ഹോര്‍മൂസ് അടച്ചതോടെ പണി വാങ്ങി ഇറാനും; പെട്രോള്‍ പമ്പുകളില്‍ നീണ്ട നിര; വിലക്കയറ്റം രുക്ഷം; ജീവന്‍രക്ഷാ മരുന്നുകളും കിട്ടാനില്ല; ‘ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ അമേരിക്ക; ഖുമേനിമാരുടെ നാട്ടില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി

insight kerala

കെ വി നിരഞ്ജന്‍

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധം ആറുമാസം പിന്നിടുമ്പോള്‍ ഇറാന്‍ സാമ്പത്തികമായി, പൂര്‍ണ്ണമായി തകര്‍ന്നനിലയില്‍.സാധാരണക്കാരുടെ ജീവിതം കടുത്ത ദുരിതത്തിലായിരിക്കുകയാണ്.പണപ്പെരുപ്പം 84 ശതമാനമായി ഉയരുകയും റിയാലിന്റെ മൂല്യം ഒരു ഡോളറിന് 20 ലക്ഷം എന്ന നിലയിലേക്ക് ഇടിയുകയും ചെയതു. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തകൂടി. ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണത്തില്‍ പ്രധാന കേന്ദ്രങ്ങള്‍ തകര്‍ന്നെങ്കിലും അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടാനായിട്ടില്ല. പക്ഷേ ഹോര്‍മുസ് കടലിടുക്ക് ഉപരോധവും തുടര്‍ന്നുള്ള ആക്രമണങ്ങളും ഇറാന്റെ സാമ്പത്തിക നട്ടെല്ലാണ് തകര്‍ത്തിരിക്കുന്നത്.

കറന്‍സി തകര്‍ന്നതോടെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില നിയന്ത്രണമില്ലാതെ കുതിച്ചുയരുകയാണ്. മുട്ട, ചെറുപയര്‍, കടല തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ആഴ്ചതോറും വര്‍ദ്ധിക്കുന്നു. ഇടത്തരം കുടുംബങ്ങള്‍ക്ക് പോലും ഇപ്പോള്‍ ഇവ വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ഭാവിയിലെ പട്ടിണി പേടിച്ച് ജനങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും മറ്റും ഭക്ഷ്യസാധനങ്ങള്‍ വന്‍തോതില്‍ വാങ്ങി സൂക്ഷിക്കുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പെട്രോള്‍ പമ്പുകളില്‍ നീണ്ട നിര

കറന്‍സി തകര്‍ച്ചയ്ക്കും വന്‍ പണപ്പെരുപ്പത്തിനും (84.4%) പുറമെ ഇറാന്റെ ആഭ്യന്തര വിപണിയില്‍ ഇപ്പോള്‍ കടുത്ത ഇന്ധനക്ഷാമം നേരിടുന്നുണ്ട്. പെട്രോള്‍ പമ്പുകളില്‍ ജനങ്ങളുടെ കിലോമീറ്ററുകള്‍ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്.ഇന്ധന വില സബ്സിഡി വെട്ടിക്കുറയ്ക്കാനും വില കൂട്ടാനും സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം വാങ്ങി കൂട്ടുകയാണ്. എന്നാല്‍ വില കൂട്ടിയാല്‍ 2019-ലും കഴിഞ്ഞ ജനുവരിയിലും ഉണ്ടായതുപോലെ രാജ്യം വീണ്ടുമൊരു വലിയ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന ഭയത്തിലാണ് ഇറാന്റെ സുരക്ഷാ ഏജന്‍സികള്‍. മുന്‍കരുതലായി മുന്‍പ് നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 30 ഓളം പേരെ ഇറാന്‍ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇറാനിലെ ആരോഗ്യമേഖലയും പൂര്‍ണ്ണമായും തകര്‍ക്കുന്ന രീതിയിലാണ് ഇപ്പോള്‍ മരുന്ന് ക്ഷാമം അനുഭവപ്പെടുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏകദേശം 43 ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് രാജ്യത്ത് അതിരൂക്ഷമായ ക്ഷാമമുണ്ട്. കൂടാതെ ആയിരത്തോളം മറ്റ് മരുന്ന് ഉല്‍പന്നങ്ങള്‍ വിപണിയില്‍ കിട്ടാനില്ലാത്ത അവസ്ഥയിലാണ്. ലഭ്യമായ മരുന്നുകള്‍ക്ക് 120% മുതല്‍ ചിലതിന് 500% വരെയാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ഇന്‍സുലിന്‍ ഉപയോഗിക്കുന്ന പ്രമേഹ രോഗികള്‍ക്ക് മുന്‍പ് ഇന്‍ഷുറന്‍സ് കഴിഞ്ഞ് 280,000 തോമാന്‍ നല്‍കേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1.1 ദശലക്ഷം (11 ലക്ഷം) തോമാന്‍ നല്‍കേണ്ടി വരുന്നു. വിഷാദരോഗത്തിനുള്ള സെര്‍ട്രാലിന്‍ ഗുളികകളുടെ വില 16 മടങ്ങാണ് വര്‍ദ്ധിച്ചത്. കാന്‍സര്‍, ഹീമോഫീലിയ, തലസീമിയ തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് ആവശ്യമായ കീമോതെറാപ്പി മരുന്നുകളും ഇന്‍ജക്ഷനുകളും വിപണിയില്‍ പൂര്‍ണ്ണമായി ഇല്ലാതായി. ഇന്ത്യയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാന്‍സര്‍ മരുന്നുകള്‍ക്ക് സാധാരണക്കാരന്റെ മാസശമ്പളത്തിന്റെ നാലിരട്ടിയിലധികം വിലവരുന്നതിനാല്‍ പല രോഗികളും ചികിത്സ പകുതിക്ക് വെച്ച് ഉപേക്ഷിക്കുകയാണ്.

മരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ആഗോളതലത്തില്‍ 15% വരെ വര്‍ദ്ധനവുണ്ടായി. ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള കപ്പല്‍ ചരക്കുകൂലി 3,000 ഡോളറില്‍ നിന്ന് 30,000 ഡോളറായി ഉയര്‍ന്നു.വ്യോമ-കടല്‍ പാതകള്‍ യുദ്ധം കാരണം തടസ്സപ്പെട്ടത് മരുന്ന് വിതരണ ശൃംഖലയെ ബാധിച്ചു. മരുന്ന് പാക്കേജിംഗിനും നിര്‍മ്മാണത്തിനും ആവശ്യമായ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ക്ഷാമവും ഇതിന് ആക്കം കൂട്ടി. ൗദ്യോഗിക ഫാര്‍മസികളില്‍ മരുന്നുകള്‍ കിട്ടാതായതോടെ രാജ്യാന്തര അതിര്‍ത്തികള്‍ വഴി വ്യാജവും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ കരിഞ്ചന്തയില്‍ വന്‍ വിലയ്ക്ക് വില്‍ക്കുന്ന സംഘങ്ങള്‍ സജീവമായി. ഇത് ജനങ്ങളുടെ ആരോഗ്യത്തിന് ഇരട്ടി ഭീഷണിയാകുന്നു.

ഇക്കണോമിക് ഔട്ട്കാസ്റ്റ്’

അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് ‘ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ പ്രഖ്യാപിച്ചു. ഇറാന്റെ പണം കൈകാര്യം ചെയ്യുന്ന ലോകമെമ്പാടുമുള്ള ബാങ്കുകളെ ലക്ഷ്യമിട്ട് എല്ലാ ആഴ്ചയും പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. ഇതിന്റെ ഭാഗമായി യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന ഈജിപ്ഷ്യന്‍ ബാങ്കിന്റെ ബ്രാഞ്ചിന് മേല്‍ കഴിഞ്ഞ ദിവസം അമേരിക്ക കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമേനി തന്റെ ഔദ്യോഗിക ടെലിഗ്രാം ചാനല്‍ വഴി രാജ്യത്തെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു കര്‍ശന നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ മോശം സാമ്പത്തികാവസ്ഥയെക്കുറിച്ചും പട്ടിണിയെക്കുറിച്ചും പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ഇത്തരം പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിയോജിപ്പും ഭരണകൂടത്തിനെതിരായ വികാരവും ഉണ്ടാക്കുമെന്നാണ് അധികാരികളുടെ വിലയിരുത്തല്‍.

Share This Article