ന്യൂഡൽഹി: തുണിക്കടയിലെ ട്രയൽ റൂമിനുള്ളിൽ 18കാരിയായ ജീവനക്കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മോട്ടി നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള വസ്ത്രവ്യാപാര ശാലയിൽ ജോലി ചെയ്തിരുന്ന ഷബ്നമാണ് കൊല്ലപ്പെട്ടത്. പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയോടെ കട പൂട്ടാറായപ്പോഴാണ് പ്രതി എത്തിയത്. ഷബ്നത്തെ ട്രയൽ റൂമിലേക്ക് കൊണ്ടുപോയ പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു. രാത്രി ഒൻപത് മണിയോടെ കട അടയ്ക്കുന്ന വേളയിൽ ജീവനക്കാർ ട്രയൽ റൂമുകൾ പരിശോധിച്ചപ്പോഴാണ് ഷബ്നത്തെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു.
പ്രതിക്ക് ഷബ്നവുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. പ്രതിയെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയുടെ നീക്കങ്ങളും രക്ഷപ്പെട്ട വഴിയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

