തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും സാംബശിവ റാവുവിനെ മാറ്റാൻ ആലോചന. എക്സൈസ് കമ്മീഷണറുടെ നടപടികളിൽ മന്ത്രി അതൃപ്തി അറിയിച്ചതോടെയാണ് തീരുമാനം. ഇത് സംബന്ധിച്ച് കാര്യങ്ങൾ മുഖ്യമന്ത്രിയെ ബോധിപ്പിക്കും.
അതേസമയം, സർക്കാറിന് വിശദീകരണം നൽകിയിരിക്കുകയാണ് സാംബശിവ റാവു. സിയാലിൻ്റെ അപേക്ഷപ്രകാരമാണ് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത് എന്നും സർക്കാറിന്റെ ഉത്തരവ് ഓഗസ്റ്റിലാണ് ഉണ്ടായതെന്നും അതിനുശേഷം ബാറുകൾക്ക് ലൈസൻസ് അനുവദിച്ചിട്ടില്ല എന്നും കമ്മീഷണർ വിശദീകരിച്ചിട്ടുണ്ട്. വിശദീകരണത്തിൽ എക്സൈസ് മന്ത്രി തൃപ്തനല്ല എന്നാണ് സൂചന.
സർക്കാരിൻ്റെ നയങ്ങൾക്ക് വിരുദ്ധമായി തുടർച്ചയായി പ്രവർത്തിക്കുന്നുവെന്ന വിലയിരുത്തലും സാംബശിവ റാവുവിനെതിരെ ഉണ്ട്. ഇതിനുപിന്നിൽ മറ്റെന്തെങ്കിലും സ്ഥാപിത താല്പര്യമുണ്ടോ എന്നും അന്വേഷിക്കുമെന്നാണ് വിവരം.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബാർ ലൈസൻസ് അനുവദിച്ചത് അടക്കമുള്ള കാര്യങ്ങൾ അന്വേഷണവിധേയമാക്കും. എക്സൈസ് കമ്മീഷണറുടെ നടപടികളിൽ അന്വേഷണം നടത്താനും മന്ത്രി എം. ലിജു നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, എക്സൈസ് മന്ത്രി അറിയാതെ സംസ്ഥാനത്ത് രണ്ട് പുതിയ ബാർ ലൈസൻസുകൾ കൂടി അനുവദിച്ചതായി രേഖകൾ പുറത്തുവന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ലോഞ്ച് ബാറുകൾക്കാണ് ലൈസൻസ് അനുവദിച്ചത്. ജൂൺ 22ന് ഒരു മിനിറ്റ് ഇടവേളയിൽ രണ്ട് ബാർ ലൈസൻസുകൾ അനുവദിച്ച് ഉത്തരവിറക്കിയതും സാംബശിവ റാവു ആണ്

