തിരുവനന്തപുരം: സർവ്വത്ര ആശയക്കുഴപ്പമാണ് സിപിഎം നേതൃത്വത്തിൽ . കോഴിക്കോട് 13, 14, 15 തീയതികളിലാണ് വിശാല സംസ്ഥാന കമ്മിറ്റി ചേരുന്നത്. അതിനു മുന്നോടിയായി രണ്ടുദിവസത്തെ സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടറിയേറ്റും ചേർന്ന് വിശാല കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട സംഘടന റിപ്പോർട്ട് ചർച്ച ചെയ്തു. അതിൻറെ തയ്യാറാക്കുകയും ചെയ്തു. എന്നാൽ കരട് റിപ്പോർട്ടിൽ കേന്ദ്രകമ്മിറ്റി ചർച്ച ചെയ്തതൊന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ല. സംഘടന വീഴ്ചയും സ്ഥാനാർത്ഥിനിർണയത്തിലെ പാളിച്ചയും ഒന്നും തന്നെ കരടിൽ പ്രതിപാദിച്ചിട്ടില്ല. ഇതിനെതിരെ ആദ്യദിനത്തിൽ സംസ്ഥാന കമ്മിറ്റി പ്രതിനിധികൾ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി ഇന്നും തുടരും.
എന്നാൽ പ്രതിനിധികൾ ഉന്നയിക്കുന്ന ചോദ്യം ഏറെ പ്രസക്തമാണ്. തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ചർച്ച ചെയ്യാനും വിലയിരുത്താനുമാണ് വിശാല കമ്മിറ്റി ചേരുന്നത്. എന്നാൽ അതിൽ അവതരിപ്പിക്കേണ്ട കാര്യങ്ങൾ സംസ്ഥാന സമിതി ചേർന്ന് തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ വിശാല കമ്മിറ്റിക്ക് എന്ത് പ്രസക്തിയാണുള്ളത്?. കേന്ദ്ര കമ്മിറ്റി കണ്ടെത്തലുകൾ എവിടേ എന്ന് പ്രതിനിധികൾ ചോദിച്ചതായാണ് വിവരം. കരട് റിപ്പോർട്ടിൽ പരാമർശിക്കുന്നത് പൊതുവായ വീഴ്ച മാത്രമാണ്. പ്രവർത്തന റിപ്പോർട്ട് മാതൃകയിൽ തയ്യാറാക്കിയ റിപ്പോർട്ടുമായി മുന്നോട്ട് പോകാനാകില്ല. വീഴ്ച ചൂണ്ടിക്കാട്ടാത്ത റിപ്പോർട്ടിൽ എങ്ങനെ തിരുത്തലുണ്ടാകുമെന്നും ചോദ്യം ഉയർന്നു. 20 ഓളം പ്രതിനിധികൾ ഇന്നലെ ചർച്ചയിൽ പങ്കെടുത്തു.
