“സുരക്ഷ ഉറപ്പാക്കുന്നതിനും വനിതാ അധ്യാപകരെ ലഭ്യമാക്കുന്നതിനുമാണ് അവര്‍ വിദ്യാഭ്യാസം വൈകിക്കുന്നത്; മാധ്യമങ്ങളില്‍ വരുന്നത് പൂര്‍ണ്ണമായും വിശ്വസിക്കരുത്”; താലിബാനെ ന്യായീകരിച്ച് സാക്കിര്‍ നായിക്ക് വീണ്ടും എയറില്‍

insight kerala

കെ വി നിരഞ്ജന്‍

വിദ്വേഷ പ്രസംഗം, ഭീകരവാദത്തിന് പ്രേരിപ്പിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതോടെ നാട്ടില്‍നിന്ന് മുങ്ങിയ വിവാദ ഇസ്ലാമിക പ്രഭാഷകര്‍ സാക്കിര്‍ നായിക് വീണ്ടും എയറില്‍. നേരത്തെ ക്രിസ്മസ് ആഘോഷിക്കരുത് എന്നതടക്കമുള്ള വിവാദങ്ങളുടെ പേരില്‍ എയറിലായ സാക്കിര്‍ നായിക്ക് ഇത്തവണ കുടുങ്ങിയിരിക്കുന്നത് താലിബാനെ ന്യായീകരിച്ചതിന്റെ പേരിലാണ്.

സാങ്കേതിക കാരണങ്ങളാലാണ് താലിബാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തിയത് എന്നാണ് സാക്കിര്‍ നായിക്ക് പറയുന്നത്. താലിബാന്‍ പ്രതിനിധികളുമായി താന്‍ നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നാണ് വീഡിയോ ക്ലിപ്പിലൂടെ സക്കീര്‍ നായിക് അവകാശപ്പെടുന്നത്. മാധ്യമങ്ങളില്‍ വരുന്നത് മുഴുവന്‍ സത്യമല്ലെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ വാദിക്കുന്നു. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വനിതാ അധ്യാപകരെ ലഭ്യമാക്കുന്നതിനുമാണ് താലിബാന്‍ വിദ്യാഭ്യാസം വൈകിക്കുന്നതെന്നാണ് നായിക് പറയുന്നത്. അനുയോജ്യരായ അധ്യാപകരെ ലഭിക്കുന്നത് വരെ വിദ്യാഭ്യാസം വൈകിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും നായിക് കൂട്ടിച്ചേര്‍ക്കുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അഫ്ഗാനിസ്താനില്‍ പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസ് വരെ പഠിക്കാന്‍ അനുമതിയുണ്ടെന്നാണ് നായിക് അവകാശപ്പെടുന്നത്. അന്തരീക്ഷം സുരക്ഷിതമല്ലാത്തതിനാലാണ് ഉന്നതവിദ്യാഭ്യാസം താല്‍ക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കൂടാതെ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയില്‍ ആവശ്യത്തിന് വനിതാ അധ്യാപകരില്ലെന്നും അദ്ദേഹം വാദിക്കുന്നു. അഫ്ഗാന്‍ സ്ത്രീകള്‍ ഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടുന്നുണ്ടെന്നും അതിനാല്‍ വിദ്യാഭ്യാസം തടഞ്ഞു എന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എതിര്‍ത്ത് മലാലയുടെ പിതാവ് അടക്കമുള്ളവര്‍

സാക്കിര്‍ നായിക്കിന്റെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്നത്. ഇന്ത്യക്കാര്‍ക്കും പാക്കിസ്താനികള്‍ക്കും പുറമെ അഫ്ഗാന്‍ സ്വദേശികളും ഒന്നടങ്കം നായികിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു. താലിബാനെ വെള്ളപൂശാനുള്ള ശ്രമമാണ് നായിക് നടത്തുന്നതെന്ന് ഇവര്‍ ആരോപിച്ചു. മലേഷ്യയില്‍ അഭയം തേടിയിരിക്കുന്ന സക്കീര്‍ നായികിന്റെ ഈ പ്രസ്താവന കേവലം താലിബാന്‍ അനുകൂല പ്രചാരണം മാത്രമാണെന്ന് ഇവര്‍ ആരോപിക്കുന്നു.

സക്കീര്‍ നായികിന്റെ ഈ അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് ഐക്യരാഷ്ട്രസഭയുടെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 2021 ഓഗസ്റ്റ് 15-ന് താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം 26 ലക്ഷത്തിലധികം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്. ആറാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ ഔദ്യോഗിക വിദ്യാഭ്യാസം താലിബാന്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. ലോകത്ത് പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്ന ഏക രാജ്യം നിലവില്‍ അഫ്ഗാനിസ്താന്‍ മാത്രമാണ്.

സക്കീര്‍ നായികിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ ഭാഷയിലാണ് നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്സായി പ്രതികരിച്ചത്. പ്രഖ്യാപനമില്ലാത്ത നിരോധനത്തെ കേവലം വൈകല്‍ എന്ന് വിശേഷിപ്പിക്കുന്നത് തികച്ചും നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. വനിതാ അധ്യാപകരില്ലെന്ന് പറയുന്ന നായിക് അതിനുള്ള പരിഹാരം എന്താണെന്ന് വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം വാദങ്ങള്‍ താലിബാന്റെ ക്രൂരതകള്‍ക്ക് മതപരമായ സാധുത നല്‍കാന്‍ മാത്രമേ സഹായിക്കൂ എന്ന് സിയാവുദ്ദീന്‍ ഓര്‍മ്മിപ്പിച്ചു.

സക്കീര്‍ നായികിന് മലേഷ്യയില്‍ അഭയം നല്‍കിയതിനെ ചോദ്യം ചെയ്ത് പ്രമുഖ ഇന്ത്യന്‍ ഇസ്ലാമിക പണ്ഡിതന്‍ എ. ഫൈസൂര്‍ റഹ്‌മാന്‍ രംഗത്തെത്തി. താലിബാന്‍ വാദിയായ സക്കീര്‍ നായികിന് മലേഷ്യയില്‍ പിന്തുണ ലഭിക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനെ ടാഗ് ചെയ്തുകൊണ്ടാണ് ഫൈസൂര്‍ റഹ്‌മാന്‍ എക്സില്‍ കുറിപ്പ് പങ്കുവെച്ചത്. മുന്‍ നിര ചരിത്രകാരനായ എസ്. ഇര്‍ഫാന്‍ ഹബീബും മലേഷ്യന്‍ സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു.

മുന്‍ അഫ്ഗാന്‍ സുരക്ഷാ സേനാംഗമായ അസീം ഷിന്‍വാരിയും സക്കീര്‍ നായികിന്റെ യുക്തിയെ ചോദ്യം ചെയ്തു. പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അഫ്ഗാനിസ്താന് ആവശ്യമായ യോഗ്യതയുള്ള വനിതാ അധ്യാപകര്‍ എങ്ങനെ ഉണ്ടാകുമെന്ന് അദ്ദേഹം ചോദിച്ചു. അഫ്ഗാന്‍ സ്ത്രീകള്‍ ഉന്നത ബിരുദങ്ങള്‍ നേടുന്നുണ്ടെന്ന നായികിന്റെ വാദത്തിന് തെളിവെവിടെയാണെന്നും അദ്ദേഹം ആരാഞ്ഞു. താലിബാന്റെ രഹസ്യാന്വേഷണ വിഭാഗവുമായി സക്കീര്‍ നായിക് മുന്‍പ് കൂടിക്കാഴ്ച നടത്തിയ കാര്യം അസീം ഷിന്‍വാരി ഓര്‍മ്മിപ്പിച്ചു.

അഫ്ഗാനിസ്താന്‍ നാടുകടത്തപ്പെട്ട പാര്‍ലമെന്റ് അംഗം മറിയം സുലൈമാന്‍ഖിലും നായികിന്റെ വാദങ്ങളെ കളിയാക്കി രംഗത്തുവന്നു. താലിബാന്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കിയ അതേ വനിതാ അധ്യാപകര്‍ക്ക് വേണ്ടിയാണ് പെണ്‍കുട്ടികള്‍ കാത്തിരിക്കുന്നതെന്ന നായികിന്റെ യുക്തി അപഹാസ്യമാണെന്ന് അവര്‍ പറഞ്ഞു. ഡോക്ടര്‍ സക്കീര്‍ നായികിന്റേത് അദ്ഭുതകരമായ യുക്തിയാണെന്ന് അവര്‍ പരിഹസിച്ചു. അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടത് ഒഴികഴിവുകളല്ല, മറിച്ച് വിദ്യാഭ്യാസമാണെന്ന് മാധ്യമപ്രവര്‍ത്തകനായ മഹ്ബൂബ് ഷാ മഹ്ബൂബും വ്യക്തമാക്കി.

അഫ്ഗാന്‍ വംശജയായ യു.എസ് മാധ്യമപ്രവര്‍ത്തക ലിനാ റോസ്ബിഹ് സക്കീര്‍ നായികിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചു. താലിബാന്റെ വിദ്യാഭ്യാസ നിരോധനത്തെ പിന്തുണയ്ക്കുകയാണെങ്കില്‍ സക്കീര്‍ നായിക് അഫ്ഗാനിസ്താനിലേക്ക് മാറി താമസിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പുറത്തുനിന്നുകൊണ്ട് താലിബാന്‍ ഭരണകൂടത്തെ ന്യായീകരിക്കുന്നതിന് പകരം അവിടെ ജീവിച്ചു കാണിക്കണമെന്ന് അവര്‍ വെല്ലുവിളിച്ചു. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലാണ് ഇവര്‍ക്ക് പിന്തുണ ലഭിക്കുന്നത്.

insight kerala

ഇന്ത്യ തിരയുന്ന കുറ്റവാളി

സാമ്പത്തിക തട്ടിപ്പും വിദ്വേഷ പ്രസംഗവും നടത്തിയ കേസുകളില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ തിരയുന്ന കുറ്റവാളിയാണ് സാക്കിര്‍ നായിക്. 2016-ല്‍ ധാക്ക കഫേ ആക്രമണത്തിന് പിന്നിലെ ഭീകരര്‍ക്ക് നായികിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന ആരോപണത്തിന് പിന്നാലെയാണ് ഇയാള്‍ ഇന്ത്യ വിട്ടത്. തുടര്‍ന്ന് 2017-ല്‍ മലേഷ്യയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നേടി അവിടെ കഴിയുകയാണ്. ഇയാളെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഇതുവരെ വിജയത്തിലെത്തിയിട്ടില്ല.
ധാക്കയിലുണ്ടായ കഫേ ഭീകരാക്രമണത്തിന് പിന്നിലെ ഭീകരര്‍ക്ക് സക്കീര്‍ നായികിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന കണ്ടെത്തലിന് പിന്നാലെയാണ് എന്‍ഐഎ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ , നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരമാണ് പ്രധാനമായും കേസെടുത്തിരിക്കുന്നത്.

ഏകദേശം 193 കോടി രൂപയിലധികം കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാക്കിര്‍ നായികിനും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ പണം ഉപയോഗിച്ച് ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ വാങ്ങിയതായും ഇഡി കണ്ടെത്തി.സക്കീര്‍ നായികിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ്) എന്ന സംഘടനയെ ഇന്ത്യന്‍ സര്‍ക്കാര്‍ യുഎപിഎ പ്രകാരം നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചിരിക്കുകയാണ്. മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയും പിഎംഎല്‍എ കോടതിയും നായികിനെതിരെ ഒന്നിലധികം തവണ ജാമ്യമില്ലാ വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്ഐആറുകള്‍ എല്ലാം ഒന്നിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സക്കീര്‍ നായിക് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഒളിച്ചോടിയ ഒരു കുറ്റവാളിക്ക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇത്തരം ഹര്‍ജികള്‍ നല്‍കാന്‍ അവകാശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി വാദിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം സക്കീര്‍ നായികിന്റെ അഭിഭാഷകന്‍ ഈ ഹര്‍ജി പിന്‍വലിക്കുകയും കേസുകള്‍ റദ്ദാക്കുന്നതിനായി അതാത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെ സമീപിക്കാന്‍ അനുമതി തേടുകയും ചെയ്തു.

ഇന്ത്യയും മലേഷ്യയും തമ്മില്‍ 2010-ല്‍ ഒപ്പിട്ട കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഉണ്ടെങ്കിലും സാക്കിര്‍ നായികിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായി വിജയിച്ചിട്ടില്ല. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യന്‍ സര്‍ക്കാരിന്മേല്‍ സക്കീര്‍ നായികിനെ വിട്ടുനല്‍കാനായി നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ വേളയില്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും ഇന്ത്യ ഈ വിഷയം മുന്‍ഗണനാ ക്രമത്തില്‍ ഉന്നയിച്ചിരുന്നു. സക്കീര്‍ നായികിനെ വിട്ടുനല്‍കുന്നത് മലേഷ്യയിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ വളരെ തന്ത്രപ്രധാനമായ ഒരു വിഷയമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ തങ്ങളുടെ നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി മാത്രമേ ഈ കാര്യത്തില്‍ മുന്നോട്ട് പോകാന്‍ കഴിയൂ എന്നാണ് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം വ്യക്തമാക്കുന്നത്. മലേഷ്യയിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സക്കീര്‍ നായികിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കുന്നതിനെതിരെ പരസ്യമായി രംഗത്തുണ്ട്. സക്കീര്‍ നായികിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും കൃത്യമായ തെളിവുകളുടെയും ഔദ്യോഗിക കുറ്റപത്രങ്ങളുടെയും സാങ്കേതിക കുറവുകള്‍ ചൂണ്ടിക്കാട്ടി മുന്‍പ് ഇന്റര്‍പോള്‍ ഇത് നിരസിച്ചിരുന്നു.

സക്കീര്‍ നായിക് ഇപ്പോള്‍ മലേഷ്യയില്‍ സുരക്ഷിതനായി തുടരുകയാണ്. തനിക്ക് ഇന്ത്യയില്‍ നിന്നും ‘നീതിപൂര്‍വ്വമായ വിചാരണ’ ഉറപ്പാകുന്നത് വരെ താന്‍ തിരികെ വരില്ലെന്നാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും ഇന്ത്യയിലുള്ള സ്വത്തുക്കളും കണ്ടുകെട്ടുകയും, അദ്ദേഹത്തിന്റെ ‘പീസ് ടിവി’ ചാനലിന്റെ സംപ്രേഷണം പൂര്‍ണ്ണമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

Share This Article