ഇസ്ലാമാബാദ് : ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻഖാന്റെ ചികിത്സ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് മുൻ ക്യാപ്റ്റൻമാർ രംഗത്ത്. പാക് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയാണ് തങ്ങളുടെ സഹതാരമായിരുന്ന ഇമ്രാൻഖാനുവേണ്ടി ഇവർ രംഗത്ത് വന്നത്. സുപ്രീംകോടതി വിധി നടപ്പാക്കണം എന്നാണ് പ്രധാനമന്ത്രി ഷഹബാസ് ഷെറീഫിനോട് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാർ ആവശ്യപ്പെടുന്നത്. കപിൽ ദേവ് , സുനിൽ ഗവാസ്‌കർ , ദിലീപ് വെങ്സർക്കാർ എന്നിവർ കത്തിൽ ഒപ്പുവച്ചു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മണിക്കൂറുകൾക്കകം തിരികെ ജയിലിലേക്ക് എത്തിക്കുകയായിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഇസ്ലാമാബാദിലെ ഷിഫ ആശുപത്രിയിലേക്ക് മാറ്റിയ ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്കാണ് വെള്ളിയാഴ്ച തിരികെ എത്തിച്ചത്. ഇക്കാര്യം ഇമ്രാൻ ഖാൻ്റെ പാർട്ടിയായ തെഹ്രീക്ക് ഇ ഇൻസാഫ് പാർട്ടി (പിടിഐ) സ്ഥിരീകരിച്ചു. ജയിലിൽ തുടരുന്നതിന് മറ്റ് പ്രശ്നങ്ങളില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് ഇമ്രാൻ ഖാനെ ആശുപത്രിയിൽനിന്ന് കൊണ്ടുപോയതെന്നാണ് പാകിസ്ഥാൻ മാധ്യങ്ങളുടെ റിപ്പോർട്ട്.
