കാൺപൂർ: ബന്ധുക്കളെ യാത്രയയക്കാൻ വന്ദേഭാരത് ട്രെയിനിൽ കയറിയ 12 പേർ ട്രെയിൻ പുറപ്പെട്ടതോടെ അകത്തുതന്നെ കുടുങ്ങി. ഉത്തർപ്രദേശിലെ കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ യാത്ര ചെയ്തതിന് ഇവരിൽ നിന്ന് റെയിൽവേ അധികൃതർ 36,140 രൂപ പിഴ ഈടാക്കി.
നവംബർ 15 ഞായറാഴ്ച രാവിലെ 9.26ന് എത്തിയ വാരണാസി–ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസ് 9.30ന് കാൺപൂരിൽ നിന്ന് പുറപ്പെടുകയായിരുന്നു. ബന്ധുക്കളെ ട്രെയിനിൽ കയറ്റാനും ലഗേജുകൾ ക്രമീകരിക്കാനും സഹായിക്കുന്നതിനായി 12 പേർ കോച്ചുകളിൽ കയറിയിരുന്നു. ഇവർ പുറത്തിറങ്ങുന്നതിന് മുമ്പ് ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകൾ അടയുകയും ട്രെയിൻ യാത്ര തുടങ്ങുകയും ചെയ്തു.
തുടർന്ന് ട്രെയിനിൽ കുടുങ്ങിയ വിവരം ഇവർ റെയിൽവേ ജീവനക്കാരെ അറിയിച്ചു. ഉടൻ ട്രെയിൻ നിർത്താൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ അധികൃതർ തുണ്ട്ല കൺട്രോൾ റൂമുമായി ബന്ധപ്പെട്ടു. തുടർന്ന് എറ്റാവാ ജങ്ഷനിൽ പ്രത്യേകമായി ട്രെയിൻ നിർത്താൻ തീരുമാനിച്ചു.
രാവിലെ 10.50ഓടെ എറ്റാവയിൽ എത്തിയ ട്രെയിനിൽ നിന്ന് 12 പേരെയും ആർപിഎഫ് ഉദ്യോഗസ്ഥർ പുറത്തേക്ക് കൊണ്ടുപോയി. ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ ട്രെയിനിൽ കയറിയതിനാണ് പിഴ ചുമത്തിയത്. ഒരാൾക്ക് 3,000 രൂപ വീതം പിഴ ഈടാക്കിയതായാണ് റിപ്പോർട്ട്.
ട്രെയിനിനുള്ളിൽ ബഹളമുണ്ടാക്കിയതും നടപടിക്ക് കാരണമായി. പിഴ അടച്ചതോടെ ഇവരെ വിട്ടയച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പും നൽകി.
ട

