special report
കെ വി നിരഞ്ജന്‍
തിരുവനന്തപുരം: അച്ചടക്കത്തിന്റെ കാര്യത്തില്‍ മാതൃകയാവേണ്ടവരാണ് പൊലീസുകാര്‍. എന്നാല്‍ കേരളാ പൊലീസിനെ ഗ്രൂപ്പ്‌പോരും രാഷ്ട്രീയ വൈരാഗ്യവും ഇപ്പോള്‍ പരസ്യമായിരിക്കയാണ്. ഒരുകാലത്ത് യുഡിഎഫ് അനുകൂലികളായ പൊലീസുകാരെ തിരഞ്ഞുപിടിച്ച് സ്ഥലം മാറ്റിയിരുന്ന, ‘പൊലീസ് സഖാക്കളെ’ ഭരണം മാറിയതോടെ നിര്‍ത്തി ഓടിക്കയാണ്. രണ്ടുമാസത്തിനുള്ളില്‍ മൂന്നും നാലും തവണ സ്ഥലം മാറ്റപ്പെട്ടവരുണ്ട്. ഇതിലൊരാളുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്.
കൊച്ചി സിറ്റിയില്‍നിന്ന് സ്ഥലം മാറ്റപ്പെട്ട , ഇ കെ അനില്‍കുമാര്‍ എന്ന പൊലീസുകാരന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു. ”63 ദിവസത്തിനുള്ളില്‍ നാലാമത്തെ സ്ഥലം മാറ്റം.( ആലപ്പുഴ സൗത്ത് പി. എസ്, കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂം, ഡിഎച്ച്ക്യൂ കൊച്ചി സിറ്റി, എളമക്കര പി എസ്) ന്നു മുതല്‍ എളമക്കര പോലീസ് സ്റ്റേഷനില്‍….ഇനി അവശേഷിക്കുന്നത് 221 ദിവസത്തെ സര്‍വ്വീസ് മാത്രം…..”- താന്‍ സ്‌റ്റേഷനില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ സഹിതമാണ് അനില്‍കുമാര്‍ ഈ പോസ്റ്റിട്ടത്. എന്നാല്‍ ഇതിനടിയില്‍ മറ്റ് പൊലീസുകാര്‍ അതിരൂക്ഷമായാണ് കമന്റിടുന്നത്. ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ എന്നാണ് ഭൂരിപക്ഷം പേരുടെയും പ്രതികരണം.
പി വി ജോഷി ഇങ്ങനെ പ്രതികരിക്കുന്നു-” രണ്ടു വര്‍ഷം മാത്രം ഉണ്ടായിരുന്ന എന്നെ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍വെയന്‍സ് എന്ന ഓമനപേരില്‍ ട്രാഫിക്കില്‍ നിന്ന് മാറ്റിയല്ലോ. അതാണ് കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറയുന്നത്”. ഉദയകുമാര്‍ എന്ന മറ്റൊരു പൊലീസ് ഓഫീസര്‍ കമന്റിട്ടത് ഇങ്ങനെ-”സാറേ നമസ്‌കാരം.. എന്നെ കൊച്ചി സിറ്റിയില്‍ നിന്ന് കണ്ണൂര്‍ , അവിടെ നിന്ന് പാലക്കാട് , അവിടെ നിന്ന് കൊച്ചി സിറ്റി , വീണ്ടും കൊച്ചി റൂറല്‍, വീണ്ടും കൊച്ചി സിറ്റി, അവിടെനിന്ന് ആലപ്പുഴ എ ആര്‍ ക്യാമ്പ്.., അവിടെനിന്ന് ആലപ്പുഴ അമ്പലപ്പുഴ പോലീസ് സ്റ്റേഷന്‍.., അവിടെനിന്ന് ആലപ്പുഴ സൗത്ത്.. അവിടെനിന്ന് പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍… ഇത്രയൊന്നും സാര്‍ ഓടിയില്ലല്ലോ.. അതാണ് കൊടുത്താല്‍ കൊല്ലത്തും കിട്ടും”. ഇങ്ങനെ പോവുകയാണ് അനില്‍കുമാറിന്റെ പോസ്റ്റിന്റെ അടിയിലെ കമന്റ് സെക്ഷന്‍. കേരളാ പൊലീസ് എത്ര കണ്ട് രാഷ്ട്രീയവത്ക്കരിക്കപ്പെട്ടു, എന്നതിന്റെ കൃത്യമായ സൂചനയാണിത്.
അടിമുടി പ്രതികാര സ്ഥലംമാറ്റങ്ങള്‍
പിണറായി സര്‍ക്കാറിന്റെ പത്തുവര്‍ഷക്കാലത്തെ ഭരണത്തില്‍ മറ്റുള്ളവരെ സ്ഥലംമാറ്റിച്ച് ആഹ്ലാദിപ്പിച്ച ‘ചുവപ്പന്‍ പൊലീസുകാര്‍’ ഇപ്പോള്‍ ട്രാന്‍സ്ഫറായി നട്ടം തിരിയുകയാണ്. കേരള പൊലീസില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ സംഘടനകളുണ്ടാക്കാന്‍ നിയമപരമായ അനുമതിയില്ല. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 33 പ്രകാരവും പൊലീസ് സേനയുടെ ചട്ടങ്ങള്‍ പ്രകാരവും പൊലീസുകാര്‍ക്ക് രാഷ്ട്രീയ സംഘടനകള്‍ രൂപീകരിക്കാനോ രാഷ്ട്രീയ പാര്‍ട്ടി ലേബലില്‍ പ്രവര്‍ത്തിക്കാനോ കഴിയില്ല. എങ്കിലും, പൊലീസിലെ അംഗീകൃത അസോസിയേഷനുകള്‍ കൃത്യമായ രാഷ്ട്രീയമുണ്ട്്.
പൊലീസിലെ സാധാരണ ഉദ്യോഗസ്ഥരുടെ സംഘടനയായ കേരള പൊലീസ് അസോസിയേഷന്‍ (കെപിഎ), ഓഫീസര്‍മാരുടെ സംഘടനയായ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെപിഒഎ)എന്നിവയുടെ നേതൃത്വത്തില്‍ നിലവില്‍ ഭൂരിപക്ഷവുമുള്ളത് ഇടതുപക്ഷ അനുകൂല പാനലിനാണ്. ഔദ്യോഗികമായി ഇത് രാഷ്ട്രീയ സംഘടനയല്ലെങ്കിലും, ഇതിന്റെ ഭാരവാഹികളില്‍ ഭൂരിഭാഗവും ഇടതുപക്ഷ അനുഭാവമുള്ള പാനലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരാണ്. ഇവരാണ് കഴിഞ്ഞ പത്തുവര്‍ഷമായി പൊലീസിലെ സ്ഥലംമാറ്റങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇവര്‍ ഇപ്പോള്‍ ഇരകളായി മാറിയിരിക്കയാണ്. നിലത്തുതൊടന്‍ കഴിയാത്ത വിധത്തിലാണ്, ഇടത് അനുഭാവികളായ പൊലീസുകാര്‍ക്ക് ഇപ്പോള്‍ ട്രാന്‍സ്ഫര്‍ വരുന്നത്.
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രശാന്ത്, സംസ്ഥാന സെക്രട്ടറി സി. ആര്‍. ബിജു എന്നിവരെ ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് ക്രമസമാധാന ചുമതലയുള്ള (ലോക്കല്‍ പൊലീസ്) സ്റ്റേഷനുകളിലേക്ക് മാറ്റി. ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി യൂണിഫോം തസ്തികകളില്‍ ജോലി ചെയ്തിരുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മാറ്റിയതെങ്കിലും ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജ്യോതിഷ് ആര്‍.കെ, ജില്ലാ സെക്രട്ടറി വൈ. അപ്പു ഉള്‍പ്പെടെയുള്ള നാല് പ്രമുഖ ഇടത് അനുഭാവമുള്ള നേതാക്കളെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ ഉത്തരവ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയുണ്ടായി. മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റമാണ് ഇതെന്ന ഉദ്യോഗസ്ഥരുടെ വാദം പരിഗണിച്ചായിരുന്നു കോടതി ഇടപെടല്‍.
യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകളുടെ താല്‍പ്പര്യപ്രകാരം സംസ്ഥാനത്താകെ രണ്ടായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെയും പൊലീസുകാരെയും മാനദണ്ഡങ്ങള്‍ ലംഘിച്ച് മാറ്റിയതായി നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍, പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് അനുകൂല എന്‍ജിഒ അസോസിയേഷനുകളുടെ കത്തുകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ മാറ്റാന്‍ നീക്കം തുടങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും ആരോപിച്ചിരുന്നു.
എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യുഡിഎഫ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് മികച്ച രീതിയില്‍ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും നിലവിലുള്ള നിയമപരമായ ചട്ടങ്ങള്‍ പാലിച്ച് മാത്രമാണ് സ്ഥലംമാറ്റങ്ങള്‍ നടത്തുന്നതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.എല്‍ഡിഎഫ് ഭരണകാലത്ത് ഇന്റലിജന്‍സ്, ക്രമസമാധാനം തുടങ്ങിയ സുപ്രധാന തസ്തികകളില്‍ തിരുകിക്കയറ്റിയ രാഷ്ട്രീയ താല്പര്യമുള്ള ഉദ്യോഗസ്ഥരെ മാറ്റി പകരം കാര്യക്ഷമതയുള്ളവരെ നിയമിക്കുക മാത്രമാണ് ചെയ്യുന്നതെന്നും യുഡിഎഫ് അനുകൂല സംഘടനകള്‍ വാദിക്കുന്നു.

