് ജീവൻ രക്ഷിക്കാനായി.
യജമാനനോടുള്ള നായയുടെ സ്നേഹത്തിനും കൂറിനും ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് റോക്കിയുടെ ഈ ധീരമായ പോരാട്ടം.

