‘തലേന്ന് കുടിച്ച ഹാങ്ങ് ഓവര്‍ പോകാന്‍ രാവിലെ ഒന്ന് കൂടി കുടിക്കും; ഒരു പെണ്ണിന്റെ അടുത്ത് പോയ ഹാങ് ഓവര്‍ പോവാന്‍ വേറൊരു പെണ്ണിന്റെ അടുത്ത് പോകും’; ടോക്‌സിക്കിലെ നായകന്‍ യഷ് പറയുന്നത് സ്ത്രീവിരുദ്ധതയല്ലേ; ഗീതുമോഹന്‍ദാസിനെയും രാജീവ് രവിയെയും എയറിലാക്കി സോഷ്യല്‍ മീഡിയ

insight kerala

കെ വി നിരഞ്ജന്‍

കൊച്ചി: 600 കോടിയുടെ ബജറ്റില്‍ നിര്‍മ്മിച്ച, ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത ബ്ര്ഹമാണ്ഡ ചിത്രം ടോക്‌സിക്കിനെതിരെ സോഷ്യല്‍ മീഡിയയില്‍നിന്ന് ഉയരുന്നത് നിശിത വിമര്‍ശനം. മൂന്നേകാല്‍ മണിക്കുര്‍ നേരമുള്ള ചിത്രം, ലോജിക്കില്ലാത്ത വെടിവെപ്പും, ചത്ത സംഭാഷണങ്ങളും, നാടകംപോലത്തെ രംഗങ്ങളുമൊക്കെയായി വെറുപ്പിക്കലിന്റെ ഭയനാക വേര്‍ഷനാണെന്നാണ് വിമര്‍ശനം ഉയരുന്നത്. യഷ് എന്ന, പ്രഭാസിനുശേഷം ദക്ഷിണേന്ത്യയില്‍നിന്ന് ഉയര്‍ന്നുവന്ന് പാന്‍ ഇന്ത്യന്‍ താരമായ യുവനടന്റെ കരിയറിലെ ആണിയടിയായിപ്പോയി ഈ ചിത്രം. ടോക്‌സിക്കിന്റെ സഹ നിര്‍മ്മാതാവുകുടിയാണ് കെജിഎഫിലൂടെ ദേശീയ മുഖമായ യഷ്.

പക്ഷേ കേരളത്തില്‍ രാഷ്ട്രീയമായ മറ്റൊരു വിമര്‍ശനം കൂടി ചിത്രം നേരിടുന്നു. ടോക്‌സിക്കിന്റെ സംവിധായിക ഗീതുമോഹന്‍ദാസും, ഭര്‍ത്താവും ചിത്രത്തിന്റെ ക്യമാറാനുമായ രാജീവ് രവിയും, നേരത്തെ സ്ത്രീവിരുദ്ധതയും അരാഷ്ട്രീയതയും അടക്കം ചൂണ്ടിക്കാട്ടി പല ചിത്രങ്ങളെയും വിമര്‍ശിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ തന്നെ അതുപോലെ ഒരു സിനിമയെടുത്തതാണ് വന്‍ വിവാദമാവുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സ്യൂഡോ ഫെമിനിസവും ‘പൊ ക’യും

അടി, വെടി, കുടി, പിടി എന്ന് ഒറ്റവാക്കില്‍ ചിത്രത്തെ വിശേഷിപ്പിക്കാം.
സത്യത്തില്‍ ഇതിന്റെ സംവിധായിക ഗീതുമോഹന്‍ദാസിനെയും, അവരുടെ ഭര്‍ത്താവും ചിത്രത്തിന്റെ ക്യാമറാനുമായ രാജീവ് രവിയെയും, നായകന്‍ യഷിനെയുമൊക്കെ ഒരു മാനസികരോഗ പരിശോധനക്ക് വിധേയനാക്കണം. അത്രമേല്‍ വികലമായ മനസ്സുള്ളവര്‍ക്ക് മാത്രമേ ഇതുപോലെ ഒരു പടപ്പ് ഉണ്ടാക്കിവെക്കാന്‍ കഴിയൂ എന്നാണ് ചില ട്രോളന്‍മ്മാര്‍ പറയുന്നത്. ‘മദ്യപാനവും പുകവലിയുമെന്ന് ആരോഗ്യത്തിന് ഹാനികരം’ എന്ന് സിനിമയുടെ ഒരുഭാഗത്ത് സ്ഥിരമായി ഒട്ടിച്ചുവെച്ചതുപോലെയാണ്. 90 ശതമാനം സീനുകളിലും വെള്ളമടിയും പുകവലിയുമാണ്. നമ്മുടെ നായകനാവട്ടെ, വെടിവെക്കുന്നു, സ്ത്രീകളുമായി ശാരീരിക ബന്ധംപുലര്‍ത്തുന്നു, വീണ്ടും വെടിവെക്കുന്നു, വീണ്ടും ഭോഗിക്കുന്നു.

ദുര്‍ബലമായ തിരക്കഥയും അവതരണവുമാണ് ചിത്രത്തിന്. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ഗോവയിലെ മയക്കുമരുന്ന് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പക്ഷേ അതിന് കൃത്യമായ ഒരു ഒഴുക്കോ ആഴമോ ഇല്ല. കഥാപാത്രങ്ങള്‍ തമ്മില്‍ വൈകാരിക ബന്ധമില്ല. ആര് ആരെ എന്തിന് വെടിവെക്കുന്നുവെന്ന് പെട്ടെന്ന് പിടികിട്ടില്ല. എന്താണ് നായകനും മകനും തമ്മിലുള്ള പ്രശ്‌നമെന്നും എന്തിനാണ് മകനെ ഉപേക്ഷിച്ചതെന്നും പടം കഴിഞ്ഞാലും മനസിലാവില്ല. 3 മണിക്കൂറിലധികം നീളുന്ന ദൈര്‍ഘ്യവും വലിയൊരു പരീക്ഷണമാണ്. രണ്ടുമണിക്കൂറില്‍ തീര്‍ക്കാവുന്ന ചിത്രമാണിത്.

ഇനി ഗീതുഅടക്കമുള്ളവര്‍ ഉയര്‍ത്തികൊണ്ടുവന്ന സ്യൂഡോ ഫെമിനിസത്തിനും പൊളിറ്റക്കല്‍ കറക്ട്‌നെസ്സിനെയുമാണ് ( പൊ ക വാദം) സോഷ്യല്‍ മീഡിയ ട്രോളിക്കൊല്ലുന്ത്. നേരത്തെ കസബ എന്ന മമ്മൂട്ടി ചിത്രത്തിലടക്കം വലിയ സ്ത്രീവിരുദ്ധത കണ്ടെത്തുകയും, ഫെമിനിസ്റ്റ് കട്ടിക്കണടവെച്ച്, മലയാള സിനിമയെ അവലോകനം ചെയ്യുകയും ചെയ്യുന്നവരാണ് ഗീതു അടക്കമുള്ളവര്‍. അവരാണ് ഇതുപോലെ ഒരു സൊകോള്‍ഡ് സ്ത്രീ വിരുദ്ധ ചിത്രം ചെയ്തിരിക്കുന്നത്. മണിരത്‌നവും ശ്രീനിവാസനമുടക്കമുള്ള പ്രമുഖരെ വിമര്‍ശിച്ചുകൊണ്ട് നേരത്തെ തിരക്കഥ കത്തിക്കണം എന്ന വിവാദ പ്രസ്താവന രാജീവ് രവി നടത്തിയിരുന്നു. ആ ഉപദേശം കേട്ട് ടോക്‌സിക്കിന്റെ തിരക്കഥ കത്തിച്ചോ എന്ന് പയ്യന്‍മ്മാര്‍ ചോദിക്കുന്നതില്‍ തെറ്റുണ്ടോ? സന്ദേശമടക്കമുള്ള സിനിമകള്‍ അരാഷ്ട്രീയമാണെന്ന് പറഞ്ഞ് വലിയ രീതിയിലുള്ള വിമര്‍ശനവും രാജീവ് രവി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഈ പടം എന്ത് പൊളിറ്റിക്‌സാണ് രാജീവ് സാര്‍ ഉയര്‍ത്തുന്നത് എന്നാണ് ട്രോളന്‍മ്മാര്‍ ചോദിക്കുന്നത്.

‘തലേന്ന് കുടിച്ച ഹാങ്ങ് ഓവര്‍ പോകാന്‍ രാവിലെ ഒന്ന് കൂടി കുടിക്കും; ഒരു പെണ്ണിന്റെ അടുത്ത് പോയ ഹാങ് ഓവര്‍ പോവാന്‍ വേറൊരു പെണ്ണിന്റെ അടുത്ത് പോകും’- എന്ന യഷിന്റെ ടോക്‌സിക്കിലെ ഡയലോഗ് ചൂണ്ടിക്കാട്ടി കസബ എത്ര ഭേദമെന്ന് സോഷ്യല്‍മീഡിയാ ആക്റ്റീവിസ്റ്റുകള്‍ പരിഹസിക്കുന്നു. ഒരു സീനിയല്‍ നായിക എനിക്ക് നിന്നോട് സംസാരിക്കണം എന്ന് പറയുമ്പോ നായകന്‍ ‘യുവില്‍ ഫക്ക് വിത്ത് മി’ എന്നാണ് തിരിച്ചുചോദിക്കുന്നത്.

നിങ്ങള്‍ കൊമേര്‍ഷ്യല്‍ സിനിമകളില്‍ അതിന്റെ രാഷ്ട്രീയവും, ലിംഗപരവുമായ പ്രത്യേകതകള്‍ വെച്ചുനോക്കി, ഭൂതക്കണ്ണാടിവെച്ച് വിമര്‍ശിച്ച് സമൂഹത്തിലേക്ക് കുത്തിത്തിരുപ്പ് നടത്തേണ്ടതില്ല എന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടിക ജയകൃഷ്ണന്‍ സ്ത്രീവിരുദ്ധനും വംശീയവാദിയുമാണ്, കിരീടം എഴുതിയ ലോഹിതദാസ് നായരാണ്, ഇന്‍ഹരിഹര്‍ നഗര്‍ 2 വിലെ തോമസ്‌കുട്ടി മറ്റുള്ളവരെ പറ്റിക്കുന്നത് ക്രിസ്ത്യന്‍ അപരവത്ക്കരണമാണ് എന്നൊക്കെയാണ് ട്രൂകോപ്പി തിങ്ക് പോലുള്ള ഓണ്‍ലൈന്‍ കപട ബുജി മാസികകളില്‍ ലേഖനങ്ങള്‍ വരാറുള്ളത്. ഈ ഭ്രാന്തന്‍ ചിന്തകന്‍മ്മാര്‍ക്കും, കള്ള ഫെമിനിസ്റ്റുകള്‍ക്കും കുട പിടിച്ചുകൊടുക്കുന്നരാണ് ഗീതവും രാജീവ് രവിയുമൊക്കെ. ഇപ്പോള്‍ അവര്‍ ഒരു കൊമേര്‍ഷ്യല്‍ മാസ് പടം എടുത്തപ്പോള്‍ എങ്ങനെയിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകള്‍ ചോദിക്കുന്നത്.

Share This Article