‘മോദി കണ്ണില്‍ നോക്കാറില്ല; ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് സമ്മര്‍ദത്തിന് വഴങ്ങി; ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ ഞാന്‍ കരഞ്ഞു; പ്രണബ് പ്രധാനമന്ത്രി പദം ആവശ്യപ്പെട്ടത് ഞെട്ടിച്ചു’; വന്‍വിവാദമായി സോണിയാ ഗാന്ധിയുടെ പുസ്തകം

insight kerala

കെ വി നിരഞ്ജന്‍

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന ഓര്‍മ്മക്കുറിപ്പ് വന്‍ വിവാദത്തില്‍. പുസ്തകത്തിനെതിരെ ബിജെപി കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസിന്റെയും നെഹ്റു-ഗാന്ധി കുടുംബത്തിന്റെയും മുന്‍കാല വീഴ്ചകള്‍ മറച്ചുവെക്കാനും അടിയന്തരാവസ്ഥയെ ന്യായീകരിക്കാനുമാണ് പുസ്തകത്തിലൂടെ സോണിയ ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. പുസ്തകത്തിന് ‘ബിലോങ്ങിങ്’ എന്നതിനേക്കാള്‍ ‘വൈറ്റ് വാഷിങ്’ എന്ന പേരാണ് ചേരുകയെന്ന് സി.ആര്‍. കേശവന്‍ പരിഹസിച്ചു. പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാവന്‍ ആഗ്രഹിച്ചത് തന്നെ ഞെട്ടിച്ചുവെന്ന് സോണിയ പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ വന്‍ വിവാദമാവുകയാണ്.

രൂക്ഷമായി പ്രതികരിച്ച് പ്രണബിന്റെ മകള്‍

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി, സോണിയയുടെ പുസ്തകത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തി.തന്റെ പിതാവായ പ്രണബ് മുഖര്‍ജിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന ചരിത്രപരമായ വസ്തുതയെ മുന്‍നിര്‍ത്തിയാണ് ശര്‍മിഷ്ഠ സംസാരിച്ചത്. നെഹ്‌റു-ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരു കോണ്‍ഗ്രസ് നേതാവ് രാജ്യത്തിന്റെ പ്രധാനമന്ത്രി പദവി ആഗ്രഹിക്കുന്നത് ഒരു തെറ്റായ കാര്യമായി ചിത്രീകരിക്കപ്പെടുന്നത് എന്തിനാണെന്ന് അവര്‍ ചോദ്യം ചെയ്തു.

‘ഗാന്ധി കുടുംബത്തിന് പുറത്തുള്ളവര്‍ക്ക് പ്രധാനമന്ത്രിയാകാന്‍ മോഹം പാടില്ലേ?’ എന്ന ശര്‍മിഷ്ഠയുടെ ചോദ്യം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. യോഗ്യതയും ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്പര്യവുമുള്ള മറ്റ് നേതാക്കളെ തഴഞ്ഞ്, കോണ്‍ഗ്രസിനുള്ളിലെ അധികാരം എപ്പോഴും ഒരു പ്രത്യേക കുടുംബത്തിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നതിനെയാണ് അവര്‍ പരോക്ഷമായി വിമര്‍ശിച്ചത്.

സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ജനാധിപത്യമില്ലായ്മയെയും മുന്‍കാലങ്ങളില്‍ മറ്റ് മുതിര്‍ന്ന നേതാക്കളോട് കാണിച്ച അവഗണനകളെയും പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്നില്ലെന്ന് ശര്‍മിഷ്ഠ മുഖര്‍ജി സൂചിപ്പിച്ചു. ചരിത്രത്തെ സ്വന്തം താല്പര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നതിനെതിരെയാണ് അവര്‍ നിലപാട് സ്വീകരിച്ചത്.
ഈ പ്രതികരണം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

മോദി കണ്ണില്‍ നോക്കാറില്ല

പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെക്കുറിച്ചും സോണിയയുടെ ആശയപരമായ വ്യത്യാസങ്ങളെക്കുറിച്ചും വളരെ ശ്രദ്ധേയമായ ചില പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. നരേന്ദ്ര മോദി 12 വര്‍ഷത്തിലേറെയായി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തുടരുകയാണെങ്കിലും തങ്ങള്‍ തമ്മില്‍ ഇന്നുവരെ യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിബന്ധവും ഉണ്ടായിട്ടില്ലെന്ന് സോണിയ ഗാന്ധി പുസ്തകത്തില്‍ വ്യക്തമാക്കുന്നു.ഔദ്യോഗിക ചടങ്ങുകളിലോ അല്ലെങ്കില്‍ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് ശേഷം സ്പീക്കറുടെ ചെറിയ മുറിയില്‍ പാര്‍ട്ടി നേതാക്കള്‍ ഒത്തുകൂടുമ്പോഴോ തങ്ങള്‍ മുഖാമുഖം വരാറുണ്ട്. അത്തരം സമയങ്ങളില്‍ പരസ്പരം ഒരു ‘നമസ്‌തേ’ പറയാറുണ്ടെങ്കിലും, പ്രധാനമന്ത്രി കണ്ണില്‍ നോക്കാതെ വേഗത്തില്‍ മുഖം തിരിക്കാറാണ് പതിവെന്ന് അവര്‍ എഴുതുന്നു. മുന്‍കാലങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ തമ്മില്‍ പുലര്‍ത്തിയിരുന്ന സൗഹൃദപരമായ അന്തരീക്ഷത്തില്‍ നിന്നുള്ള വലിയൊരു മാറ്റമാണിതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

താനും നരേന്ദ്ര മോദിയും വരുന്നത് തികച്ചും വ്യത്യസ്തമായ രണ്ട് ആശയലോകങ്ങളില്‍ നിന്നാണെന്ന് സോണിയ ഗാന്ധി പറയുന്നു. ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും തന്റെ കാഴ്ചപ്പാടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആര്‍.എസ്.എസ് പ്രത്യയശാസ്ത്രജ്ഞരില്‍ നിന്നും തന്റെ വളര്‍ച്ചാ സാഹചര്യങ്ങളില്‍ നിന്നുമാണ് മോദി തന്റെ ഇന്ത്യ എന്ന സങ്കല്‍പ്പം രൂപപ്പെടുത്തിയത്. എന്നാല്‍ സ്വാതന്ത്ര്യവും സമത്വവും ഉള്‍ക്കൊള്ളുന്ന, എല്ലാ സംസ്‌കാരങ്ങളെയും ഭാഷകളെയും ഒരേപോലെ കാണുന്ന ഒരു ഇന്ത്യയെയാണ് തന്റെ കുടുംബത്തിന്റെ സേവനങ്ങളിലൂടെ താന്‍ മനസ്സിലാക്കിയതെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ആര്‍.എസ്.എസിനുള്ളില്‍ കഠിനാധ്വാനം ചെയ്താണ് നരേന്ദ്ര മോദി അധികാരത്തിലേക്ക് എത്തിയതെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, അദ്ദേഹത്തിന്റെ പി.ആര്‍ ടീം പ്രചരിപ്പിക്കുന്നത് പോലെ അത്രയധികം എളിയ പശ്ചാത്തലത്തില്‍ നിന്നുള്ളതല്ല അദ്ദേഹത്തിന്റെ ഉത്ഭവം എന്നും സോണിയ ഗാന്ധി പുസ്തകത്തില്‍ കുറിക്കുന്നുണ്ട്.
ഈ അകല്‍ച്ചകള്‍ക്കിടയിലും താന്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ ‘സുഖമാണോ?’ എന്ന് പ്രധാനമന്ത്രി ചോദിക്കാറുണ്ടെന്നും ജന്മദിനങ്ങളിലും പുതുവര്‍ഷത്തിലും ഔപചാരികമായ ആശംസകള്‍ കൈമാറാറുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടന്ന 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള കടുത്ത ഓര്‍മ്മകളും സോണിയ ഈ പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്. അന്ന് കലാപം തടയുന്നതില്‍ സംസ്ഥാന ഭരണകൂടം പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ തന്നെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും അവര്‍ എഴുതുന്നു.

അടിയന്തരാവസ്ഥയില്‍ സംഭവിച്ചത്?

‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’പുസ്തകത്തില്‍, ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെക്കുറിച്ചും ആ കാലഘട്ടത്തില്‍ തന്റെ കുടുംബത്തിനുള്ളില്‍ ഉണ്ടായ സംഭവങ്ങളെക്കുറിച്ചും വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്ത് ഇന്ദിരാഗാന്ധി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സോണിയ ഗാന്ധി വ്യക്തമാക്കുന്നു. രാജ്യം നേരിട്ട ആഭ്യന്തര സുരക്ഷാ ഭീഷണികളും പ്രതിപക്ഷത്തിന്റെ കടുത്ത സമരങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. അടിയാവസ്ഥാ കാലത്ത് സഞ്ജയ് ഗാന്ധി എടുത്ത ചില തീരുമാനങ്ങളെയും നടപ്പിലാക്കിയ പദ്ധതികളെയും സോണിയ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത് പിന്നീട് ഭരണതലത്തില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും ജനരോഷത്തിനും കാരണമായതായി അവര്‍ വിലയിരുത്തുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ തങ്ങളുടെ വീടിനുള്ളിലെ അന്തരീക്ഷം പൂര്‍ണ്ണമായി മാറിയെന്ന് സോണിയ എഴുതുന്നു. രാഷ്ട്രീയമായ ചര്‍ച്ചകളും സുരക്ഷാ ആശങ്കകളും നിറഞ്ഞതായിരുന്നു ആ നാളുകള്‍. രാജീവ് ഗാന്ധിക്ക് രാഷ്ട്രീയത്തോട് താല്പര്യമില്ലാതിരുന്നിട്ടും കുടുംബം എന്ന നിലയില്‍ തങ്ങള്‍ക്കെല്ലാം ആ പ്രതിസന്ധി അനുഭവിക്കേണ്ടി വന്നു. ടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് വലിയ തിരിച്ചടിയായെന്നും, ആ തീരുമാനം ഒഴിവാക്കാമായിരുന്നുവെന്നും പില്‍ക്കാലത്ത് ഇന്ദിരാഗാന്ധിക്ക് തന്നെ ബോധ്യപ്പെട്ടിരുന്നുവെന്ന് സോണിയ ഗാന്ധി പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. 1977-ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ച് തിരഞ്ഞെടുപ്പ് നേരിടാന്‍ ഇന്ദിര തയ്യാറായതും ഈ പശ്ചാത്തലത്തിലാണ്.

insight kerala

എന്നാല്‍, പുസ്തകത്തില്‍ സോണിയ ഗാന്ധി അടിയന്തരാവസ്ഥയെ ന്യായീകരിക്കാനും സാധാരണവത്കരിക്കാനും ശ്രമിക്കുകയാണ് എന്നാണ് ബിജെപി വക്താവ് സി.ആര്‍. കേശവന്‍ ആരോപിക്കുന്നത്. പൗരന്മാരുടെ മൗലികാവകാശങ്ങളും ഭരണഘടനയും തകര്‍ത്ത, ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തെ വെള്ളപൂശാനുള്ള ശ്രമമാണ് ഈ ഓര്‍മ്മക്കുറിപ്പിലൂടെ നടത്തുന്നതെന്നും ബിജെപി വിമര്‍ശിക്കുന്നു.

പുസ്തകത്തില്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.
1992 ഡിസംബര്‍ 6-ന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വാര്‍ത്തയറിഞ്ഞപ്പോള്‍ താന്‍ കരഞ്ഞുപോയെന്നും അങ്ങേയറ്റം ആഘാതമുണ്ടായെന്നും സോണിയാ ഗാന്ധി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇന്ത്യയുടെ മതേതരത്വത്തിന് ഏറ്റ വലിയൊരു ആഘാതമായാണ് അവര്‍ ആ സംഭവത്തെ പുസ്തകത്തില്‍ ചിത്രീകരിക്കുന്നത്.

സോണിയാ ഗാന്ധിയുടെ ഈ പരാമര്‍ശത്തെയാണ് ബിജെപി ദേശീയ വക്താവ് സി.ആര്‍. കേശവനും മറ്റ് നേതാക്കളും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കരഞ്ഞു നിലവിളിച്ച സോണിയാ ഗാന്ധി, 1984-ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയില്‍ ആയിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടപ്പോഴും ഗുരുദ്വാരകള്‍ ആക്രമിക്കപ്പെട്ടപ്പോഴും ഇതുപോലെ കണ്ണീര്‍ പൊഴിച്ചിരുന്നോ എന്ന് ബിജെപി ചോദ്യം ചെയ്യുന്നു. 008-ലെ 26/11 മുംബൈ ഭീകരാക്രമണത്തില്‍ നിരപരാധികളായ ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണീരെങ്കിലും ഒഴുക്കാന്‍ സോണിയ തയ്യാറായോ എന്നും, അന്നത്തെ യുപിഎ സര്‍ക്കാര്‍ ഭീകരര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും ബിജെപി വക്താവ് ചോദിച്ചു.
രാജ്യത്തിന് വേണ്ടി ജീവന്‍ ബലിനല്‍കിയ സുരക്ഷാ സൈനികരുടെ കാര്യത്തില്‍ ഇല്ലാത്ത വികാരം, ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ പ്രകടിപ്പിക്കുന്നത് വഴി സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കാനും കോണ്‍ഗ്രസിന്റെ മുന്‍കാല തെറ്റുകളെ വെള്ളപൂശാനുമാണ് സോണിയ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.

Share This Article