തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിലെ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടാൻ തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. വിഷയത്തിൽ നഗരസഭ സർക്കാരിന് ഔദ്യോഗികമായി കത്തു നൽകും. അതിനിടെ, കൗൺസിലർ അജിൻ രാജി വെക്കണമെന്ന ആവശ്യവുമായും കൈക്കൂലി ആരോപണങ്ങൾ ഉന്നയിച്ചും ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ രംഗത്തെത്തിയതോടെ കൗൺസിൽ ഹാളിൽ കടുത്ത ബഹളവും തർക്കവും ഉടലെടുത്തു.
തൃക്കണ്ണാപുരം കൗൺസിലർ അജിനെ കൗൺസിൽ ഹാളിൽ നിന്ന് പുറത്താക്കണമെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി. 100 കൗൺസിലർമാർക്കും നാണക്കേടുണ്ടാക്കിയ വിഷയമാണിതെന്നും അജിനെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും പാപ്പനംകോട് സജി ആരോപിച്ചു. അജിൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും ഇയാളെ സഭയ്ക്കുള്ളിലിരുത്തി മുന്നോട്ടുപോകുന്നത് അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അജിനെതിരായ ആരോപണത്തിൽ അന്വേഷണം വേണമെന്ന് യു.ഡി.എഫും ആവശ്യപ്പെട്ടു. സംഭവം നഗരസഭയ്ക്ക് ഉണ്ടാക്കിയത് വലിയ നാണക്കേടാണെന്ന് വാഴോട്ട്കോണം കൗൺസിലർ കെ.എസ്. ശബരിനാഥനും സുഗതനും പറഞ്ഞു.
വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ മുഖം പ്രദർശിപ്പിച്ചുള്ള പ്ലക്കാർഡുകൾ ഉയർത്തരുതെന്ന് വാഴോട്ട്കോണം കൗൺസിലർ സുഗതൻ അഭിപ്രായപ്പെട്ടു. തനിക്കെതിരെ സമാനമായി ചിത്രങ്ങൾ അടക്കം പ്രചരിപ്പിച്ച് ആരോപണം ഉന്നയിച്ച സമയത്ത് കുടുംബത്തിന് വലിയ വേദനയുണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സുഗതന്റെ ഒപ്പ് വ്യാജമാണെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് ആവർത്തിച്ചു. സുഗതൻ ജയിലിൽ പോകുന്നതിനു മുൻപ് തന്നെ കൗൺസിൽ സ്ഥാനം നഷ്ടപ്പെടേണ്ടതായിരുന്നുവെന്നും തുടർച്ചയായി എട്ടു മാസം അദ്ദേഹം യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും ഇതിൽ പോലീസ് അന്വേഷണം നടക്കുകയാണെന്നും ദീപക് വ്യക്തമാക്കി.
ചർച്ചകൾക്കിടെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്കിനെ ബി.ജെ.പി കൗൺസിലർ ‘ദീപക് മുതലാളി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായി എൽ.ഡി.എഫ് ആരോപിച്ചു. ബി.ജെ.പി കൗൺസിലർ അജിനെക്കൊണ്ട് എന്തുകൊണ്ട് രാജിവെപ്പിക്കുന്നില്ലെന്നും ഇടതുപക്ഷത്തിന് ഇനി തിരിച്ചുവരാൻ സാധ്യതയില്ലെന്നും പരിഹസിച്ചു. ഇതോടെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധവുമായി ഡയസിനു മുന്നിലേക്കെത്തി. അജിന്റെ കയ്യിൽ നിന്നും പാരിതോഷികങ്ങൾ കിട്ടിയോ എന്ന് ചോദിച്ച് സിപിഎം കൗൺസിലർമാർ നടുക്കളത്തിലിറങ്ങി മേയറുടെ ചേംബറിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി കൗൺസിലർമാരും അജിനും തമ്മിൽ രൂക്ഷമായ തർക്കവുമുണ്ടായി. തുടർന്ന് പ്രതിഷേധ സൂചകമായി സി.പി.എം കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി.

