കെ വി നിരഞ്ജന്
ലണ്ടന്‍: തീവ്രവാദക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ മരണപ്പെട്ടയാളുടെ മയ്യത്ത് നമസ്ക്കാരം നടന്നത് ബ്രിട്ടനെ പിടിച്ചുകുലുക്കുന്ന വിവാദമായി മാറുന്നു. നാല് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്ന മുനീര്‍ ഫറൂഖി (69) സെപ്റ്റംബര്‍ അവസാന വാരമാണ് യുകെയിലെ ജയിലില്‍ വെച്ച് മരണപ്പെട്ടത്. തുടര്‍ന്ന് സെപ്റ്റംബര്‍ 30-ന് മാഞ്ചസ്റ്റര്‍ സെന്‍ട്രല്‍ മോസ്കില്‍ വെച്ച് ഇയാളുടെ മയ്യത്ത് നമസ്കാരം (ജനാസ) നടന്നു. ഫറൂഖിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.
യുകെയിലെ പ്രമുഖ ലേബര്‍ പാര്‍ട്ടി നേതാവും മാഞ്ചസ്റ്റര്‍ മേയറുമായ ആന്‍ഡി ബേണ്‍ഹാം ഈ വര്‍ഷം ആദ്യം ഈ മോസ്ക് സന്ദര്‍ശിക്കുകയും അവിടുത്തെ ഒരുമയെയും സാമുദായിക പ്രവര്‍ത്തനങ്ങളെയും പരസ്യമായി പ്രശംസിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ഒരു ആരാധനാലയത്തില്‍ വെച്ച്, ശിക്ഷിക്കപ്പെട്ട ഒരു താലിബാന് ഭീകരന് വേണ്ടി ഔദ്യോഗികമായി മയ്യത്ത് നമസ്കാരം നടത്തിയത് യുകെയിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ വലിയ വിവാദങ്ങള്‍ക്കും മോസ്കിനെതിരെയുള്ള കടുത്ത വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
മുനീര്‍ ഫറൂഖിയെന്ന കൊടും ഭീകരന്
9/11 ഭീകരാക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനിലേക്ക് പോയി താലിബാന് വേണ്ടി യുദ്ധം ചെയ്തയാളാണ് മുനീര്‍ ഫറൂഖി. പിന്നീട് ബ്രിട്ടനില്‍ തിരിച്ചെത്തിയ ഇയാള്‍, യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനും വിദേശത്ത് പോയി യുദ്ധം ചെയ്യാനും പ്രേരിപ്പിക്കുന്ന ഒരു റിക്രൂട്ട്മെന്റ് കേന്ദ്രം മാഞ്ചസ്റ്ററില്‍ നടത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക, കൊലപാതകത്തിന് പ്രേരിപ്പിക്കുക, തീവ്രവാദ പ്രസിദ്ധീകരണങ്ങള്‍ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി 2011-ലാണ് ബ്രിട്ടീഷ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. ഇതുപോലെ ഒരു ഭീകരനുവേണ്ടി മയ്യത്തു നമസ്ക്കരിച്ചുവെന്നത് വലിയ വിവാദമായി മാറുകയാണ്. യുകെയിലെ മതസ്ഥാപനങ്ങളും തീവ്രവാദ വിരുദ്ധ നിലപാടുകളും തമ്മിലുള്ള അതിര്‍വരമ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സംഭവം വീണ്ടും തുടക്കമിട്ടിട്ടുണ്ട്.
ബ്രിട്ടീഷ് പോലീസ് ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ഇന്‍ഫില്‍ട്രേഷന്‍ ഓപ്പറേഷനിലൂടെയാണ് ഫറൂഖി കുടുങ്ങിയത്.മാഞ്ചസ്റ്ററിലെ ലോംഗ്സൈറ്റ് മാര്‍ക്കറ്റില്‍ ഫറൂഖി നടത്തിയിരുന്ന ഇസ്ലാമിക പുസ്തകശാല കേന്ദ്രീകരിച്ചാണ് തീവ്രവാദ റിക്രൂട്ട്മെന്റ് നടക്കുന്നത് എന്ന് മനസ്സിലാക്കിയ പോലീസ്, വ്യാജപ്പേരുകളില്‍ രണ്ട് രഹസ്യ പോലീസ് ഉദ്യോഗസ്ഥരെ അങ്ങോട്ടേക്ക് നിയോഗിച്ചു.
വ്യക്തിപരമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന, മാനസികമായി തകര്‍ന്ന വ്യക്തികളെന്ന വ്യാജേനയാണ് ഇവര്‍ ഫറൂഖിയെ സമീപിച്ചത്. ഫറൂഖി ഇവരെ വിശ്വസിക്കുകയും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അഫ്ഗാനിസ്ഥാനില്‍ പോയി താലിബാന് വേണ്ടി യുദ്ധം ചെയ്യാനും ബ്രിട്ടീഷ് സൈനികരെ കൊല്ലാനും പ്രേരിപ്പിക്കുകയും ചെയ്തു.
രണ്ട് വര്‍ഷത്തോളം നീണ്ട ഈ രഹസ്യ ഓപ്പറേഷനില്‍, ഫറൂഖിയുമായി നടത്തിയ കൂടിക്കാഴ്ചകളുടെ 600 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഓഡിയോ, വീഡിയോ റെക്കോര്‍ഡിംഗുകള്‍ പോലീസ് രഹസ്യമായി ശേഖരിച്ചു. കൂടാതെ 50,000-ത്തോളം പുസ്തകങ്ങളും ലഘുലേഖകളും പോലീസ് തെളിവായി പിടിച്ചെടുത്തു. ഈ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 2011-ല്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ഇയാള്‍ക്ക് നാല് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പിന്നീട് 2013-ല്‍ ലണ്ടനിലെ അപ്പീല്‍ കോടതിയും ഈ ശിക്ഷ ശരിവെച്ചു.
യുകെയിലെ തീവ്രവാദ വിരുദ്ധ നിയമത്തിലെ പ്രത്യേക വകുപ്പുകള്‍ ഉപയോഗിച്ച് പ്രതിയുടെ കുടുംബവീട് തന്നെ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം വലിയ നിയമപോരാട്ടത്തിന് കാരണമായി. ഫറൂഖി തന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും റിക്രൂട്ട്മെന്റ് ചര്‍ച്ചകള്‍ക്കുമായി ലോംഗ്സൈറ്റിലുള്ള തന്റെ നാല് ബെഡ്റൂം വീടാണ് ഉപയോഗിച്ചതെന്ന് തെളിഞ്ഞതിനാല്‍, ഈ വീട് ഭീകരവാദ സ്വത്തായി കണ്ട് കണ്ടുകെട്ടാന്‍ കോടതിയെ സമീപിച്ചു. ബ്രിട്ടനില്‍ ഇത്തരമൊരു നിയമം ആദ്യമായാണ് ഒരു വീടിനെതിരെ പ്രയോഗിക്കുന്നത്.എന്നാല്‍ ഈ വീട് ഫറൂഖിയുടെ ഭാര്യയുടെയും മകളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നു. തങ്ങള്‍ നിരപരാധികളാണെന്നും വീട് കണ്ടുകെട്ടുന്നത് തങ്ങള്‍ക്ക് നല്കുന്ന കൂട്ടായ ശിക്ഷയാണെന്നും കാണിച്ച് കുടുംബം കോടതിയില്‍ അപ്പീല്‍ നല്കി. 2014-ല്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ജഡ്ജി റിച്ചാര്‍ഡ് ഹെന്റിക്സ്, സര്‍ക്കാരിന്റെ ഈ അപേക്ഷ നിരസിച്ചു. വീട്ടില്‍ താമസിക്കുന്ന ഫറൂഖിയുടെ ഭാര്യ, മക്കള്‍, പേരക്കുട്ടികള്‍ ഉള്‍പ്പെടെയുള്ള എട്ട് നിരപരാധികളായ കുടുംബാംഗങ്ങള്‍ക്ക് ഇയാളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും, വീട് പിടിച്ചെടുത്താല്‍ അവര്‍ തെരുവിലാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വീട് വിട്ടുകൊടുത്തത്. വീട് വിട്ടുനല്‍കിയ കോടതി, കേസിന്റെ നിയമനടപടികള്ക്കായുണ്ടായ ചിലവിലേക്ക് 5,00,000 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 5.5 കോടിയിലധികം രൂപ) പിഴയായി ഒടുക്കാന്‍ മുനീര്‍ ഫറൂഖിയോട് ഉത്തരവിട്ടിരുന്നു.
രാഷ്ട്രീയ വിവാദമായി വളരുന്നു
അതിനിടെ ഈ മയ്യത്ത് നമസ്ക്കാരം ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്കെതിരായ വലിയ ആയുധമായി മാറുകയാണ്. ലേബര്‍ പാര്‍ട്ടിയാണ് ബ്രിട്ടനില്‍ ഇസ്ലാമിക തീവ്രവാദത്തിന് വളം വെക്കുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം. ബ്രിട്ടനിലെ ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ്ഉള്പ്പെടെയുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ലേബര്‍ പാര്‍ട്ടി നേതാവും യുകെ പ്രധാനമന്ത്രിയുമായ കെയര്‍ സ്റ്റാര്‍മറും മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമും ഈ വര്‍ഷം ആദ്യം ഈ മോസ്ക് സന്ദര്‍ശിച്ച് പ്രശംസിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട ഒരു തീവ്രവാദിയുടെ ചടങ്ങുകള്‍ക്ക് വേദിയായ മോസ്കുമായുള്ള തങ്ങളുടെ ബന്ധം എന്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ലേബര്‍ പാര്‍ട്ടി ഗവണ്മെന്റിന് ഇസ്ലാമിക തീവ്രവാദത്തെ നേരിടാന്‍ നട്ടെല്ലില്ലെന്നും അവര്‍ ഇത്തരം നിലപാടുകളെ പ്രീണിപ്പിക്കുകയാണെന്നും ക്രിസ് ഫിലിപ്പ് ആരോപിച്ചു.ഈ സംഭവം ബ്രിട്ടനില്‍ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍, മതസ്ഥാപനങ്ങളുടെ പങ്ക്, വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് ഇപ്പോള്‍ വഴിതുറന്നിരിക്കുന്നത്.
ഫറൂഖിയുടെ കുറ്റങ്ങള്‍ ബ്രിട്ടീഷ് കോടതിയും സര്‍ക്കാരും അതീവ ഗുരുതരമായി കാണുമ്പോള്‍, അദ്ദേഹത്തിന്റെ കുടുംബവും തീവ്ര നിലപാടുള്ള ചില ഇസ്ലാമിക് മാധ്യമങ്ങളും അദ്ദേഹത്തെ ഒരു രക്തസാക്ഷിയായാണ് ചിത്രീകരിക്കുന്നത്.
വിശ്വാസത്തിന് വേണ്ടിയുള്ള ത്യാഗം: ജയിലില്‍ വെച്ച് അദ്ദേഹം അനുഭവിച്ചത് പീഡനങ്ങളാണെന്നും, സ്വന്തം തത്ത്വങ്ങളിലും ഇസ്ലാമിക പ്രബോധനങ്ങളിലും (ദഅവ) ഉറച്ചുനിന്നുകൊണ്ട് വലിയ ത്യാഗം ചെയ്ത വ്യക്തിയാണ് ഫറൂഖി എന്നുമാണ് കുടുംബം പ്രസ്താവനയിറക്കിയത്.മുന്‍പ് വിചാരണ വേളയിലും കുടുംബം ഈ വാദം ഉന്നയിച്ചിരുന്നു. ബ്രിട്ടീഷ് പോലീസ് രഹസ്യ ഏജന്റുമാരെ ഉപയോഗിച്ച് കെണിയൊരുക്കി ഇദ്ദേഹത്തിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചാണ് തീവ്രവാദിയായി മുദ്രകുത്തിയത് എന്നാണ് കുടുംബം ആരോപിക്കുന്നത്.

