കെ വി നിരഞ്ജന്‍
കൊച്ചി: 3,000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 1,500 രൂപയുടെ ഷോപ്പിംഗ് ആനുകൂല്യം ലഭിക്കുമെന്ന പത്രപ്പരസ്യം നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ കല്യാണ്‍ സില്‍ക്‌സിന് പിഴ. ഇടപ്പള്ളി സ്വദേശിയുടെ പരാതിയില്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ശിക്ഷ വിധിച്ചത്. 3,000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 1,500 രൂപയുടെ ഷോപ്പിംഗ് ആനുകൂല്യം ലഭിക്കുമെന്ന പത്രപ്പരസ്യംകണ്ടാണ് പരാതിക്കാരന്‍ കല്യാണ്‍ സില്‍ക്‌സിലെത്തിയത്. തുടര്‍ന്ന് 4,055 രൂപയ്ക്ക് വസ്ത്രങ്ങള്‍ വാങ്ങിയപ്പോള്‍ 500 രൂപ വീതമുള്ള മൂന്ന് കൂപ്പണുകളാണ് ലഭിച്ചതെന്നും, അവ പിന്നീട് നിശ്ചിത തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ മാത്രമേ ഉപയോഗിക്കാനാകൂവെന്നും സ്ഥാപനം അറിയിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. ഓഫറിന്റെ പ്രധാന നിബന്ധനകള്‍ സാധാരണ ഉപഭോക്താവിന് എളുപ്പത്തില്‍ വായിച്ചും മനസ്സിലാക്കിയും അറിയാന്‍ കഴിയാത്ത തരത്തില്‍ ചെറിയ അക്ഷരങ്ങളില്‍ നല്‍കിയിരിക്കുന്നത് അന്യായമായ വ്യാപാര രീതിയാണെന്ന് കോടതി വിലയിരുത്തിയിരുന്നു. ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇതിനുപുറമെ, പരാതിക്കാരന് നല്‍കിയ പ്രിന്റഡ് ബില്ലിലെ വിവരങ്ങള്‍ ഏതാനും മാസങ്ങള്‍ക്കകം മാഞ്ഞുപോയതും കോടതി ഗൗരവമായി പരിഗണിച്ചു. ഗ്യാരണ്ടി, വാറന്റി, നികുതി ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് വാങ്ങല്‍ രേഖകള്‍ നിര്‍ണായക തെളിവായതിനാല്‍ വേഗത്തില്‍ മാഞ്ഞുപോകുന്ന തെര്‍മല്‍ ബില്ലുകള്‍ നല്‍കുന്നത് സേവനത്തിലെ വീഴ്ചയാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പരാതിക്കാരന് നല്‍കാനുള്ള 1,500 രൂപ, മാനസിക വിഷമത്തിനുള്ള നഷ്ടപരിഹാരമായി 25,000 രൂപ, കോടതി ചെലവുകള്‍ക്കായി 5,000 രൂപ എന്നിങ്ങനെ ആകെ 31,500 രൂപ 45 ദിവസത്തിനകം നല്‍കാനാണ് കോടതി ഉത്തരവിട്ടത്.
അതേസമയം, കോടതിവിധിയെ തുടര്‍ന്നുണ്ടായ സമൂഹമാധ്യമ പ്രചാരണങ്ങളില്‍ 2023ലെ ഓഫറിനെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നാണ് കല്യാണ്‍ സില്‍ക്‌സിന്റെ വിശദീകരണം. 2023-ല്‍ നടപ്പിലാക്കിയ പ്രമോഷണല്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് കല്യാണ്‍ സില്‍ക്‌സ് ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദീകരണ കുറുപ്പില്‍ വ്യക്തമാക്കി.
3,000 രൂപയുടെ പര്‍ച്ചേസിന് നേരിട്ട് 1,500 രൂപ നല്‍കുന്ന ഓഫറായിരുന്നില്ലെന്നും, 500 രൂപ വീതമുള്ള മൂന്ന് ഗിഫ്റ്റ് വൗച്ചറുകളാണ് നല്‍കിയത് എന്നുമാണ് സ്ഥാപനത്തിന്റെ വിശദീകരണത്തിലെ പ്രധാന വാദം. വൗച്ചറുകള്‍ ഉപയോഗിക്കുന്നതിന് 1,500 രൂപയോ അതില്‍ കൂടുതലോ വരുന്ന തുടര്‍ പര്‍ച്ചേസ് ആവശ്യമായിരുന്നുവെന്നും ഈ നിബന്ധനകള്‍ കൂപ്പണുകളിലും പത്രപരസ്യങ്ങളിലും വ്യക്തമാക്കിയിരുന്നുവെന്നും സ്ഥാപനം പറയുന്നു. തുടക്കം മുതല്‍ സത്യസന്ധതയും സുതാര്യതയും മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കല്യാണ്‍ സില്‍ക്‌സ് വിശദീകരിച്ചു. കേരളത്തിലെ 14 ജില്ലകളിലും ഷോറൂമുകളുള്ള ഏക വസ്ത്രവ്യാപാര സ്ഥാപനമായി വളരാന്‍ കഴിഞ്ഞത് ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും കൊണ്ടാണെന്നും സ്ഥാപനത്തിന്റെ പ്രതികരണത്തില്‍ പറയുന്നു.

