എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ ഏറ്റവും മുകളിൽ കയറി വിവാഹാഭ്യർഥന; റഷ്യൻ ദമ്പതികൾ നാടുകടത്തൽ ഭീഷണിയിൽ

insight kerala

ന്യൂയോർക്കിലെ പ്രശസ്തമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ ഏറ്റവും മുകളിൽ കയറി വിവാഹാഭ്യർഥന നടത്തിയ റഷ്യൻ ദമ്പതികൾ നാടുകടത്തൽ ഭീഷണിയിൽ. കേസിൽ പ്രോസിക്യൂഷൻ നേരത്തെ മുന്നോട്ടുവച്ച ഒത്തുതീർപ്പ് കരാർ അവസാന നിമിഷം പിൻവലിച്ചതോടെയാണ് ദമ്പതികൾക്ക് തിരിച്ചടിയായത്.

മോസ്കോ സ്വദേശികളായ 33കാരി ആഞ്ചല നിക്കോളാവും 32കാരൻ ഇവാൻ കുസ്നെറ്റ്‌സോവുമാണ് സംഭവത്തിലെ പ്രതികൾ. കഴിഞ്ഞ ജൂലൈയിലാണ് ഇരുവരും ന്യൂയോർക്കിലെ അംബരചുംബിയായ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ ഏറ്റവും മുകളിലെത്തിയത്. ഇവിടെ സമാധാനസന്ദേശം എഴുതിയ പതാക ഉയർത്തിയ ഇരുവരും ശ്രദ്ധനേടി. ‘അധികാരത്തോടുള്ള സ്നേഹത്തെ സ്നേഹത്തിന്റെ ശക്തി മറികടക്കുമ്പോൾ ലോകത്ത് സമാധാനം ഉണ്ടാകുന്നു’ എന്ന സന്ദേശമായിരുന്നു പതാകയിൽ ഉണ്ടായിരുന്നത്. തുടർന്ന് ഇവാൻ ആഞ്ചലയോട് വിവാഹാഭ്യർഥനയും നടത്തി. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി.

സംഭവത്തിൽ ഇരുവർക്കുമെതിരെ നിയമനടപടി ആരംഭിച്ചിരുന്നു. ഇതിനിടെ കുറ്റം ഏറ്റെടുക്കുകയാണെങ്കിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്ന തരത്തിൽ ഒത്തുതീർപ്പിന് പ്രോസിക്യൂഷൻ തയ്യാറായിരുന്നുവെന്ന് ദമ്പതികളുടെ അഭിഭാഷകൻ നോം ബിയാലെ പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

എന്നാൽ, കോടതി നടപടിക്ക് തലേദിവസം മാൻഹട്ടൻ ജില്ലാ അറ്റോർണി ഓഫീസിൽ നിന്നുള്ള ഇമെയിലിനെ തുടർന്ന് ഈ കരാർ പിൻവലിക്കപ്പെട്ടതായാണ് അഭിഭാഷകന്റെ ആരോപണം. ഇതോടെ ദമ്പതികൾക്ക് നാടുകടത്തൽ ഭീഷണിയും നേരിടേണ്ടിവന്നു. നവംബർ 12ന് ന്യൂയോർക്കിലെ ക്രിമിനൽ കോടതിയിൽ നടന്ന വാദം കേൾക്കലിനിടെ ആഞ്ചല വികാരാധീനയായി. റഷ്യയിലേക്ക് തിരിച്ചയച്ചാൽ ഇവാൻ യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിതനായേക്കാമെന്നും ആഞ്ചലയ്ക്ക് കലാപ്രകടനത്തിന്റെ പേരിൽ തടവുശിക്ഷ നേരിടേണ്ടിവന്നേക്കാമെന്നും അഭിഭാഷകൻ ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, തങ്ങൾ ആരുടെയും ജീവൻ അപകടത്തിലാക്കാനോ കെട്ടിടത്തിന് കേടുപാടുകൾ വരുത്താനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഇവാൻ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്ത് നിരവധി സംഘർഷങ്ങളും വേദനകളും നിലനിൽക്കുന്ന സാഹചര്യത്തിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ആഞ്ചലയും വ്യക്തമാക്കി.

ദമ്പതികളുടെ പ്രണയവും അപകടസാധ്യതയുള്ള കെട്ടിടാരോഹണ സാഹസികതകളും പ്രമേയമാക്കി 2024ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്ററിയാണ് ‘സ്കൈവാക്കേഴ്സ്: എ ലവ് സ്റ്റോറി’. സൺഡാൻസ് ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ച ഈ ചിത്രം ഇരുവരെയും അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.

Share This Article