തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട മുന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നിയമസഭയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായി ചുമതലയേറ്റത് കുറച്ചുകാലം മുമ്പാണ്. ഇപ്പോഴിതാ താത്കാലിക ഡ്രൈവറായി നിയമിച്ച യദുവിനെതിരെ രംഗത്തു വന്നിരിക്കായാണ് നിയമസഭയിലെ ഇടതു ഉദ്യോഗസ്ഥരുടെ സംഘടന. കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷനാണ് യദുവിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട രംഗത്തെത്തിയത്.

യദുവിനെ താത്കാലിക ഡ്രൈവറായി നിയമിച്ച നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംഘടനയുടെ വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെടുവിച്ചിരിക്കുന്നത്. സംഘടനയേക്കാള്‍ സിപിഎമ്മിലെ ചിലരുടെ താല്‍പ്പര്യമാണ് ഈ വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്.

നേരത്തെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവറുടെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്, തന്നെ ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി യദു രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രിക്ക് ഉള്‍പ്പെടെ യദു നേരിട്ട് കത്ത് നല്‍കുകയും ചെയ്തിരുന്നു. തനിക്കെതിരെ നടപടിയെടുത്ത സാഹചര്യത്തില്‍ ഒന്നുകില്‍ ജോലിയില്‍ തിരിച്ചെടുക്കണം, അല്ലെങ്കില്‍ ഔദ്യോഗികമായി പിരിച്ചുവിടണമെന്നായിരുന്നു യദു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ സ്വകാര്യ വാഹനത്തിന് കെഎസ്ആര്‍ടിസി ബസ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് തര്‍ക്കങ്ങളുടെ തുടക്കം. പാളയത്തുവെച്ച് മേയറും കെഎസ്ആര്‍ടിസി ഡ്രൈവറായ യദുവും തമ്മില്‍ നടുറോഡില്‍ കടുത്ത വാക്പോര് നടക്കുകയായിരുന്നു. ഈ സംഭവം അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

