കെ വി നിരഞ്ജന്‍
കോഴിക്കോട്: മാധ്യമം ദിനപത്രത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന മാനേജ്‌മെന്റിന്റെ നിലപാട് വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍ പോലും അതിനുപിന്നില്‍ സാമ്പത്തിക തട്ടിപ്പും റിയല്‍ എസ്റ്റേറ്റ് കച്ചവടവുമെല്ലാം നടത്തിയ ഉന്നതരാണെന്ന് സി.ഐടിയു അഖിലേന്ത്യാ സെക്രട്ടി എമരം കരീം. ശമ്പളം കിട്ടാത്തത്തിനനെ തുടര്‍ന്ന്, ജീവനക്കാര്‍ വെള്ളിമാടുകുന്നിലെ ‘മാധ്യമം’ ഹെഡ് ഓഫിസിനു മുന്നില്‍ മാധ്യമം തുടങ്ങിയ അനിശ്ചിതകാല സമരം ഉദ്ഘാടന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധ്യമത്തിലുണ്ടെന്ന് പറയുന്ന സാമ്പത്തിക പ്രതിസന്ധിക്ക് തൊഴിലാളികള്‍ ഒരു തരത്തിലും ഉത്തരവാദികളല്ല. ഈ സ്ഥാപനത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി നിയോഗിച്ച അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട്, സാമ്പത്തിക തട്ടിപ്പും റിയല്‍ എസ്റ്റേറ്റ് കച്ചവടവുമെല്ലാം നടത്തിയ ഉന്നതരെക്കുറിച്ച് അക്കമിട്ട് പറയുന്നുണ്ട്. അതില്‍ ഒറ്റ തൊഴിലാളിയുടെ പോലുീ പേരില്ലെന്ന് എളമരം ചൂണ്ടിക്കാട്ടി. മാധ്യമം ജീവനക്കാരെ വഴിയാധാരമാക്കാന്‍ തൊഴിലാളി പ്രസ്ഥാനം സമ്മതിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.
തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ മുന്നോട്ടുവച്ച നിര്‍ദ്ദേശം പോലും മാനേജ്‌മെന്റ് പ്രതിനിധികള്‍ തള്ളിക്കളഞ്ഞതാണ് തൊഴിലാളികളെ സമരത്തിന് നിര്‍ബന്ധിതരാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെയും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയെയും മാനിക്കില്ലെന്ന മാനേജ്‌മെന്റിന്റെ പിടിവാശി അവസാനിപ്പിക്കണം.
മാസങ്ങളോളം ശമ്പളം കുടിശ്ശികയായിട്ടും അങ്ങേയറ്റത്തെ മര്യാദയോടെയാണ് ജീവനക്കാര്‍ സമരരംഗത്ത് നിലയുറപ്പിച്ചത്. എന്നാല്‍, അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന കാര്യം മാനേജ്‌മെന്റ് ഓര്‍ക്കണം. തൊഴിലാളികള്‍ എല്ലാം അടിയറവെച്ച് മാനേജ്‌മെന്റിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ സ്വപ്നലോകത്താണ് ജീവിക്കുന്നത്. സ്ഥാപനത്തിനു വേണ്ടി വിയര്‍പ്പൊഴുക്കിയവരെ വഴിയാധാരമാക്കാനാണ് നീക്കമെങ്കില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ അതിനെ നേരിടും. രമ്യമായ ഒത്തുതീര്‍പ്പിന് ഇനിയും സമയം വൈകിയിട്ടില്ലെന്നും മാനേജ്‌മെന്റ് അതിന് സന്നദ്ധമായാല്‍ ജീവനക്കാരും തൊഴിലാളി സംഘടനകളും മുഖംതിരിഞ്ഞ് നില്‍ക്കില്ലെന്ന് കരീം കുട്ടിച്ചേര്‍ത്തു.
8 മാസത്തെ ശമ്പളക്കുടിശ്ശിക
മാധ്യമം ദിനപത്രത്തില്‍ എട്ടുമാസത്തെ ശമ്പളം കുടിശ്ശികയാണ്. ഇതോടെ പട്ടിണിയുടെ ഒരു ഓണക്കാലമാണ് ജീവനക്കാരെ സംബന്ധിച്ച് കടന്നുപോയത
സ്ഥിരം ജീവനക്കാര്‍ക്ക് ഓണവേതനമായി പതിനായിരം രൂപ കൊടുത്തേക്കാമെന്ന് മാധ്യമം മാനേജ്മെന്റ് സംസ്ഥാന തൊഴില്‍ മന്ത്രി ബിന്ദുകൃഷ്ണയോട് പറഞ്ഞത്. മൂന്ന് മാസത്തെ ശമ്പളം കൊടുത്തുകൂടെ എന്ന മന്ത്രിയുടെ അഭ്യര്‍ഥന ഒരു മാസത്തിലേക്ക് താഴ്തിയിട്ടും മാധ്യമം മാനേജ്മെന്റ് അത് അവഗണിക്കയായിരുന്നു. ഒരു ഘട്ടത്തില്‍ ചര്‍ച്ച നിര്‍ത്തിവെച്ച് മന്ത്രി ബിന്ദു കൃഷ്ണ പ്രശ്നം ഒത്തുതീര്‍ക്കണം എന്ന് മാധ്യമം ഉടമയായ ഐ.പി ട്രസ്റ്റിന്റെ ചെയര്‍മാനെ ഫോണില്‍ വിളിച്ച് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മാനേജ്മെന്റ് ഒരു വിട്ടുവീഴ്ചയക്കും തയ്യാറായില്ല.

വളരെ കുറഞ്ഞ കൂലിക്ക് പത്രം നടത്തിക്കൊണ്ടുപോകാമെന്ന ലാക്കാണ് മാധ്യമം മാനേജ്മെന്റിനുള്ളതെന്ന് ട്രേഡ്‌യൂണിയനുകള്‍ ആരോപിക്കുന്നു. ഉണ്ടായിരുന്നതില്‍ പകുതിയോളം ജീവനക്കാരെ പ്രലോഭിപ്പിച്ചും ഭീക്ഷണിപ്പെടത്തിയും രാജിവെപ്പിച്ചുകഴിഞ്ഞു. ഇവര്‍ക്ക് പി.എഫ്, ഗ്രാറ്റ്വിറ്റി എന്നീ നിയമപരമായ ആനുകൂല്യങ്ങള്‍ മാത്രമാണ് കൊടുത്തത്. അതും മൂന്നും നാലും ഗഡുക്കളായി എന്ന വ്യവസ്ഥയില്‍ ! പിരിച്ചുവിടല്‍ ആനുകൂല്യങ്ങളെക്കുറിച്ച് സംസാരിച്ചേയില്ല. അങ്ങനെ പിരിച്ചുവിടലിന്റെ നിയമപരമായ ബധ്യതകളില്‍ നിന്ന് മാധ്യമം തലയൂരി. അതിന് മുമ്പ് ഐഡിയല്‍ പബ്ലിക്കേഷന്‍സ് ട്രസ്റ്റ് എന്ന സ്ഥാപനത്തെ അര ഡസനോളം കമ്പനികളായി വിഭജിച്ചു.
ഭീഷണിപ്പെടുത്തി രാജിവെപ്പിച്ച ജീവനക്കാരില്‍ ചിലരെ അവിടെ താല്‍ക്കാലിക ജീവനക്കാരായി എടുത്തിരിക്കയാണ്. ഇതിനെതിരെ ജീവനക്കാര്‍ സമരത്തിലാണ്. തിരുവോണ ദിനത്തില്‍ മാധ്യമം ജീവനക്കാര്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സമരവും നടത്തിയിരുന്നു. ദീര്‍ഘവീക്ഷണമില്ലാത്ത ചില ബിസിനസ് പരീക്ഷണങ്ങളും തെറ്റായ സാമ്പത്തിക മാനേജ്‌മെന്റുമാണ് തകര്‍ച്ചക്ക് ആക്കം കുട്ടിയത് എന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. മാനേജ്മെന്റിന്റെ ഇഷ്്ക്കാരായ ഒരുപറ്റം ആളുകള്‍ കട്ടുമുടിച്ചാണ് സ്ഥാപനത്തെ പാപ്പരാക്കിയതെന്ന് അവര്‍ പറയുന്നു. സാധാരണ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കാതിരിക്കുമ്പോഴും, മാനേജ്‌മെന്റിന്റെ ഉന്നത തലപ്പത്തുള്ളവര്‍ക്കും ട്രസ്റ്റ് ഭാരവാഹികള്‍ക്കും വന്‍ തുകകളും ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്നും ഇത് ധൂര്‍ത്താണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
പത്രത്തിന് പ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ജീവനക്കാരുടെ എണ്ണം 850-ല്‍ നിന്നും മുന്നൂറിലേക്ക് വെട്ടിച്ചുരുക്കാനും, ആനുകൂല്യങ്ങള്‍ നല്‍കാതെ ജീവനക്കാരെ നിര്‍ബന്ധിതമായി പിരിച്ചുവിടാനും മാനേജ്‌മെന്റ് ബോധപൂര്‍വ്വം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും ജീവനക്കാരുടെ ഭാഗത്തുനിന്ന് ആക്ഷേപമുണ്ട്.

