ലോകചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ കൊള്ള നടന്നത് ഇക്കഴിഞ്ഞ വ്യാഴാഴ്ച; വെറും 20 മിനിറ്റിനുള്ളില്‍ 59,820 കോടിയിലധികം രൂപയുടെ ക്രിപ്‌റ്റോ കവര്‍ച്ച; കമ്മ്യൂണിസിസ്റ്റ് ഉത്തരകൊറിയ കൊള്ളയടി സംഘമായി മാറുമ്പോള്‍!

insight kerala

എം റിജു

ലോക ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ കൊള്ള നടന്നത് ഈ വ്യാഴാഴ്ചയാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ? പക്ഷേ അത് ശരിയാണ്.
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ ബൈനാന്‍സില്‍ നടന്ന കൊള്ളയില്‍, വെറും 20 മിനിറ്റിനുള്ളില്‍ 6.3 ശതകോടി ഡോളര്‍ (ഏകദേശം 59,820 കോടിയിലധികം രൂപ) ഹാക്കര്‍മാര്‍ കവര്‍ന്നു. ക്രിപ്‌റ്റോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കവര്‍ച്ചയാണിത്. പക്ഷേ പ്രശ്‌നം അവിടെ തീരുന്നില്ല.
ഈ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ‘ലസാറസ്’ എന്ന കുപ്രസിദ്ധ ഹാക്കിങ് ഗ്രൂപ്പാണെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. നോക്കുക, ഒരു രാജ്യം അതും ഒരു കമ്യുണിസിസ്റ്റ് രാജ്യം തന്നെ അവരുടെ എല്ലാം സൗകര്യങ്ങളും ഉപയോഗിച്ച് ഹാക്കര്‍മാരെ വളര്‍ത്തുന്നു. അത് ലോകത്തിന് തന്നെ ഭീഷണിയാവുകയാണ്. ഇതേ ടെക്ക്‌നിക്ക്‌വെച്ച് അവര്‍ക്ക് എന്തെല്ലാം കൊള്ളകള്‍ നടത്താമെന്ന ആശങ്കയാണ് ആഗോള സാമ്പത്തിക രംഗത്തുള്ളത്.

ബൈനാന്‍സിലെ ഒരു എന്‍ജിനീയറുടെ ലാപ്‌ടോപ്പ് ഹാക്ക് ചെയ്താണ് അക്രമികള്‍ സിസ്റ്റത്തിനകത്തേക്ക് കടന്നുകൂടിയത്. എന്നാല്‍ ഉപയോക്താക്കളുടെ പണം സുരക്ഷിതമാണെന്നും, കമ്പനിയുടെ പ്രത്യേക ഇന്‍ഷുറന്‍സ് ഫണ്ട് ഉപയോഗിച്ച് ഈ നഷ്ടം നികത്തുമെന്നും ബൈനാന്‍സ് അറിയിച്ചു. കൂടാതെ, വിവിധ ഏജന്‍സികളുമായി സഹകരിച്ച് ഇതിനകം 3 ശതകോടി ഡോളറോളം വരുന്ന ആസ്തികള്‍ മരവിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഈ വാര്‍ത്ത പുറത്തുവന്നതോടെ ക്രിപ്‌റ്റോ വിപണിയില്‍ ഇടിവുണ്ടാവുകയും, ബിറ്റ്‌കോയിന്‍ വില 4 ശതമാനം താഴ്ന്ന് 77,465 ഡോളറിലെത്തുകയും ചെയ്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പക്ഷേ ഇപ്പോഴും ഭീതി തുടരുകയാണ്. ഉത്തരകൊറിയ തങ്ങളുടെ സൈനിക-ആണവ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ അന്താരാഷ്ട്ര തലത്തില്‍ ഇത്തരം വന്‍കിട സൈബര്‍ കൊള്ളകള്‍ നടത്താറുണ്ട്. ശരിക്കും ഈ കമ്യൂണിസ്റ്റ് രാഷ്ട്രം ഒരു വലിയ കൊള്ളയടി സംഘമായി മാറുകയാണ്.

ഒരു രാജ്യം സൈബര്‍ കൊള്ളയിലേക്ക്

കിം ജോങ്് ഉന്‍ എന്ന ഭ്രാന്തന്‍ ഭരണാധികാരിയുടെ ഏകാധിപത്യത്തില്‍ കഴിയുന്ന വടക്കന്‍ കൊറിയയയെ, അമേരിക്കയടക്കമുള്ള പ്രമുഖ രാജ്യങ്ങളെല്ലാം വിലക്കിയിരിക്കയാണ്. എന്നിട്ടും എങ്ങനെയാണ് ആണവ ശക്തിയാവാന്‍ കഴിഞ്ഞതും, ലോകത്തിന്റെ മുഴുവന്‍ ഉറക്കം കെടുത്തുന്ന ആയുധ ശക്തിയാവാനും ആ രാജ്യത്തിന് കഴിയുന്നത് എന്നത്, ഇന്നും അത്ഭുതമാണ്്. ജനം പട്ടണി കിടക്കുമ്പോഴും ബില്യണ്‍ കണക്കിന് ഡോളറിന്റെ ആസ്തിയുണ്ട് കിം കുടുംബത്തിന്. അത്യാഡംബരത്തോടെയാണ്, ഉത്തര കൊറിയയുടെ ഈ സര്‍വാധിപതി കഴിയുന്നത്. ഇതിനെല്ലാം പണം എവിടെനിന്ന് വരുന്നു എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, സര്‍ക്കാര്‍തന്നെ കൊള്ളസംഘമായി മാറുന്നുവെന്ന്! അവര്‍ കൊള്ളയടിക്കുന്നത് മറ്റ് രാജ്യങ്ങളെയാണെന്ന് മാത്രം.

അന്താരാഷ്ട്ര ഉപരോധങ്ങള്‍ കാരണം ഉത്തരകൊറിയക്ക് മറ്റ് രാജ്യങ്ങളുമായി നിയമപരമായി വ്യാപാരം നടത്താനോ പണം സമ്പാദിക്കാനോ കഴിയില്ല. അതിനാല്‍, രാജ്യത്തിന്റെ ആണവായുധ-മിസൈല്‍ വികസന പരിപാടികള്‍ക്ക് ആവശ്യമായ കോടിക്കണക്കിന് രൂപ കണ്ടെത്താനുള്ള വരുമാന മാര്‍ഗ്ഗമായാണ് കിം ജോങ് ഉന്‍ ഭരണകൂടം ഹാക്കര്‍മാരെ ഉപയോഗിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ ഹാക്ക് ചെയ്യുന്നത് വഴി വളരെ പെട്ടെന്ന് പണം കണ്ടെത്താനും, അത് കണ്ടെത്താനാകാത്ത വിധം ഡിജിറ്റല്‍ വാറ്റുകളിലൂടെ മാറ്റിയെടുക്കാനും കഴിയുമെന്നതിനാലാണ് അടുത്തിടെയായി ഇവര്‍ ക്രിപ്‌റ്റോ കൊള്ളകളിലേക്ക് വലിയ രീതിയില്‍ തിരിഞ്ഞിരിക്കുന്നത്. അതിലേറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബൈനാന്‍സില്‍ നടന്ന വലിയ കൊള്ള.

‘ലസാറസ് ഗ്രൂപ്പ്’ വെറുമൊരു ക്രിമിനല്‍ ഹാക്കിങ് സംഘമല്ല, മറിച്ച് ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സൈനിക ഇന്റലിജന്‍സ് വിഭാഗമായ ‘റീകണൈസന്‍സ് ജനറല്‍ ബ്യൂറോയുടെ’ (ആര്‍ജിബി) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റേറ്റ്-സ്‌പോണ്‍സേര്‍ഡ, സൈബര്‍ സൈന്യമാണ്. ഇത് സംബന്ധിച്ച് അമേരിക്കന്‍ നീതിന്യായ വകുപ്പും, എഫ്.ബി.ഐയും അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ വിദഗ്ധരും അന്വേഷണം നടത്തുകയാണ്.

യു.എസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ കണ്ടെത്തല്‍ അനുസരിച്ച്, ഉത്തരകൊറിയന്‍ മിലിട്ടറിയുടെ ‘ലാബ് 110’ എന്ന രഹസ്യാന്വേഷണ യൂണിറ്റിന് വേണ്ടിയാണ് ലസാറസ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട മുന്‍ ഉദ്യോഗസ്ഥരുടെവെളിപ്പെടുത്തല്‍ പ്രകാരം ഈ ഹാക്കിങ് വിങ് രാജ്യത്തിനുള്ളില്‍ അറിയപ്പെടുന്നത് ‘414 ലെയ്‌സണ്‍ ഓഫീസ്’ എന്ന പേരിലാണ്. ഉത്തരകൊറിയയിലെ കടുത്ത ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ കാരണം, ഈ ഗ്രൂപ്പിലെ ഭൂരിഭാഗം ഹാക്കര്‍മാരും ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സാധാരണ ഐ.ടി ജീവനക്കാരായി വേഷമിട്ടാണ് കവര്‍ച്ചകള്‍ ആസൂത്രണം ചെയ്യുന്നത്. നേരത്തെയും വലിയ കവര്‍ച്ചകള്‍ ഈ ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിനെ പരിഹസിക്കുന്ന ‘ദി ഇന്റര്‍വ്യൂ’ എന്ന സിനിമ നിര്‍മ്മിച്ചതിലുള്ള പ്രതികാരമായി സോണി പിക്‌ചേഴ്‌സിന്റെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുകയും നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തു. ഇത് ഔദ്യോഗികമായി ഒരു രാജ്യം നടത്തിയ സൈബര്‍ യുദ്ധമായാണ് വിലയിരുത്തപ്പെട്ടത്. 2013ലായിരുന്നു ഈ സംഭവം. 2016-ല്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വിലെ ബംഗ്ലാദേശ് ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് ഏകദേശം 100 കോടി ഡോളര്‍ തട്ടിയെടുക്കാന്‍ ലസാറസ് ശ്രമിച്ചു. ടൈപ്പിംഗിലെ ചെറിയൊരു പിഴവ് കാരണം ബാക്കി തുക ബ്ലോക്ക് ആയെങ്കിലും 8.1 കോടി ഡോളര്‍ ഇവര്‍ വിജയകരമായി കടത്തിക്കൊണ്ടുപോയി.

2017-ല്‍ ലോകത്തിലെ 150-ലധികം രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തോളം കമ്പ്യൂട്ടറുകളെ ഒറ്റയടിക്ക് ലോക്ക് ചെയ്ത് പണം ആവശ്യപ്പെട്ട ആഗോള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ലസാറസ് ആണെന്ന് ന്യൂയോര്‍ക്ക് ടൈംസും സൈബര്‍ സുരക്ഷാ സ്ഥാപനമായ സിമാന്റെക്കും തെളിവുകളോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാനാക്രൈ റാന്‍സംവെയര്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇങ്ങനെ എത്രയെത്ര െൈസബര്‍ കൊള്ളകര്‍

കളളക്കടത്തിന് ഒരു മന്ത്രാലയം!

insight kerala

ഡി കമ്പനിതൊട്ട് മെക്സിക്കന്‍ ഗ്യാങ്ങ്വരെയുള്ള ലോകത്തിലുള്ള കള്ളക്കടത്ത് സംഘങ്ങളെല്ലാം വ്യക്തികളുടെ നിയന്ത്രണത്തിലാണ്. പക്ഷേ ഒരു രാഷ്ട്രം തന്നെ നേരിട്ട് കള്ളക്കടത്ത് നടത്തുകയും, അതിനായി ഒരു മന്ത്രാലയം തന്നെ ഉണ്ടാക്കിയാലോ? ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും, ചാനല്‍ ഫോറും, ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളും, ഇക്കാര്യം സ്ഥിരീകരിക്കുന്നു. അവര്‍ ഉദ്ധരിക്കുന്നതാവട്ടെ, വടക്കന്‍ കൊറിയയില്‍നിന്ന് രക്ഷപ്പെട്ടുവന്ന, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ നല്‍കിയ വിവരങ്ങളാണ്. സിഎഎ അടക്കമുള്ള അമേരിക്കന്‍ ഏജന്‍സികളുടെ അന്വേഷണത്തിലും വ്യക്തമായ കാര്യമാണിത്.

റൂം 39, അല്ലെങ്കില്‍ ഓഫീസ് 39 എന്നാണ് തങ്ങളുടെ കള്ളക്കടത്തിനായി രൂപീകരിച്ച മന്ത്രാലയത്തിന് വടക്കന്‍ കൊറിയ നല്‍കിയ പേര്. ഏത് നിലക്കും രാജ്യത്തേക്ക് വിദേശനാണ്യം എത്തിക്കുകയാണ് ഇവരുടെ ജോലി. വിദേശനാണ്യകരുതല്‍ ശേഖരം കുത്തനെ ഇടിഞ്ഞാല്‍, പെട്രോള്‍ അടക്കം ഒന്നും ഇറക്കുമതിചെയ്യാനാവാതെ, പാക്കിസ്ഥാനിലും ശ്രീലങ്കയിലും ഉണ്ടായതിന് സമാനമായ അവസ്ഥയാണ് ഉണ്ടാവുക. ഇന്ത്യയില്‍ 90-കളില്‍ ഈ അവസ്ഥയുണ്ടായപ്പോഴാണ് ചന്ദ്രശേഖര്‍ സര്‍ക്കാര്‍, സ്വര്‍ണ്ണം വിദേശബാങ്കുകളില്‍ പണയം വെക്കേണ്ട ഗതികെട്ട അവസ്ഥയുണ്ടായത്. ഇതേ തുടര്‍ന്നാണ്, 91-ല്‍ അധികാരത്തിലേറിയ നരസിംഹറാവു സര്‍ക്കാര്‍ സാമ്പത്തിക ഉദാരീകരണം നടപ്പാക്കിയത്. എന്നാല്‍ സ്വന്തം രാജ്യത്തേക്ക് ടൂറിസ്റ്റുകളെപ്പോലും അനുവദിക്കാത്ത, ചൈനയല്ലാതെ മറ്റൊരു രാജ്യവുമായി നല്ല ബന്ധംപോലുമില്ലാത്ത, ഉത്തര കൊറിയ എന്ന തുറന്ന ജയിലില്‍ ആഗോളീകരണത്തിനും ഉദാരീകരണത്തിനുമൊന്നും ഒരു സാധ്യതയുമില്ല. അതിന് പകരം അവര്‍ കണ്ടെത്തിയ വഴിയാണ് മയക്കുമരുന്ന് -ആയുധ കള്ളക്കടത്തും, ഡോളറിന്റെയടക്കം ഡ്യൂപ്പിക്കേറ്റ് നിര്‍മ്മാണവും!

അത് കൃത്യമായ എക്സിക്യൂട്ടീവ് ചെയ്യുന്നത്, ഓഫീസ് 39 നിലൂടെയാണ്. വടക്കന്‍ കൊറിയയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. 10 ബില്യണ്‍ ഡോളറാണ് ഇവരുടെ ഒരു വര്‍ഷം രാജ്യത്തേക്ക് കൊണ്ടുവരുന്ന വിദേശ പണം എന്നാണ് ചാനല്‍ ഫോര്‍ ഡോക്യുമെന്റി പറയുന്നത്. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ പകുതി ഇങ്ങനെ കള്ളപ്പണത്തിലൂടെയാണ് ഉപയോഗിക്കുന്നത്.

ഡോളര്‍ കള്ളക്കടത്തും ലഹരി വില്‍പ്പനയും

ഒരു രാജ്യം നേരിട്ട് എല്ലാവിധ ഔദ്യോഗിക സംവിധാനങ്ങളും ഉപയോഗിച്ച് കള്ളനോട്ടടി തുടങ്ങിയാല്‍ എന്തു ചെയ്യാന്‍ കഴിയും. ഉത്തര കൊറിയയുടെ ഏറ്റവും വലിയ വരുമാന മാര്‍ഗം ഈ കള്ളനോട്ടടിയാണ്. ആര്‍ക്കും വേണ്ടാത്ത സ്വന്തം കറന്‍സിയല്ല. പുത്തന്‍ അമേരിക്കന്‍ ഡോളറാണ്, ഈര്‍ച്ചവാള്‍ചേര്‍ച്ചയോടെ അവര്‍ അടിച്ചുകൂട്ടുന്നത്. 2010-വരെ അമേരിക്കയില്‍ അടിച്ചുകൂട്ടിയ അത്ര ഡോളര്‍, ഉത്തര കൊറിയയിലും അടിക്കുമായിരുന്നത്രേ. പിന്നീട് അമേരിക്ക ഡോളര്‍ അച്ചടി വേറെ ലെവലിലേക്ക് മാറ്റിയതോടെയാണ് ഈ പണി ഏതാണ്ട് നിന്നത്. അതുവരെയും അമേരിക്കന്‍ ഡോളറിന്റെ അതേ കടലാസും, അതേ വാട്ടര്‍ മാര്‍ക്കും, അതേ മഷിയും വെച്ച്, ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പിക്കേറ്റ് ആയിരുന്നു കൊറിയ അടിച്ചുകൊണ്ടിരുന്നത്. കള്ളക്കടത്ത് സംഘങ്ങളെപ്പോലെയല്ലല്ലോ ഒരു രാഷ്ട്രം. അവര്‍ വിചാരിച്ചാല്‍ ഏത് പ്രസും വാങ്ങിയെടുക്കാന്‍ കഴിയും. കൊറിയന്‍ പ്രസിഡന്റ് നേരിട്ട് നിയന്ത്രിക്കുന്ന ഓഫീസ് 39 ആണ്, ഇതിനും നേതൃത്വം കൊടുത്തിരുന്നത്.

അല്ലെങ്കിലും ഡ്യൂപ്ലിക്കേറ്റിന്റെയും ആഗോള തലസ്ഥാനമാണ് ഈ കമ്യൂണിസ്റ്റ് രാജ്യം. നമ്മുടെ കുന്നംകുളം ഡ്യൂപ്പിക്കേറ്റ് ഒന്നും ഒന്നുമല്ല. ലോകത്തിലെ ഏറ്റവും പ്രമുഖ ബ്രാന്‍ഡുകളുടെയൊക്കെ ഡ്യൂപ്പിക്കേറ്റ് ഈ ഓഫീസ് 39 ഉണ്ടാക്കിയെടുക്കും. ഡ്യൂപ്പിക്കേറ്റ് സിഗരറ്റായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. 90-കളില്‍ ലോക വിപണയില്‍ കിട്ടിയിരുന്ന, 25 ശതമാനം സിഗരറ്റുകളും കൊറിയയില്‍നിന്നുവന്ന വ്യാജനായിരുന്നു. നൂറുമില്യന്‍ ഡോളര്‍വരെ ഈ ബിസിനസില്‍നിന്ന് കൊറിയ വിദേശനാണ്യമുണ്ടാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നും പഴയ പ്രതാപമില്ലെങ്കിലും ഡ്യൂപ്പിക്കേറ്റ് ബിസിനസ് നടക്കുന്നുണ്ട്. വയാഗ്രക്കും വിവിധ പരമ്പാരഗത കൊറിയന്‍ മരുന്നുകള്‍ക്കും, രക്തചന്ദനം ചേര്‍ക്കുന്ന സൗന്ദര്യവസ്തുക്കള്‍ക്കുമെല്ലാം, പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ബദലായി അവര്‍ ഡ്യൂപ്പിക്കേറ്റ് ഇറക്കുന്നുണ്ട്.

പക്ഷേ 90-കളേക്കാള്‍ പ്രതാപത്തോടെ, ഇന്നും തുടരുന്ന ശതകോടികള്‍ വരുമാനമുള്ള പരിപാടിയാണ് ഡ്രഗ്സ് നിര്‍മ്മാണവും വിതരണവും. ഇതിനും ദീര്‍ഘകാലത്തെ പഴക്കമുണ്ട്്. കൊറിയയുടെ ദ ഗ്രേറ്റ് ലീഡര്‍ എന്ന് അറിയപ്പെടുന്ന കിം ഇല്‍ സങ്ങിന്റെ കാലത്തുതന്നെ ഈ പരിപാടിയുണ്ട്. ജനങ്ങള്‍ പട്ടിണികൊണ്ട് പൊറുതിമുട്ടി, പല്ലിയെയും പാറ്റയെയും തിന്നുന്ന കാലത്ത്, കിം ഇല്‍ സങ്ങ് ഉത്തരവിട്ടത്, ധാന്യത്തിന് പകരം ഓപ്പിയം കൃഷിചെയ്യാനാണെന്നാണ് ഉത്തര കൊറിയയിനിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നത്! നെല്ലില്‍നിന്ന് കിട്ടുന്നതിന്റെ പത്തിരിട്ടി ലാഭം കറുപ്പില്‍നിന്ന കിട്ടുമെന്നാണ് ആ പാവങ്ങളെ പഠിപ്പിച്ചത്. പക്ഷേ ജനങ്ങള്‍ക്ക് ഇതിലും നക്കാപ്പിച്ചയാണ് കിട്ടിയത്. കറുപ്പിന്റെ ലാഭം സ്റ്റേറ്റ് എടുത്തു. ഉത്തര കൊറിയയില്‍ സ്റ്റേറ്് എന്നാല്‍ കിം കുടുംബം തന്നെയാണ്.കിം ജോങ്് ഉന്നിന്റെ കാലമെത്തിയതോടെ, ഓപ്പിയം ഉല്‍പ്പനങ്ങളില്‍നിന്ന് മാറി അതി ഗുരുതരമായ രാസലഹരി ഉല്‍പ്പാദനത്തിലേക്ക് രാജ്യം അപ്ഡേറ്റ് ചെയ്യപ്പെട്ടു. അത് ഇന്ന് ലോകം മുഴുവന്‍ എത്തുന്ന വിപത്തായി മാറുന്നു.

കടുത്ത ഇസ്ലാമിക നിയമങ്ങളുടെ വക്താക്കളായ താലിബാന്റെയും പ്രധാന വരുമാനം മയക്കുമരുന്ന് കള്ളക്കടത്താണ്. അഫ്ഗാനില്‍ ഗ്രാമീണര്‍ക്ക് നട്ടുനനച്ചുവളര്‍ത്താല്‍ ആയിരക്കണക്കിന് പോപ്പിച്ചെടികളാണ് താലിബാന്‍ വിതരണം ചെയ്തിരിക്കുന്നത്. ഉള്‍ഗ്രാമങ്ങളില്‍ പലയിടത്തും, കണ്ണെത്താദൂരത്ത് പോപ്പിപ്പാടങ്ങളാണ്. ഇവിടെനിന്ന് എടുക്കുന്ന കറുപ്പ്, സംസ്‌ക്കരിച്ച് ഹെറോയിന്‍ ആക്കി മാറ്റുന്ന കുടില്‍ വ്യവസായവും അഫ്ഗാനിലുണ്ട്. നാര്‍ക്കോട്ടിക്സ് എന്ന ഈ ഡേര്‍ട്ടി ബിസിനസ് ചെയ്യുമ്പോഴും, താലിബാന്‍ ഒരു അര്‍ത്ഥത്തില്‍ സത്യസന്ധരാണ്. കയറ്റുമതിചെയ്യുകയല്ലാതെ അവര്‍ അത് ഉപയോഗിക്കുകയോ, സ്വന്തം രാജ്യത്ത് വിതരണം ചെയ്യുകയോ ഇല്ല. എന്നാല്‍ നമ്മുടെ ‘കിമ്മേട്ടന്’ ആ എത്തികസ് പോലുമില്ല. വടക്കന്‍ കൊറിയയിലും സര്‍ക്കാര്‍ നിര്‍മ്മിച്ച രാസലഹരിയടക്കമുള്ളവ വ്യാപകമായി കിട്ടുമായിരുന്നെന്നാണ് അവിടെനിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നത്. ഇത്തരം ബ്ലാക്ക്മാര്‍ക്കറ്റുകള്‍ക്ക് നേരെ അധികൃതര്‍ കണ്ണടക്കും. സ്വന്തം ജനത ചത്താലും വേണ്ടില്ല. കിമ്മിന് മുഖ്യം പണമാണ്.

ഐസിസിനുവരെ ആയുധ വില്‍പ്പന

രാജ്യം പട്ടിണിയിലാണെങ്കിലും, ശതകോടികളുടെ ആയുധ സമ്പത്തുള്ള രാജ്യമാണ് ഇത്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ പിന്തുണയിലൂടെയാണ്, ആരെയും വെല്ലുവിളിക്കാന്‍ കഴിയുന്ന ആയുധ ശക്തികളായി അവര്‍ വളര്‍ന്നത്. പിന്നീട് സോവിയറ്റ് യൂണിയന്‍ തകരുകയും, അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടും, വടക്കന്‍ കൊറിയയുടെ ആയുധ മത്സരത്തിന് യാതൊരു കുറവും വന്നില്ല. അവരുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും വരുന്നത് ലീത്തല്‍ ആംസ് ട്രേഡിലൂടെയാണ്.

ഇറാന്‍- ഇറാഖ് യുദ്ധമായിരുന്നു, ഉത്തര കൊറിയുടെ ചാകരക്കാലം എന്നാണ്, ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്. അന്ന് ഇറാന്, ഈ തെമ്മാടിരാഷ്ട്രം നന്നായി ആയുധങ്ങള്‍ നല്‍കി. പരസ്പരം ഒരുരീതിയിലും ചേരാത്ത പ്രത്യയശാസ്ത്രം ആണെങ്കിലും, ഇന്നും ഇറാനും വടക്കന്‍ കൊറിയയും മോശമല്ലാത്ത ബന്ധത്തിലാണ്. ഇറാനെ ആണവശക്തിയാക്കിയതിന് പിന്നിലും വടക്കന്‍ കൊറിയയുടെ കൈകള്‍ സിഐഎ സംശയിക്കുന്നുണ്ട്. ഇറാനുമാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീവ്രവാദ സംഘങ്ങള്‍ക്കും ഇവര്‍ വ്യാപകമായി ആയുധം വിറ്റു. നൈജീരിയിലെ ബോക്കോഹറാം തൊട്ട് സാക്ഷല്‍ ഐസിസും, അല്‍ഖായിദയും വരെ ഉപയോഗിക്കുന്നത് നോര്‍ത്ത് കൊറിയന്‍ ആയുധങ്ങളാണ്. അങ്ങനെ ലോക സമാധാനത്തിനുവരെ, ഈ കൊച്ചു രാഷ്ട്രം ഭീഷണിയായി.

സിറിയില്‍ ഇന്നും പൊട്ടുന്ന ലാന്‍ഡ് മൈനുകളും, കലാഷ്നിക്കോവുകളുമൊക്കെ മെയ്ഡ് ഇന്‍ നോര്‍ത്ത് കൊറിയയാണ്. എത്യോപ്പ്യയും, സുഡാനും തൊട്ട് സൊമാലിയയിലെ കടല്‍ക്കൊള്ളക്കാര്‍ക്കുവരെ മരാകായുധങ്ങള്‍ എത്തുന്നത്, ഈ ബ്ലാക്ക് മാര്‍ക്കറ്റിലൂടെയാണ്. ഉത്തര കൊറിയ വില്‍ക്കുന്നതിന്റെ എത്രയോ ഇരിട്ടിക്ക് ഇത് മറിച്ച് വിറ്റ്, ഇടനിലക്കാരും കോടീശ്വരര്‍ ആയി. ഇന്ത്യക്കും കടുത്ത ഭീഷണിയാണ് വടക്കന്‍ കൊറിയന്‍ ആയുധങ്ങള്‍. കാരണം പാക്കിസ്ഥാന്‍ വഴി കശ്മീര്‍ തീവ്രവാദികളുടെ കൈയില്‍ ഇവ ധാരാളം എത്തുന്നുണ്ട്. ഒരേ രാജ്യത്ത് പോരടിക്കുന്ന രണ്ട് വ്യത്യസ്ത ഗ്രൂപ്പുകള്‍ ഒരുപക്ഷേ ഉപയോഗിക്കുക, ഉത്തര കൊറിയുടെ തന്നെ ആയുധങ്ങള്‍ ആയിരിക്കും. അന്താരാഷ്ട്ര ഇടനിലക്കാരിലൂടെ ഇവ രണ്ടു ഗ്രൂപ്പുകളുടെയും കൈയിലെത്തും!

ഇപ്പോള്‍ ആയുധ വ്യാപാരം പഴതയുപോലെ നടക്കുന്നില്ല. അപ്പോള്‍ കിമ്മിന്റെ ഭാവനയില്‍ വിരിഞ്ഞ ഒരു കാര്യമാണ്, സൈബര്‍ കൊള്ള. ഉത്തര കൊറിയ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന സൈബര്‍ കൊള്ളക്കാര്‍ ലോകത്തിന് കടുത്ത ഭീഷണിയാവുകയാണ്.

Share This Article