‘നീതി നിഷേധം’: ഡോക്ടർമാർ സമരത്തിലേക്ക്; നവംബറിൽ ഒ.പി. ബഹിഷ്കരണവും ‘വർക്ക് ടു റൂൾ’ സമരവും

insight kerala

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ അവഗണനയ്‌ക്കെതിരെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. (കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ) പ്രതിഷേധ പരിപാടികൾ ശക്തമാക്കുന്നു. നവംബർ ഒന്നിന് മറ്റ് സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക അനുവദിച്ചിട്ടും, മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം ടി , ജനറല്‍ സെക്രട്ടറി ഡോ. അരവിന്ദ് സി.എസ് എന്നിവർ അറിയിച്ചു.

നവംബർ 5 മുതൽ ‘ചട്ടപ്പടി സമരം (Work to Rule)’ ശക്തമാക്കാനും മാസത്തിലെ നാല് ദിവസങ്ങളിൽ ഒ.പി. ബഹിഷ്കരണവും ക്ലാസ് ബഹിഷ്കരണവും നടത്താനുമാണ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്.

ശമ്പള കുടിശ്ശികയിലെ ഇരട്ട നീതി

മറ്റ് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2019 മുതൽ ലഭിക്കാനുള്ള രണ്ട് ഗഡു ശമ്പളപരിഷ്കരണ കുടിശ്ശിക നവംബർ 1ന് അനുവദിച്ചപ്പോൾ, സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് 2016 മുതൽ ലഭിക്കാനുള്ള കുടിശ്ശിക ഇപ്പോഴും നൽകുന്നില്ല.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നാലുവർഷവും ഒൻപത് മാസവും കുടിശ്ശിക തടഞ്ഞുവെക്കുന്നത് കോവിഡ് മഹാമാരിക്കാലത്ത് അധിക ജോലിഭാരമേറ്റെടുത്ത ഡോക്ടർമാരോടുള്ള വലിയ അനീതിയാണ്. ഈ സമയത്ത് മുൻനിരയിൽ നിന്ന് മഹാമാരിയെ പ്രതിരോധിച്ച ഡോക്ടർമാർക്ക് ലഭിക്കേണ്ട ശമ്പളപരിഷ്കരണ കുടിശ്ശികയും ഉൾപ്പെടെയാണ് തടഞ്ഞിട്ടുള്ളതെന്ന് കെ.ജി.എം.സി.ടി.എ. ആരോപിക്കുന്നു.

അസിസ്റ്റന്റ് പ്രൊഫസർമാരെ ബാധിക്കുന്ന അപാകതകൾ

ശമ്പള നിർണയത്തിലെ അപാകതകൾ: അസിസ്റ്റന്റ് പ്രൊഫസർമാരുടെ ശമ്പള നിർണയത്തിലെ അപാകതകൾ ഇന്നുവരെ പരിഹരിച്ചിട്ടില്ല.

പ്രൊമോഷൻ കാലാവധി വർദ്ധനവ്: പ്രൊമോഷൻ കാലാവധി ഏഴിൽ നിന്ന് എട്ടുവർഷമാക്കി വർദ്ധിപ്പിച്ചത് യുവഡോക്ടർമാർ സർക്കാർ ജോലി ഉപേക്ഷിക്കുന്നതിനും പുതിയ ഡോക്ടർമാർ ജോലിയിൽ നിന്ന് പിന്മാറുന്നതിനും കാരണമാകുന്നു. ഇത് സർക്കാർ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കാൻ സാധ്യതയുണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകി.

പുതിയ തസ്തികകളും അടിസ്ഥാന സൗകര്യങ്ങളും

കാസർഗോഡ്, വയനാട് എന്നിവിടങ്ങളിൽ പുതിയ മെഡിക്കൽ കോളേജുകൾ പ്രവർത്തനം ആരംഭിച്ചിട്ടും ആവശ്യമായ തസ്തികകൾ (പോസ്റ്റുകൾ) സൃഷ്ടിച്ചിട്ടില്ല. “NMC അനുമതി ലഭിച്ചാൽ പോസ്റ്റുകൾ സൃഷ്ടിക്കും” എന്ന സർക്കാർ ഉറപ്പ് നടപ്പായില്ല. ബന്ധപ്പെട്ട ഫയലുകൾ ആരോഗ്യവും ധന വകുപ്പുകളിലുമായി ഒരു വർഷത്തിലധികമായി കെട്ടിക്കിടക്കുകയാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ക്ഷാമബത്തയും കുടിശ്ശികയും, പെൻഷൻ സീലിങ് എന്നിവയിലും ഡോക്ടർമാർക്ക് ഇരട്ടനീതിയാണ് നേരിടേണ്ടിവരുന്നത്. ജുഡീഷ്യൽ, IAS, IPS ഉദ്യോഗസ്ഥർക്ക് പൂർണ്ണമായ ക്ഷാമബത്ത നൽകി കഴിഞ്ഞപ്പോൾ, മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് ഇനിയും 12% DA ലഭിക്കാനുണ്ട്.

സമര മാർഗ്ഗങ്ങൾ

കഴിഞ്ഞ നാല് മാസമായി തുടർന്ന് വരുന്ന പ്രതിഷേധങ്ങൾക്ക് പരിഹാരം കാണാത്ത സാഹചര്യത്തിൽ സമരം ശക്തമാക്കാൻ സംഘടന തീരുമാനിച്ചു.

ഒ.പി., തിയറി ക്ലാസുകൾ ബഹിഷ്കരണം:

നവംബർ 5, 13, 21, 29 തീയതികളിൽ ഒ.പി.യും തിയറി ക്ലാസുകളും പൂർണ്ണമായി ബഹിഷ്കരിക്കും.

അത്യാഹിത സേവനങ്ങൾ: കാഷ്വാലിറ്റി, ഐ.സി.യു., ലേബർ റൂം, ഐ.പി. ചികിത്സ എന്നിവ സാധാരണ പോലെ തുടരും.

insight kerala

ചട്ടപ്പടി സമരം (Work to Rule – നവംബർ 5 മുതൽ):

ഡോക്ടർമാർ ഔദ്യോഗിക സമയത്തിനുള്ളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഇതിന്റെ ഭാഗമായി അദ്ധ്യാപനം (UG & PG), ഒ.പി., ഐ.പി. ജോലികൾ, ലാബ് ജോലികൾ, പോസ്റ്റ്‌മോർട്ടങ്ങൾ എന്നിവ ഡ്യൂട്ടി സമയങ്ങളിൽ മാത്രം.

ഉച്ചഭക്ഷണ ഇടവേള (1 മണിക്കൂർ) കർശനമായി പാലിക്കും.

ഇലക്ടീവ് സർജറികൾ ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് പൂർത്തിയാക്കും.

ഭരണപരമായ യോഗങ്ങൾ, പരിശോധനകൾ, വർക്ക്‌ഷോപ്പുകൾ, ക്ലറിക്കൽ ജോലികൾ, ഇ-സഞ്ജീവനി സേവനങ്ങൾ എന്നിവ ഡോക്ടർമാർ ബഹിഷ്കരിക്കും.

അധിക സമയം / അവധി ദിവസങ്ങളിൽ ജോലി (അത്യാഹിതങ്ങൾ ഒഴികെ) ചെയ്യില്ല.

ഡോ. റോസ്നാരാ ബീഗം ടി (പ്രസിഡന്റ്), ഡോ. അരവിന്ദ് സി.എസ് (ജനറൽ സെക്രട്ടറി) എന്നിവരാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരോടുള്ള അവഗണന തുടർന്നാൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

Share This Article