തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ആഭ്യന്തര വകുപ്പ് നിയോഗിച്ചു. എ.ഡി.ജി.പി ലോ ആൻഡ് ഓർഡർ പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആഭ്യന്തര സുരക്ഷാ ഇൻസ്പെക്ടർ എസ്. സതീഷ് ബിനോ ഐ.പി.എസ്, കോഴിക്കോട് & വയനാട് ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് പി. വിക്രമൻ ഐ.പി.എസ്, വയനാട് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഷൈജു പി.എൽ, കോഴിക്കോട് ക്രൈം ബ്രാഞ്ച് റേഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മാത്യു എന്നിവരാണ് സംഘത്തിലുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ. തുടക്കം മുതലുള്ള മുഴുവൻ ഇടപാടിനെക്കുറിച്ചും അന്വേഷിക്കാനാണ് ടീമിന് ലഭിച്ചിരിക്കുന്ന നിർദേശം.
എൽ.എൽ.പിയുടെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും പങ്ക്, ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിന് അനുചിതമായ ആനുകൂല്യമോ, സാമ്പത്തിക നേട്ടമോ ലഭിച്ചിട്ടുണ്ടോ എന്നും, ഫണ്ടുകളുടെയും സ്പോൺസർഷിപ്പ് തുകകളുടെയും ഉറവിടം, ബന്ധപ്പെട്ട സ്ഥാപനങ്ങൾ/വ്യക്തികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയും സംഘം അന്വേഷിക്കും.

