അമേരിക്കയിൽ എയർ ട്രാഫിക് കൺട്രോൾ (ATC) സംവിധാനത്തിലുണ്ടായ കമ്മ്യൂണിക്കേഷൻ തകരാറിനെ തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാല് മണിക്കൂറിലേറെ നീണ്ട തടസ്സം 11,000ത്തിലധികം വിമാന സർവീസുകളെ ബാധിച്ചു. പതിനായിരക്കണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി.
സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) വിമാനങ്ങൾ നിലത്തിറക്കാൻ നിർദേശം നൽകുകയായിരുന്നു. ലോക്കൽ എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളിലെ കമ്മ്യൂണിക്കേഷൻ സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. പഴയ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിന് പുതിയ സാങ്കേതികവിദ്യകളുടെ പ്രവർത്തനഭാരം താങ്ങാനാകാത്തതാണ് തടസ്സത്തിന് കാരണമെന്ന് വിലയിരുത്തുന്നു. സൈബർ ആക്രമണമോ മറ്റേതെങ്കിലും ബോധപൂർവമായ ഇടപെടലോ ഉണ്ടായതായി നിലവിൽ സൂചനയില്ല.
എല്ലാ വിമാനങ്ങളുടെയും വിവരങ്ങൾ കൈവശമുണ്ടെന്നും യാത്രക്കാരുടെ സുരക്ഷയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലുണ്ടായ തകരാറിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി അറിയിച്ചു.
ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 2.24നാണ് നിയന്ത്രണം ആരംഭിച്ചത്. റൺവേയിൽ ഉണ്ടായിരുന്ന വിമാനങ്ങൾക്ക് പറന്നുയരാൻ അനുമതി നിഷേധിച്ചു. അതോടൊപ്പം പറന്നുയർന്ന വിമാനങ്ങൾക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തുടരാൻ അനുമതി നൽകി. നാല് മണിക്കൂറിലേറെ കഴിഞ്ഞാണ് നിയന്ത്രണം പിൻവലിച്ചത്. എന്നാൽ വിമാന സർവീസുകൾ സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്ന് FAA മുന്നറിയിപ്പ് നൽകി.
അമേരിക്കയിലെ പ്രതിസന്ധി കാനഡയിലെയും യൂറോപ്പിലെയും വിമാന സർവീസുകളെയും ബാധിച്ചു. സമയക്രമത്തിൽ മാറ്റം വരുത്തേണ്ടിവന്നതോടെ ചില അന്താരാഷ്ട്ര സർവീസുകളും റദ്ദാക്കി.
. എ 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്കയിൽ വിമാന സർവീസുകൾ ഇത്രയും ദീർഘനേരം തടസ്സപ്പെടുന്നത് ആദ്യമായാണ്.

