കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. സെപ്റ്റംബർ അഞ്ചിന് സമാധാനപരമായ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സിജെപി നേതൃത്വം അറിയിച്ചു. ഇന്ത്യാ ഗേറ്റിൽ നിന്ന് ആരംഭിച്ച് പുതിയ ഡൽഹി പൊലീസ് ആസ്ഥാനം വരെയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
ജൂലൈ 20ന് നടന്ന സംസദ് ചലോ മാർച്ചിൽ പൊലീസ് മർദനത്തിന് ഇരയായവരും മരിച്ച നീറ്റ് പരീക്ഷാർത്ഥികളുടെ കുടുംബങ്ങളും ചേർന്നാണ് ഈ മാർച്ച് നയിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും യുവാക്കളും പ്രതിഷേധ മാർച്ചിൽ പങ്കാളികളാകുമെന്നും പ്രസ്താവനയിൽ പറയുന്നു.
സിജെപിയുടെ സമരത്തിന് പിന്നാലെ പ്രതിഷേധിച്ചവരുടെ പേരിൽ എടുത്ത കേസുകൾ ഉൾപ്പെടെയുള്ളവ നീക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ പല വാഗ്ദാനങ്ങളും കേന്ദ്രം പാലിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതിനിടയിലാണ് വീണ്ടും തെരുവിലിറങ്ങാൻ കോക്രോച്ച് ജനതാ പാർട്ടി തീരുമാനിക്കുന്നത്.

