തിരുവനന്തപുരം: ഗൾഫിൽ ചെള്ള് പനി (സ്ക്രബ് ടൈഫസ്) സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നിന്ന് എത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയുൾപ്പടെ തെക്ക് കിഴക്കൻ ഏഷ്യ-പസിഫിക് മേഖലകളിൽ (tsutsugamushi triangle) മാത്രം കാണപ്പെടുന്ന രോഗം മേഖലക്ക് പുറത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത് അപൂർവ്വമാണ്.
തിരുവനന്തപുരത്തു നിന്ന് ഗൾഫിൽ എത്തിയ വ്യക്തിയില് രോഗം സ്ഥിരീകരിച്ചതോടെയാണ് ഈ അപൂർവ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗൾഫിൽ പനിയുമായി എത്തിയ തിരുവനന്തപുരം സ്വദേശിയായ പ്രവാസി, രോഗം മാറാത്തതിനെത്തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയെത്തി. ഇവിടെ നടത്തിയ പരിശോധനയിലാണ് സ്ക്രബ് ടൈഫസ് ആണെന്ന് തിരിച്ചറിഞ്ഞത്.
ഏറെ നാളായി ഗൾഫിലായിരുന്ന ഇദ്ദേഹം ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നുപോയത്. സ്ക്രബ് ടൈഫസിന്റെ ഇൻക്യൂബേഷൻ പീരീഡ് ഒരാഴ്ച മുതൽ മൂന്നാഴ്ച വരെയായതിനാൽ, രോഗിക്ക് രോഗബാധയുണ്ടായത് ദുബൈയിൽ വെച്ചായിരിക്കാം എന്നാണ് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നത്.
ദുബൈയിൽ പനി തുടങ്ങി അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും, പനി കുറയാതെ വന്നതോടെ അഞ്ചാം ദിവസം നാട്ടിലേക്ക് വിമാനം കയറുകയായിരുന്നു. നാട്ടിലെത്തിയ ശേഷം ആശുപത്രിയിൽ ചികിത്സ തേടുകയും മൂന്നാം ദിവസം ചെള്ളുപനി സ്ഥിരീകരിക്കുകയുമായിരുന്നു. ദുബായിൽ ചികിത്സ തുടർന്നിരുന്നെങ്കിൽ, അവിടെ രോഗം സാധാരണ അല്ലാത്തതിനാൽ രോഗം കണ്ടെത്താൻ വൈകുകയും ഗുരുതരമാകാൻ സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡോക്സിസൈക്ളിൻ എന്ന ആൻ്റിബയോട്ടിക് മരുന്ന് ഉപയോഗിച്ചുള്ള ഒരാഴ്ചത്തെ ചികിത്സയിലൂടെ രോഗം പൂർണമായും ഭേദമായി. രോഗി നിലവിൽ ഗൾഫിലേക്ക് തിരികെ പോയി.
ഓറിയന്റിയാ സുസുഗാമുഷി (orientia tsutsugamushi) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം, കുറ്റിച്ചെടികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ ചെള്ളുകളിലൂടെയാണ് (chigger mites) മനുഷ്യരിലേക്ക് പകരുന്നത്. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ സ്ക്രബ് ടൈഫസ് മരണത്തിലേക്ക് വരെ നയിക്കാൻ സാധ്യതയുണ്ട്. 50 ശതമാനം വരെയാണ് ഈ രോഗത്തിന്റെ മരണനിരക്ക്.
ചൈനയിൽ CE 313-ൽ ആദ്യമായി പരാമർശിക്കപ്പെട്ട ഈ രോഗം ഇന്ത്യയിൽ 1932 ലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 2003-ൽ തിരുവനന്തപുരത്തെ നെടുമങ്ങാട് പ്രദേശങ്ങളിലാണ് ആദ്യമായി കണ്ടെത്തിയത്.
ഓരോ വർഷവും ലോകത്താകെ പത്ത് ലക്ഷത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ മാത്രം ആയിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. 2024-ൽ സംസ്ഥാനതലത്തിൽ റിപ്പോർട്ട് ചെയ്ത 981 കേസുകളിൽ 733 എണ്ണവും (19 മരണങ്ങളിൽ 8 എണ്ണം) തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. കോഴിക്കോട്, വയനാട്, ഇടുക്കി, കൊല്ലം ജില്ലകളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പ്രധാന ശ്രദ്ധ: പനി നാട്ടിൽ വെച്ചോ ഗൾഫിൽ വെച്ചോ വന്നാലും, മൂന്ന് ദിവസമായിട്ടും രോഗകാരണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് പരിശോധനകൾക്കൊപ്പം സ്ക്രബ് ടൈഫസ് പരിശോധനയും ഡോക്സിസൈക്ളിൻ മരുന്ന് നൽകലും ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. പനി വരുന്നത് നാട്ടിൽ വെച്ചാണെങ്കിലും ഗൾഫിൽ (പ്രത്യേകിച്ച് യുഎഇ, ഒമാൻ രാജ്യങ്ങളിൽ) വെച്ചാണെങ്കിലും ഗൾഫിൽ നിന്ന് വന്ന ഉടനെ ആണെങ്കിലും മൂന്ന് ദിവസമായിട്ടും പനിയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് പരിശോധനകൾക്കൊപ്പം സ്ക്രബ് ടൈഫസ് പരിശോധന കൂടി നടത്തുകയും ഡോക്സിസൈക്ളിൻ മരുന്ന് ആരംഭിക്കുകയും വേണം.. ഡോക്സിസൈക്ളിൻ രോഗാരംഭത്തിൽ തന്നെ നൽകിയാൽ പൂർണമായും ഭേദമാകുന്ന രോഗമാണ് സ്ക്രബ് ടൈഫസ്. യഥാസമയം ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ അത് മാരകവുമാകാം.

