‘വൈദ്യുതി കരാർ റദ്ദാക്കിയതിന് പിന്നിൽ ബി അശോക്’; ‘അനാവശ്യ പ്രതിസന്ധി സൃഷ്ടിച്ച് KSEBയെ സ്വകാര്യവൽക്കരിക്കാൻ നീക്കം’; പിണറായി വിജയൻ

insight kerala

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അനാവശ്യ വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് KSEBയുടെ സ്വകാര്യവൽക്കരണത്തിലേക്കുള്ള സർക്കാർ നീക്കമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വൈദ്യുതി മേഖലയെ പൂർണ്ണമായും സ്വകാര്യ കുത്തകർക്ക് അടിയറ വയ്ക്കാൻ യുഡിഎഫ് സർക്കാരിൻ്റെ നീക്കം. യുഡിഎഫ് സർക്കാറിന്റെ കഴിവുകേടും പിടിപ്പുകേടും മറച്ചുവെക്കാനാണ് എൽഡിഎഫ് സർക്കാറിനെ പഴിചാരുന്നത്.

ഇതിനേക്കാൾ വലിയ എൽനിനോയും മറ്റ് പ്രതിസന്ധിയുമുള്ള കാലത്ത് കഴിഞ്ഞ സർക്കാർ പവർകട്ട് ഇല്ലാതെ മുന്നോട്ടു പോയി.ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിച്ചത്.

കരാർ റദ്ദാക്കിയത് എൽഡിഎഫ് സർക്കാർ അല്ല. കരാർ മുന്നോട്ടു കൊണ്ടുപോയാൽ നഷ്ടം ഉണ്ടാകുമെന്ന് അന്നത്തെ കെഎസ്ഇബി ചെയർമാൻ ഡോ. ബി അശോക് ഏകപക്ഷീയമായ തീരുമാനമെടുത്തു എന്നും പിണറായി വിജയൻ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Pinarayi FB post

സമാനതകളില്ലാത്ത രീതിയിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കൃത്യമായ സമയമോ ക്രമീകരണമോ ഇല്ലാതെയും മുന്നറിയിപ്പുകളില്ലാതെയും പവർകട്ട് ഏർപ്പെടുത്തിയതിൽ വലിയ പ്രതിഷേധമാണ് ജനങ്ങളിൽ നിന്ന് ഉയരുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത് എന്ന ആക്ഷേപമാണ് ഉയർന്നത്. തങ്ങളുടെ ഭരണപരമായ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കാൻ മുൻ എൽഡിഎഫ് സർക്കാരിന്റെ മേൽ കുറ്റം ചാരി രക്ഷപ്പെടാനാണ് യുഡിഎഫ് സർക്കാരിൻ്റെ വിഫല ശ്രമം. 465 മെഗാവാട്ടിന്റെ ദീർഘകാല പവർ പർച്ചേസ് കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന യുഡിഎഫിന്റെ വാദം വസ്തുതകൾക്ക് നിരക്കുന്നതാണോ?

2015 ൽ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ട ദീർഘകാല കരാർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയോ റെഗുലേറ്ററി കമ്മീഷന്റെയോ മുൻകൂർ അനുമതിയില്ലാതെയായിരുന്നു. കെ എസ് ഇ ബി ഏകപക്ഷീയമായി ഉണ്ടാക്കിയ കരാറിലെ നിയമപ്രശ്നങ്ങളാണ് റെഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കുന്നതിലേക്ക് നയിച്ചത്. അന്നത്തെ റഗുലേറ്ററി കമ്മീഷനാവട്ടെ യു ഡി എഫ് കാലത്ത് നിയമിക്കപ്പെട്ടതുമാണ്. യു ഡി എഫ് കാലത്ത് ഏർപ്പെട്ട കരാറിൻ്റെ നിയമപരമായ ന്യൂനതയാണ് അത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതിലേക്ക് കമ്മീഷനെ എത്തിച്ചത്.

പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ആ കരാർ പ്രകാരമുള്ള വൈദ്യുതി നഷ്ടമാവാതിരിക്കാനാണ് ഇടപെട്ടത്. സർക്കാരിൻ്റെ പ്രത്യേക അധികാരമുപയോഗിച്ച് കരാര്‍ പുനഃസ്ഥാപിക്കാൻ നയപരമായ തീരുമാനമെടുത്തതിനെ തുടർന്ന് താൽക്കാലികമായി വൈദ്യുതി വാങ്ങാൻ മാത്രമാണ് അനുമതി ലഭിച്ചത്. അതോടൊപ്പം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും ഡീവിയേഷൻ കെ എസ് ഇ ബി പരിശോധിച്ച് സമർപ്പിക്കാൻ നിർദ്ദേശിച്ച സമയം അന്നത്തെ ബോർഡ് ചെയർമാനും, ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായ ഡോ. ബി അശോക് കെ എസ് ഇ ബി സി എം ഡി ആയ കാലത്ത് കരാർ വൈദ്യുതി ബോർഡിന് നഷ്ടം വരുത്തുമെന്ന ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്. തീർത്തും ഉദ്യോഗസ്ഥ- റഗുലേറ്ററി കമ്മീഷൻ തലത്തിലാണ് കരാർ വേണ്ടെന്ന് വെച്ചത് എന്ന് ചുരുക്കം. എൽ ഡി എഫ് ഈ കരാർ നയപരമായി തുടരാനല്ലാതെ മറ്റൊരു തീരുമാനവും എടുത്തിട്ടില്ല.

ഒടുവില്‍ അപ്പലറ്റ് ട്രൈബ്യൂണല്‍ വിധിയെ തുടര്‍ന്ന് കരാര്‍ ഇല്ലാതായപ്പോഴും സംസ്ഥാനത്തിന്റെ പൊതുതാൽപര്യം മുൻനിർത്തി ആ കരാർ പുനഃസ്ഥാപിക്കാൻ സുപ്രീം കോടതിയെ വരെ സമീപിച്ചു പോരാടുകയാണ് സർക്കാർ ചെയ്തത്. ആ നിയമപോരാട്ടത്തിൽ അന്തിമ തീർപ്പും വന്നിട്ടില്ല. യുഡിഎഫ് കാലത്ത് കൃത്യമായ മാനദണ്ഡം പാലിച്ച് ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കില്‍ ഈ പ്രതിസന്ധി പോലും ഉണ്ടാകുമായിരുന്നില്ല എന്നതാണ് വസ്തുത. അതു മറച്ചുപിടിച്ചാണ് യുഡിഎഫ് സർക്കാരിന്റെ വാചകക്കസർത്തുകൾ.

2023 ലാണ് ഈ കരാറിന് റെഗുലേറ്ററി കമ്മീഷൻ അന്തിമമായി അനുമതി നിഷേധിച്ചത്. അതിനുശേഷം മൂന്ന് വർഷം കടന്നുപോയി. ഇതിനിടയിൽ ഇന്നത്തേക്കാൾ രൂക്ഷമായ എൽനിനോയും കടുത്ത മഴക്കുറവും സംസ്ഥാനം നേരിട്ടിരുന്നു. എന്നിട്ടും അന്നത്തെ എൽഡിഎഫ് സർക്കാർ പവർ കട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാതെ കേരളത്തെ മുന്നോട്ട് കൊണ്ടുപോയി. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പവര്‍കട്ട് ഒഴിവാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. മിച്ച വൈദ്യുതിയുള്ള സംസ്ഥാനങ്ങളുമായി സംസാരിച്ചും സ്വാപ്പിംഗ് കരാറുകൾ ഉണ്ടാക്കിയുമാണ് പ്രതിസന്ധി മറികടന്നത്.

കഴിഞ്ഞ ഏപ്രിലിൽ പ്രതിദിന ഉപഭോഗം 115-116 MU യും പീക്ക് ഡിമാൻഡ് 6100 MW യും എത്തിയപ്പോൾ പോലും എൽഡിഎഫ് ഭരണത്തിൽ പവർകട്ട് ഉണ്ടായിരുന്നില്ല. എന്നാൽ നിലവിൽ ഡിമാൻഡ് വെറും 4800-4900 MW (85-86 MU) ആയി കുറഞ്ഞിട്ടും യുഡിഎഫ് സർക്കാരിന് ആവശ്യത്തിനുള്ള വൈദ്യുതിപോലും ഉറപ്പുവരുത്താൻ കഴിയാത്തനിലയാണ്. ഡിമാൻഡ് കുറഞ്ഞിട്ടും പ്രതിസന്ധി കൂടുന്നുണ്ടെങ്കിൽ അത് സർക്കാരിന്റെ കഴിവുകേടല്ലാതെ മറ്റൊന്നുമല്ല. മെയ് പകുതിയോടെയും ജൂൺ ആദ്യവാരത്തിലും തന്നെ ഈ പ്രതിസന്ധിയുടെ പ്രാരംഭ സൂചനകൾ വ്യക്തമായിരുന്നുവെങ്കിലും സർക്കാർ കടുത്ത അലംഭാവമാണ് കാട്ടിയത്.

കർണാടക ജൂലൈ മാസത്തിൽ 9.08 രൂപയ്ക്ക് പുറത്തേക്ക് വൈദ്യുതി വിറ്റിട്ടുണ്ട്. കേരളം 10 രൂപയ്ക്ക് മുകളിൽ കൊടുക്കാൻ തയ്യാറായിട്ടും വൈദ്യുതി കിട്ടുന്നില്ല എന്നാണ് യുഡിഎഫ് മന്ത്രിമാർ പറയുന്നത്. സ്വന്തം പാർടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല എന്നയിടത്താണ് ഈ സർക്കാർ എത്രത്തോളം പരാജയപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാൻ കഴിയുക.

ഇന്ത്യയിലെ മൊത്തം വൈദ്യുതി ഉൽപ്പാദന ശേഷി രാജ്യത്തിന്റെ പരമാവധി ആവശ്യകതയുടെ ഇരട്ടിയോളമാണ്. എന്നിട്ടും വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാവുന്നതിന്റെ രാഷ്ട്രീയമാണ് ഇവിടെ പരിശോധിക്കേണ്ടത്. രാജ്യത്തെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 60 ശതമാനവും അദാനി, അംബാനി, ടാറ്റ തുടങ്ങിയ സ്വകാര്യ കുത്തകകളുടെ കൈകളിലാണ്. അവർക്ക് കൊള്ളലാഭം ഉണ്ടാക്കാൻ വേണ്ടി സൃഷ്ടിക്കപ്പെടുന്നതുകൂടിയാണ് ഇത്തരം വൈദ്യുതി പ്രതിസന്ധികൾ എന്നു കൂടി കാണേണ്ടതുണ്ട്. ​കേരളത്തിലും യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വാകാര്യവൽക്കരണമാണ്. ധവളപത്രത്തിൽ ഉൾപ്പെടെ അതിന്റെ റൂട്ട് വ്യക്തമാക്കിക്കഴിഞ്ഞതാണ്.

insight kerala

കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കാനും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയശേഷം സ്വകാര്യമേഖലയെ രക്ഷകരായി അവതരിപ്പിക്കാനുമാണ് അണിയറയിലെ നീക്കങ്ങൾ എന്നുവേണം മനസ്സിലാക്കാൻ.
വൈദ്യുതി മേഖലയെ പൂർണ്ണമായും സ്വകാര്യ കുത്തകൾക്ക് അടിയറവ് വെക്കുന്ന ഒന്നാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുവെക്കുന്ന പുതുയുഗമെന്നത് വ്യക്തമാണ്.

ഇതിനേക്കാൾ വലിയ എൽനിനോയും മറ്റ് പ്രതിസന്ധിയുമുള്ള കാലത്ത് കഴിഞ്ഞ സർക്കാർ പവർകട്ട് ഇല്ലാതെ മുന്നോട്ടു പോയിഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിച്ചത്

Share This Article