മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. കോട്ടയം സൈബർ ക്രൈം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. മലയാള മനോരമയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. മലയാള മനോരമയുടെ കോട്ടയം ഓഫീസിലേക്ക് ഫോൺ വിളിച്ച് അസഭ്യം പറയുകയും ജിജോ ജോണിനെതിരെ അനാവശ്യം പറയുകയും ചെയ്തിരുന്നു. ആ ഓഡിയോ റെക്കോർഡ് ചെയ്ത് വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. എസ് പി അരുൺ ലാല്‍, സന്തോഷ് കുമാർ തുടങ്ങിയ ഫേസ്ബുക്ക് പ്രൊഫൈലുകളിലെ ഉടമകൾ, അസഭ്യം പറഞ്ഞ ഫോൺ നമ്പറിന്റെ ഉടമ എന്നിവർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്. പരസ്യമായ അധിക്ഷേപ പ്രചാരണം, മനപൂർവ്വമായ അപകീർത്തിപ്പെടുത്തൽ, തുടർച്ചയായി അസഭ്യ സന്ദേശം അയയ്ക്കൽ എന്നീ കുറ്റങ്ങൾ നിലവിൽ ചുമത്തിയിട്ടുണ്ട്. കൂടുതൽ കുറ്റങ്ങൾ ഇത് സംബന്ധിച്ച് ചുമത്താനും കൂടുതൽ പേരിലേക്ക് അന്വേഷണം നീളാനും സാധ്യതയുണ്ട്.
