സ്മിത് മച്ചറിനെ വെട്ടിക്കൊന്നശേഷം സാധാരണ നിലയില്‍ തന്നെ പറത്തുക; ലാന്‍ഡിങ് അനുമതി കിട്ടിയാല്‍ എയര്‍പോര്‍ട്ടിലെ കെട്ടിടത്തിലേക്കോ മറ്റൊരു വിമാനത്തിലേക്കോ ഇടിച്ചുകയറ്റുക; ഫ്‌ളൈ ദുബായ് ചോദ്യം ചെയ്യലില്‍ ഞെട്ടല്‍

insight kerala

കെ വി നിരഞ്ജന്‍

ടെല്‍അവീവ്: ഇസ്രയേലിനെ ടെല്‍അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച് കോ പൈലറ്റ് ഹമാം അല്‍ ഹമ്മാമിയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ക്യാപ്റ്റനെ വകവരുത്തിയ ശേഷം ഫ്‌ളൈ വിമാനം സാധാരണ നിലയില്‍ തന്നെ പറത്തി, ലാന്‍ഡിങ്ങിന് ആവശ്യമായ എല്ലാ അനുമതികളും നേടിയെടുത്ത്, ഒടുവില്‍ വിമാനത്താവളത്തിലെ ഒരു കെട്ടിടത്തിലേക്കോ മറ്റൊരു വിമാനത്തിലേക്കോ ഇടിച്ചുകയറ്റുക എന്നതായിരുന്നു അയാളുടെ പദ്ധതി. അവസാന നിമിഷം വരെ കാത്തിരുന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകില്ലെന്നും, ആരും മുന്നറിയിപ്പ് നല്‍കുകയോ തന്നെ തടയുകയോ ചെയ്യില്ലെന്നുമായിരുന്നു അയാളുടെ കണക്കുകൂട്ടല്‍. ഇസ്രയേല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ് ഈ വിവരങ്ങള്‍ വെളിപ്പെട്ടത്്.

അതുകൊണ്ടാണ് വിമാനം ജോര്‍ദാനു മുകളിലെത്തുന്നതുവരെ കോക്ക്പിറ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ അല്‍-ഹമ്മാമി കാത്തിരുന്നത്. കോക്ക്പിറ്റിലെ ക്രാഷ് ഫയര്‍ ആക്‌സ് (അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന കോടാലി) കൊണ്ടുള്ള ആക്രമണത്തില്‍ വെട്ടേറ്റിട്ടും ക്യാപ്റ്റന്‍ സ്മിത് മച്ചറിന് കോക്ക്പിറ്റ് വാതില്‍ തുറക്കാന്‍ കഴിഞ്ഞതോടെയാണ് പദ്ധതി പൊളിഞ്ഞത്. ഇതോടെ ഏതാനും യാത്രക്കാര്‍ക്ക് അല്‍ ഹമ്മാമിയെ ഫ്‌ലൈറ്റ് ഡെക്കില്‍ നിന്ന് പുറത്തെത്തിച്ച് കീഴ്‌പ്പെടുത്താന്‍ സാധിച്ചു. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്. യാനിവ് ഹയൂന്‍ എന്ന യാത്രക്കാരന്‍ കഴുത്തില്‍ കൈചുറ്റിപ്പിടിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞു. യാത്രക്കാര്‍ അയാളെ നിലത്ത് അമര്‍ത്തിപ്പിടിച്ചു. ഏതാനും നിമിഷങ്ങള്‍ വിമാനത്തിന്റെ നിയന്ത്രണത്തില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ കൂപ്പുകുത്തുന്ന വിമാനത്തെ ഉയര്‍ത്തിയെടുക്കാന്‍ സഹായിക്കാനായി യാനിവ് അകത്തേക്ക് കയറി. തൊട്ടുപിന്നാലെയുണ്ടായിരുന്ന മറ്റു രണ്ട് പൈലറ്റുമാര്‍ ഉടന്‍ തന്നെ എത്തി നിയന്ത്രണം ഏറ്റെടുത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നേരത്തെയും പദ്ധതികള്‍

ഫ്‌ളൈ ദുബായ് വിമാനങ്ങളില്‍ അല്‍ ഹമ്മാമി കഴിഞ്ഞ മാസങ്ങളില്‍ പലതവണ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ജൂണില്‍ വന്നപ്പോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിലും ഈ സംഭവം ആസൂത്രണം ചെയ്യുന്നതിലുമാണ് താന്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജൂലൈയില്‍ പദ്ധതി നടപ്പാക്കാന്‍ അയാള്‍ തീരുമാനിച്ചിരുന്നെങ്കിലും, ജീവനക്കാരിലൊരാള്‍ തന്റെ സുഹൃത്തായിരുന്നതിനാല്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു. അല്‍ഹമ്മാമി ചോദ്യം ചെയ്തവരോട് പറഞ്ഞു. ‘ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനി ഏതാണെന്ന് ഞാന്‍ അന്വേഷിച്ചു. അങ്ങനെയാണ് ഫ്‌ളൈ ദുബായ് തിരഞ്ഞെടുത്തത്. എന്നെ ജോലിക്കെടുക്കുന്നതിനു മുമ്പു തന്നെ ഞാന്‍ ഇത് ആസൂത്രണം ചെയ്തിരുന്നു”.

സംഭവം ഇസ്രയേലി മാധ്യമങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. രാവിലെ 9:15-ന്, പൈലറ്റ് സീറ്റുകള്‍ക്ക് പിന്നില്‍, ക്രാഷ് ഫയര്‍ ആക്‌സ് സൂക്ഷിച്ചിരിക്കുന്നതിനു സമീപമുള്ള ചെറിയ ഇടത്ത് പ്രാര്‍ഥിക്കാന്‍ അല്‍ ഹമ്മാമി അനുവാദം ചോദിച്ചു. തുടര്‍ന്ന് വിമാനത്തിലെ ക്രാഷ് ആക്‌സ് ഉപയോഗിച്ച് അയാള്‍ ക്യാപ്റ്റനെ ആക്രമിച്ചു. ഇതോടെ ഇരുവരും തമ്മില്‍ മല്‍പ്പിടിത്തമായി. അതിനിടെ മച്ചര്‍ വാതിലിന്റെ പൂട്ട് അകത്തുനിന്ന് തുറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഏകദേശം 9:20-ന്, താലി മാനെസ് തന്റെ അഞ്ചു വയസ്സുള്ള മകളെയും കൂട്ടി കോക്ക്പിറ്റിനോട് ചേര്‍ന്നുള്ള ബിസിനസ് ക്ലാസ് ശുചിമുറിയിലേക്ക് പോയി. അവിടെവെച്ച് കോക്ക്പിറ്റിനുള്ളിലെ വാക്കേറ്റം അവര്‍ കേട്ടു. അവര്‍ ക്യാബിന്‍ ക്രൂവിനെ വിവരമറിയിച്ചു. ക്രൂ ബിസിനസ് ക്ലാസിലുണ്ടായിരുന്ന, ഡ്യൂട്ടിയിലല്ലാത്ത ഒരു പൈലറ്റിനെ അറിയിച്ചു. മച്ചര്‍ അകത്തുനിന്ന് പൂട്ട് തുറന്ന അതേ സമയം ആ പൈലറ്റ് പുറത്തെ പിടി തിരിച്ചു. വാതില്‍ തുറന്നപ്പോള്‍ കണ്ടത് അല്‍-ഹമ്മാമി ക്യാപ്റ്റനെ വെട്ടുന്നതാണ്.

തന്റെ ആദ്യ പദ്ധതി ഇനി നടക്കില്ലെന്ന് മനസ്സിലാക്കിയ ഹമ്മാമി, 9:21-ന് വിമാനം മരുഭൂമിയില്‍ ഇടിച്ചിറക്കാനായി കുത്തനെ താഴേക്ക് കൂപ്പുകുത്തിച്ചു. മറ്റാര്‍ക്കും വിമാനം സ്ഥിരപ്പെടുത്താന്‍ കഴിയാതിരിക്കാന്‍ നിയന്ത്രണ സംവിധാനങ്ങള്‍ നശിപ്പിക്കാനും അയാള്‍ ശ്രമിച്ചു. എന്നാല്‍ നിരവധി യാത്രക്കാരും ജീവനക്കാരും കോക്ക്പിറ്റിലേക്ക് ഇരച്ചുകയറി അയാളെ കീഴ്‌പ്പെടുത്തുകയും വിമാനം സ്ഥിരപ്പെടുത്തുകയും ചെയ്തു. വിമാനം പറത്താന്‍ മുന്നോട്ടുവന്ന ഡ്യൂട്ടിയിലല്ലാത്ത പൈലറ്റുമാര്‍ ആദ്യം, 9:31-ന്, ട്രാന്‍സ്‌പോണ്ടറില്‍ പൊതുവായ അടിയന്തര സന്ദേശമായ 7700 കോഡ് സജ്ജമാക്കി. 9:35ഓടെ അല്‍ഹമ്മാമിയെ പൂര്‍ണമായും കീഴ്‌പ്പെടുത്തി. 9:38-ഓടെ പൈലറ്റുമാര്‍ കോഡ്, നിയമവിരുദ്ധ ഇടപെടലിനെ സൂചിപ്പിക്കുന്ന 7500-ലേക്ക് മാറ്റി. എല്ലാം നിയന്ത്രണവിധേയമായതോടെ അത് വീണ്ടും 7700-ലേക്ക് മാറ്റി. സൗദി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തബൂക്കില്‍ അടിയന്തര ലാന്‍ഡിങ് നടത്താന്‍ പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി. രാവിലെ 10:57-ന് വിമാനം നിലംതൊട്ടു. വിമാനത്തില്‍ 174 പേരുണ്ടായിരുന്നു.

ദൈവസ്പര്‍ശമുള്ള ലോകോത്തര ഹീറോ ക്യാപ്റ്റന്‍ മച്ചറിനെ ചികിത്സയ്ക്കും സാത്താന്റെ സന്തതിയായ അല്‍ ഹമ്മാമിയെ ചോദ്യം ചെയ്യലിനുമായി യുഎഇയിലേക്ക് തിരികെ എത്തിച്ചു. സാധ്യമായ ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്നാണ് യുഎഇയുടെ നിലപാട്. ഹമ്മാമിക്ക് വധശിക്ഷ ലഭിക്കാനാണ് സാധ്യതയെന്നാണ് അറിയുന്നത്.

Share This Article