അധ്യാപകരുടേയും സഹപാഠികളുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ; ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

insight kerala

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാംവർഷ ബി.ബി.എ. വിദ്യാർഥി വി.എസ്. ശ്രീഹരിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കോളേജ്‌ അധികൃതർ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോളേജിലെ വിവിധ പരിപാടികളുടെ ഔദ്യോഗിക ചിത്രീകരണ ചുമതല വഹിച്ചിരുന്ന വിദ്യാർഥിയാണ് ശ്രീഹരി. ഇയാൾ പരിപാടികൾക്കിടെ പകർത്തിയ ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിലാക്കി ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചെന്നാണ് പരാതി.

സംഭവം പുറത്തറിഞ്ഞതോടെ കോളേജിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് കോളേജ്‌ അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽ വിദ്യാർഥിയുടെ മൊബൈൽ ഫോണിൽനിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെ ഇയാളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയത്.

മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ വിവരങ്ങളും വിശദമായി പരിശോധിച്ച് ചിത്രങ്ങൾ എവിടെനിന്നാണ് തയ്യാറാക്കിയതെന്നും ഏതെല്ലാം പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രചരിപ്പിച്ചതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article