തിരുവനന്തപുരം : ഇപ്പോഴുള്ള കടുത്ത വൈദ്യുതി പ്രതിസന്ധി ഒരാഴ്ചക്കുള്ളിൽ കുറയ്ക്കാൻ ആകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമഗ്രമായ വൈദ്യുതി നയം ഉടൻ പ്രഖ്യാപിക്കും. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങി. വൈദ്യുതി തേടി കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം മുംബൈയിലേക്ക് തിരിക്കും. നാളെ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനെ കണ്ട് വൈദ്യുതി തേടും. അതേസമയം, ഹിമാചൽപ്രദേശിൽ നിന്നുള്ള വൈദ്യുതി നിരക്ക് കുറയ്ക്കാൻ മെയിൽ അയച്ചു. രാത്രിയും പകലും ഒരേ നിരക്കാണ് ഹിമാചൽ ആവശ്യപ്പെട്ടത്. യൂണിറ്റിന് 13.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്നാണ് ഹിമാചൽ വാഗ്ദാനം. അതാകട്ടെ 80 മെഗാവാട്ട് മാത്രമാണ് രാത്രിയിൽ ലഭ്യമാക്കുക. വൈകീട്ട് 6 മുതൽ രാവിലെ 6 വരെ കൂടുതൽ വൈദ്യുതി ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
