എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെ പദവിയിൽ നിന്ന് നീക്കാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ചേരുന്നതായി റിപ്പോർട്ട്. . ചൈനീസ് ചാരപ്രവർത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയുമായും മറ്റൊരു കമ്പനി ഉദ്യോഗസ്ഥയുമായും ഹുവാങ്ങിന് പ്രണയം ഉണ്ടായിരുന്നു എന്ന വാർത്തകളാണ് വിവാദമായത്.
നാല് ട്രില്യൺ ഡോളർ വിപണിമൂല്യമുള്ള എൻവിഡിയയിൽ വലിയ പ്രതിസന്ധിയാണ് ഇപ്പോൾ തന്നെ ഉടലെടുത്തിരിക്കുന്നത്. ഹുവാങ്ങിനെ പുറത്താക്കുക കൂടി ചെയ്താൽ കമ്പനി കൂപ്പു കുത്തും എന്ന വിലയിരുത്തലും ഉണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി കമ്പനിയെ നയിക്കുന്ന ഹുവാങ് ആണ് ആഗോളതലത്തിൽ എഐ ചിപ്പുകളുടെ പ്രധാന വിതരണക്കാരായി എൻവിഡിയയെ വളർത്തിയെടുത്തത്. ആഗോള തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തും അമേരിക്ക-ചൈന സാങ്കേതിക മത്സരത്തിലും നിർണായക സ്ഥാനമാണ് കമ്പനിക്കുള്ളത്.
ഹുവാങ്ങിനെ ചുറ്റിപ്പറ്റിയുള്ള വാർത്ത പുറത്തുവന്നതോടെ ഓഹരി വിപണിയിൽ എൻവിഡിയയ്ക്ക് തിരിച്ചടിയുണ്ടായി. വിപണി സമയം അവസാനിച്ച ശേഷമുള്ള വ്യാപാരത്തിൽ ഓഹരിവില ഏകദേശം എട്ട് ശതമാനം ഇടിഞ്ഞു. ഡയറക്ടർ ബോർഡ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഈ ആഴ്ച കമ്പനിയുടെ വിപണിമൂല്യത്തിൽ ഏകദേശം 600 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായതായി.
ചൈനീസ് കമ്പനികൾക്ക് എൻവിഡിയ ചിപ്പുകൾ എത്തിക്കുന്നതിൽ സഹായം നൽകിയതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്ന ചാര വനിതയാണ് ആലിസ് ഹുവാങ് . ആലിസുമായുള്ള ജെൻസൻ ഹുവാങ്ങിന്റെ ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ വന്നതോടെയാണ് വിവാദം ആരംഭിച്ചത്. ജീവനക്കാർക്ക് അയച്ച കുറിപ്പിൽ ഭാര്യയോട് വിശ്വാസവഞ്ചന കാണിച്ചതായി ഹുവാങ് സമ്മതിച്ചിരുന്നു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.
അതേസമയം, ഹുവാങ്ങിനെ വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ലക്ഷ്യമിട്ടിരുന്നോ എന്ന് പരിശോധിക്കാൻ എൻവിഡിയയുടെ ഡയറക്ടർ ബോർഡ് അന്വേഷണം ആരംഭിച്ചു. സ്വതന്ത്ര ഡയറക്ടർമാരുടെ മേൽനോട്ടത്തിലും പുറത്തുനിന്നുള്ള നിയമോപദേശകരുടെ സഹായത്തോടെയുമാണ് അന്വേഷണം നടക്കുന്നത്. തുടക്കത്തിൽ ഹുവാങ്ങിലുള്ള വിശ്വാസം ബോർഡ് പ്രകടിപ്പിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഹുവാങ്ങിന് പിന്തുണ അറിയിച്ചിരുന്നു. അദ്ദേഹം നല്ല വ്യക്തിയാണെന്നും രാജ്യത്തിനായി മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ട്രംപ് പ്രതികരിച്ചു.
കർട്ടിസ് പ്രീമിനും ക്രിസ് മലാചോവ്സ്കിക്കുമൊപ്പം ചേർന്ന് 1991ലാണ് ജെൻസൻ ഹുവാങ് എൻവിഡിയ സ്ഥാപിച്ചത്. തുടക്കത്തിൽ കമ്പ്യൂട്ടർ ഗെയിമുകൾക്കായുള്ള ഗ്രാഫിക്സ് ചിപ്പുകൾ നിർമ്മിച്ചിരുന്ന കമ്പനി പിന്നീട് CUDA സോഫ്റ്റ്വെയറിലൂടെ പൊതുവായ കമ്പ്യൂട്ടിങ് രംഗത്തേക്ക് കടന്നു . പിന്നീട് എഐ സാങ്കേതികവിദ്യാ മേഖലയിലേക്കും വളരുകയായിരുന്നു.

