“GNA കരാർ റദ്ദാക്കിയതിലൂടെ വൻ കൊള്ള സ്ഥിരീകരിക്കപ്പെട്ടു; ജുഡീഷ്യൽ അന്വേഷണം വേണം” ; പിണറായി വിജയൻ

insight kerala

തിരുവനന്തപുരം: ജി എൻ എ കരാറിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് . മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നത് വൻകൊള്ള എന്നും അഴിമതിക്ക് മുഖ്യമന്ത്രി നേതൃത്വം നൽകിയെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

“സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവർകട്ട് ഭീതിയിലാഴ്ത്തി നടപ്പിലാക്കാൻ ശ്രമിച്ച വൻ കൊള്ളയാണ് ജിഎൻഎ കരാർ റദ്ദാക്കലിലൂടെ സ്ഥിരീകരിക്കപ്പെട്ടത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് പൂർണ്ണമായും ശരിയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ക്രമക്കേടുകൾ തെളിവുസഹിതം പ്രതിപക്ഷവും മാധ്യമങ്ങളും തുറന്നുകാട്ടിയപ്പോൾ മാത്രമാണ് പിൻവാങ്ങാൻ സർക്കാർ നിർബന്ധിതമായത്. ഇല്ലാത്ത പ്രതിസന്ധിയുടെ പേരിൽ ജനങ്ങൾക്ക് മേൽ വൻ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകിയ ഈ അഴിമതിയെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം.”

“കെഎസ്ഇബിയുടെ എതിർപ്പുകൾ മറികടന്നും ടെൻഡർ നടപടികളില്ലാതെയും സ്വന്തമായി ഉൽപ്പാദനമില്ലാത്ത, വൈദ്യുതി ട്രേഡർ പോലുമല്ലാത്ത സ്വകാര്യ ഇടനില പ്ലാറ്റ്‌ഫോമിന് ഉയർന്ന നിരക്കിൽ കരാർ നൽകാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതിയാണ്. വകുപ്പിലെ നിർണായക തീരുമാനങ്ങളും കരാർ റദ്ദാക്കലും വകുപ്പ് മന്ത്രി പോലും പത്രവാർത്തകളിലൂടെ അറിയേണ്ടിവന്ന സാഹചര്യം മന്ത്രിസഭയുടെ ഭരണഘടനാപരമായ കൂട്ടുത്തരവാദിത്വം പൂർണ്ണമായും തകർന്നതിന് തെളിവാണ്.”
“കെപിസിസി പ്രസിഡന്റ് കൂടിയായ വൈദ്യുതി മന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് ഈ ഇടപാടിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.
ഒക്ടോബറിൽ വി.ഇ.എൻ. ഗ്ലോബൽ എന്ന കമ്പനിയിൽ. നിന്നും 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 11 രൂപക്ക് വാങ്ങിയതും മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തിരമാണെന്നാണ് മനസ്സിലാക്കുന്നത്. ടെണ്ടറോ റഗുലേറ്ററി കമ്മീഷൻ്റെ അനുമതിയോ കൂടാതെ നടത്തിയ ഈ ഇടപാടും ദുരൂഹമാണ്.”

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ച് നടന്ന ബാഹ്യ ഇടപെടലുകളാണ് ഇതിലൂടെയെല്ലാം വ്യക്തമാകുന്നത്. അഴിമതി കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മുൻ കെഎസ്ഇബി ചെയർമാന്റെ റിപ്പോർട്ടിന്മേൽ അന്വേഷണം പ്രഖ്യാപിച്ച് ഉദ്യോഗസ്ഥരെ ബലിയാടാക്കി ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഉന്നയിക്കപ്പെട്ട ഗൗരവകരമായ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്. കൃത്രിമ പ്രതിസന്ധി സൃഷ്ടിച്ച് വൻ അഴിമതിക്ക് കളമൊരുക്കിയതിന് പിന്നിലെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണെന്നും വകുപ്പ് മന്ത്രിയെപ്പോലും ഒഴിവാക്കി എടുത്ത തീരുമാനങ്ങൾക്ക് പിന്നിലെ താല്പര്യങ്ങൾ എന്താണെന്നും പുറത്തുവരണം.
ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നിർദേശം തന്നെ ആവശ്യമായിരുന്നോ എന്ന പരിശോധന നടത്താതെ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതിൻ്റെ പുറകിലെ ഉദ്ദേശം എന്തായിരുന്നു? കരാറുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും സർക്കാർ പുറത്തുവിടണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് ഉൾപ്പെടെ സമഗ്രമായി പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണത്തിലൂടെയേ സാധ്യമാകൂ.”; പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Share This Article