കൊച്ചി : സമൂഹമാധ്യമങ്ങളിലൂടെ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും സ്പർധയും വളർത്താൻ ഇടയാക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ഇൻസ്റ്റഗ്രാം വ്ളോഗർ അമൃത് സിങ് ഡാരനെതിരെ ഫോർട്ട്കൊച്ചി പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 353 (2), 192 വകുപ്പുകൾപ്രകാരമാണ് കേസെടുത്തത്.
ഫോർട്ട്കൊച്ചി ബർഗർ സ്ട്രീറ്റിനുസമീപമുള്ള കാശി ആർട്ട് കഫേയെക്കുറിച്ച് വ്ളോഗർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് പരാതിക്ക് ആധാരം. 22-ന് രാവിലെ ആറിന് പ്രസിദ്ധീകരിച്ച വീഡിയോയിൽ കഫേയിൽ ബീഫ് വിൽക്കുന്നതുമായി ബന്ധപ്പെട്ടും പ്രദേശത്തെ മതവിഭാഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചും പരാമർശങ്ങളുണ്ടായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
കഫേയിൽ ഗാന്ധിജിയുടെ പ്രതിമയ്ക്കൊപ്പം ജിന്നയുടെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ടെന്ന പരാമർശവും വീഡിയോയിലുണ്ടായിരുന്നതായി പരാതിയിലുണ്ട്.
ഫോർട്ട് കൊച്ചിയെക്കുറിച്ച് വിദ്വേഷ പരാമർശം; വ്ലോഗർക്കെതിരെ കേസ്
