ന്യൂഡൽഹി: പഞ്ചസാര വ്യാപാരികളുടെ സ്റ്റോക്ക് പരിധി 2,000 ക്വിന്റലായി കുറച്ച് കേന്ദ്ര സർക്കാർ. ദീപാവലി അടക്കമുള്ള ആഘോഷങ്ങളുടെ ഉത്സവ സീസൺ അടുക്കുന്നത് പ്രമാണിച്ചാണ് നടപടി. ഈ കാലയളവിൽ പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും വ്യാപകമായി നടക്കാനിടയുണ്ട്. ഇത് തടയുന്നതിനും, ഉത്സവ സീസണിൽ ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കി വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമാണ് ഈ നടപടി.
സെപ്റ്റംബർ 15 മുതൽ നവംബർ 30 വരെ പഞ്ചസാര വ്യാപാരികൾക്ക് പരമാവധി 2,000 ക്വിന്റൽ പഞ്ചസാര മാത്രമേ പുതിയ സ്റ്റോക്ക് ആയി കൈവശം വെക്കാൻ സാധിക്കൂ. നിലവിൽ ഓഗസ്റ്റ് 1 മുതൽ ഇത് 4,000 ക്വിന്റലായിരുന്നു. വ്യാപാരികൾ വാങ്ങുന്ന പഞ്ചസാര സ്റ്റോക്ക് 30 ദിവസത്തിൽ കൂടുതൽ കൈവശം വെക്കാൻ പാടില്ലെന്നും കേന്ദ്രം നിഷ്കർഷിക്കുന്നുണ്ട്.
